Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 2122 ക്യാമറകളിലായി തത്സമയ നിരീക്ഷണം

20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആര്‍ ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷണത്തിനായി സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു

.സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്‌ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആര്‍ ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളില്‍ 391 ക്യാമറകറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാലയളവില്‍ എല്ലാ വരണാധികാരികളുടെയും ഓഫീസുകളുമായി ബന്ധപ്പെടുത്തി 187 ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പോസ്റ്റല്‍ വോട്ടിങ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളില്‍ തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിങ് ദിവസം ബൂത്തുകളിലും ക്യാമറകള്‍ സ്ഥാപിച്ച് തത്സമയ നിരീക്ഷണം നടത്തും. സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സമാന രീതിയില്‍ നിരീക്ഷണ സംവിധാനം ഒരുക്കും. തിരഞ്ഞെടുപ്പ് സുതാര്യവും സുരക്ഷിതവുമായി നടത്തുന്നതിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest