Connect with us

From the print

കേരള മുസ്‌ലിം ജമാഅത്ത് എയർപോർട്ട് മാർച്ച് നാളെ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സര്‍ക്കാര്‍ ഹാജിമാരുടെ യാത്രാക്കൂലി വര്‍ധനയില്‍ പ്രതിഷേധിച്ചും അന്യായവും അമിതവുമായ വിമാന ചാര്‍ജ് കുറയ്ക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സര്‍ക്കാര്‍ ഹാജിമാരുടെ യാത്രാക്കൂലി വര്‍ധനയില്‍ പ്രതിഷേധിച്ചും അന്യായവും അമിതവുമായ വിമാന ചാര്‍ജ് കുറയ്ക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിലേക്ക് നാളെ ബഹുജന മാര്‍ച്ച്. രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ച് വന്‍ വിജയമാക്കുന്നതിന് പ്രാദേശിക തലങ്ങളില്‍ തയ്യാറെടുപ്പുകള്‍ സജീവം. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിനെ സംസ്ഥാന സാരഥികള്‍ അഭിസംബോധന ചെയ്യും.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി നിരന്തരം വര്‍ധിപ്പിക്കുന്നതിനെതിരെ മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യാതൊരു നീതീകരണവുമില്ലാതെ ഹജ്ജ് യാത്രാക്കൂലി കുത്തനെ കൂട്ടിയിരിക്കുന്നത്. കൊച്ചി, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളതിന്റെ ഇരട്ടിയാണ് കോഴിക്കോട് നിന്നും വിമാന നിരക്ക് നിര്‍ണയിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ആശ്രയിക്കുന്നതും സംസ്ഥാനത്തെ ആദ്യത്തെ എംബാര്‍ക്കേഷന്‍ കേന്ദ്രവുമാണ് കോഴിക്കോട്.

കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങളിലും മറ്റിടങ്ങളില്‍ നിന്ന് വലിയ വിമാനങ്ങളിലുമാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നത് എന്ന വാദം നിരത്തിയാണ് കോഴിക്കോട്ടെ നിരക്ക് വര്‍ധനയെ അധികൃതര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വലിയ വിമാനത്തില്‍ പുറപ്പെട്ടവരുടേതിനെക്കാള്‍ കുറഞ്ഞ തുകയാണ് കോഴിക്കോട് നിന്നുള്ള തീര്‍ഥാടകര്‍ നല്‍കിയത് എന്ന യാഥാര്‍ഥ്യം കൂലിക്കൊള്ളയെ ന്യായീകരിക്കുന്നവര്‍ വിസ്മരിക്കുകയാണ്. വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ കോഴിക്കോട് നിന്നും വിദേശ വിമാന കമ്പനികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യയാണ് സര്‍വീസ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ എയര്‍ ഇന്ത്യ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുകള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കുംവിധമുള്ള സമരജ്വാല തീര്‍ക്കാനാണ് മുസ്‌ലിം ജമാഅത്ത് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് വന്‍ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിന്‍ നടന്നു വരുന്നു.

 

Latest