ഫീച്ചർ
ആത്മഹത്യയും ആകുലതകളും
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ ആത്മഹത്യകളിൽ 37.42% വർധനവാണ് ഉണ്ടായത്
ഉയർന്ന സാക്ഷരതയും ആധുനിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തിൽ ആത്മഹത്യാ നിരക്ക് ആശങ്കാജനകമായി ഉയർന്നുനിൽക്കുകയാണ്. അതേ സമയം ഇതിന്റെ കാരണങ്ങൾ കണ്ടെത്താനും പരിഹാരം ആസൂത്രണം ചെയ്യാനുമുള്ള നടപടികൾ ഇനിയും വേണ്ടത്ര ഫലവത്തായി നടപ്പിലായിട്ടില്ല.നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) കണക്കുകൾ പ്രകാരം വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമാണ് ആത്മഹത്യാ നിരക്കിൽ മുന്നിലുള്ളത്. ഇന്ത്യയുടെ ദേശീയ ആത്മഹത്യാ നിരക്ക് ശരാശരി 12.3 ആയിരിക്കുമ്പോൾ കേരളത്തിലെ നിരക്ക് ഇതിന്റെ ഇരട്ടിയിലധികമാണ്.
കേരളത്തിലെ കണക്കുകൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ ആത്മഹത്യകളിൽ 37.42% വർധനവാണ് ഉണ്ടായത്. 2015ൽ 7,692 ആയിരുന്നത് 2025ൽ 10,571 ആയും, 2023ൽ 10,972 ആയും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ തിരുവനന്തപുരം (1516), കൊല്ലം (1234) ജില്ലകളാണ് മുന്നിൽ നിൽക്കുന്നത്. ഏറ്റവും കുറവ് മലപ്പുറത്താണ് (555). പ്രായവും ലിംഗഭേദവും പരിഗണിക്കുമ്പോൾ ആത്മഹത്യ ചെയ്യുന്നവരിൽ 75 ശതമാനത്തിലധികവും പുരുഷന്മാരാണ്. 2023ൽ 8,811 പുരുഷന്മാർ മരണത്തിന്റെ വഴി സ്വീകരിച്ചപ്പോൾ 2,160 സ്ത്രീകളാണ് സ്വയം ജീവനൊടുക്കിയത്.
ആകെ മരണപ്പെടുന്നവരിൽ 56 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരാണ്. അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതരിലാണ് ആത്മഹത്യ കൂടുതലായി കണ്ടുവരുന്നത്. ആത്മഹത്യ ചെയ്തവരിൽ വിവാഹിതർ 76.6 ശതമാനമാണ്. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ക്രമാതീതമായി ഉയർന്നതും വ്യക്തികളുടെ മാനസിക പ്രതിരോധശേഷി കുറഞ്ഞതുമാണ് ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടിനിടെ കുടുംബകോടതികളിലെ കേസുകൾ ഇരട്ടിയായത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
2015ൽ കുടുംബകോടതികളിലെ കേസുകൾ 52,446 ആയിരുന്നത് 2025ആയപ്പോഴേക്കും 1,11,667 ആയി ഉയർന്നു.
പ്രധാന കാരണങ്ങൾ
കേരളത്തിലെ ആത്മഹത്യകൾ കേവലം വ്യക്തിപരമായ പരാജയങ്ങളല്ല, മറിച്ച് ഗുരുതരമായ സാമൂഹിക രോഗലക്ഷണങ്ങളാണ് എന്ന് കരുതേണ്ടിവരും. സാമ്പത്തിക ബാധ്യതകളും മാറുന്ന ജീവിതശൈലിയും ആത്മഹത്യക്ക് പിറകിലുള്ള പ്രധാന കാരണങ്ങളാണ്. വരുമാനത്തേക്കാൾ ചെലവുള്ള ആഡംബര ജീവിതം, വലിയ തുകയുടെ ലോണുകൾ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക തകർച്ചയും അന്തസ്സ് നഷ്ടപ്പെടുമെന്ന ഭയവുമെല്ലാം കുടുംബത്തോടെയുള്ള കൂട്ട ആത്മഹത്യകൾ വർധിക്കാൻ കാരണമാകുന്നുണ്ട്.
2023ൽ മാത്രം 81 കുടുംബങ്ങളാണ് ഇത്തരത്തിൽ കേരളത്തിൽ ജീവനൊടുക്കിയത്. കുടുംബപരമായ കാരണങ്ങളും ഏകാന്തതയും മറ്റൊരു പ്രശ്നമാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് ന്യൂക്ലിയർ കുടുംബങ്ങളിലേക്കുള്ള മാറ്റം വ്യക്തികളെ ഏകാന്തതയിലേക്ക് നയിക്കുകയും തുറന്നു സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. പങ്കാളികൾ തമ്മിലുള്ള പൊരുത്തക്കേടുകളും ഇതിന് ആക്കം കൂട്ടുന്നു.
ഇതിനെല്ലാം പുറമെ ശാരീരിക ആരോഗ്യ പ്രശ്നങ്ങളും വിഷാദരോഗവും വ്യക്തികളെ ജീവിതമവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കടുത്ത ശാരീരിക – മാനസിക രോഗങ്ങൾ മൂലം 21.9% പേരാണ് ജീവനൊടുക്കുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരു പ്രധാന കാരണം തന്നെയാണ്. മദ്യത്തിനും മാരക രാസലഹരികൾക്കും അടിമപ്പെടുന്നവരിലെ വൈകാരിക നിയന്ത്രണ നഷ്ടവും കടുത്ത വിഷാദവും ആത്മഹത്യയിലേക്ക് നയിക്കുന്നു. സ്വയം ജീവനൊടുക്കുന്നതിൽ 9.7% പേർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചിലരിൽ തൊഴിലില്ലായ്മ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ മറ്റുചിലരിൽ തൊഴിലിടത്തിലെ കടുത്ത സമ്മർദമാണ് വില്ലനാകുന്നത്. ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കാത്തതും, വിദ്യാഭ്യാസ വായ്പകളും, വിദേശത്തെ ഒറ്റപ്പെടലുമെല്ലാം യുവാക്കളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നുണ്ട്. ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, വ്യാജ വായ്പ ആപ്പുകൾ വഴിയുള്ള പണം നഷ്ടപ്പെടൽ, ബ്ലാക്ക് മെയിലിംഗ്, സൈബർ അധിക്ഷേപങ്ങൾ എന്നിവ പുതിയ കാലത്ത് പെട്ടെന്നുള്ള ആത്മഹത്യകൾക്ക് കാരണമാകുന്നു.
പ്രതിരോധ മാർഗങ്ങൾ
ഈ സാമൂഹിക വിപത്തിനെ തടയാൻ ബഹുമുഖവും കൂട്ടായതുമായ ഇടപെടലുകൾ ആവശ്യമാണ്. മാനസിക ബുദ്ധിമുട്ടുകൾ സാധാരണമാണെന്നും അതിന് ചികിത്സ തേടുന്നത് നാണക്കേടല്ലെന്നുമുള്ള ബോധ്യം സമൂഹത്തിലുണ്ടാകണം. അന്ധവിശ്വാസങ്ങൾ മാറി മനോരോഗ വിദഗ്ദ്ധരെയോ കൗൺസിലർമാരെയോ സമീപിക്കാൻ ആളുകൾ തയ്യാറാവുകയും വേണം. ഇതിനായി സ്കൂൾ- കോളജ് തല ഇടപെടലുകൾ ആവശ്യമാണ്. ഇതുവഴി കുട്ടികളിൽ പരാജയങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള “ലൈഫ് സ്കില്ലുകൾ’ (Life Skills) വളർത്തിയെടുക്കണം. സാമൂഹിക പിന്തുണയും ഹെൽപ്പ് ലൈനുകളും മെച്ചപ്പെടുത്തുകയാണ് മറ്റൊരു മാർഗം.
Content Highlights:
NCRB data reveals a concerning rise in Kerala suicide rates, exceeding double the national average. Major factors include financial debt, nuclear family isolation, addiction, and mental stress. Experts emphasize the urgent need for counseling, life skills education, and strong social support systems.



