Connect with us

editorial

കെജ്രിവാളിന്റെ അറസ്റ്റും രാഷ്ട്രീയ അടിയൊഴുക്കും

കെജ്രിവാളിന്റെ അറസ്റ്റ് ബി ജെ പിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരുവിഭാഗം. അറസ്റ്റ് കെജ്രിവാളിന് രക്തസാക്ഷി പരിവേഷം നല്‍കാനും അണികള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും നിഷ്പക്ഷമതികള്‍ ആം ആദ്മിയെ തുണക്കാനുമുള്ള സാധ്യത അവര്‍ കാണുന്നു.

Published

|

Last Updated

അധികാരത്തിലിരിക്കെ ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്ന രാഷ്ട്രീയ ക്രിമിനല്‍ ചരിത്രത്തിലെ ആദ്യ സംഭവമാണ് അരവിന്ദ് കെജ്രിവാളിന്റേത്. ഹേമന്ത് സോറന്‍ (ജെ ജെ എം), ലാലുപ്രസാദ് യാദവ് (ആര്‍ ജെ ഡി), ജയലളിത (എ ഐ എ ഡി എം കെ), ചന്ദ്രബാബു നായിഡു (ടി ഡി പി), ഓംപ്രകാശ് ചൗത്താല (ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവ്) എന്നിവര്‍ അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിച്ച മുഖ്യമന്ത്രിമാരാണ്. ഇവരൊന്നും പക്ഷേ മുഖ്യമന്ത്രി പദത്തിലിരിക്കെയല്ല അറസ്റ്റിലായത്. അഴിമതി തുടച്ചുനീക്കാന്‍ ചൂലെടുത്താണ് അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നതും ദേശീയ രാഷ്ട്രീയത്തില്‍ വരെ എണ്ണപ്പെട്ട നേതാവായി ഉയര്‍ന്നതുമെന്നിരിക്കെ മദ്യ അഴിമതിക്കേസില്‍ അദ്ദേഹം അറസ്റ്റിലായിയെന്നത് വിരോധാഭാസമാണ്.

ഡല്‍ഹി മദ്യനയക്കേസിലാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ്നായര്‍, തെലങ്കാന ബി ആര്‍ എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത എന്നിവര്‍ക്ക് പിന്നാലെ കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഒമ്പത് തവണ സമന്‍സയച്ചിട്ടും ഹാജരാകാതിരിക്കുകയും അറസ്റ്റ് ഉള്‍പ്പെടെ ഇ ഡി നടപടികളില്‍ നിന്നുള്ള സംരക്ഷണത്തിനായി സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി നിരാകരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. മദ്യനയത്തിലൂടെ നൂറ് കോടി രൂപ ആം ആദ്മിയുടെ അക്കൗണ്ടിലേക്ക് വന്നതിനു പുറമെ പാര്‍ട്ടി നേതാക്കള്‍ക്ക് പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിച്ചു തുടങ്ങിയ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത്. മദ്യലോബിയില്‍ നിന്ന് ലഭിച്ച പണമാണ് ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഉപയോഗപ്പെടുത്തിയതെന്ന് ഇ ഡി ആരോപിക്കുന്നു. കേസന്വേഷണം ശക്തമായതോടെ പുതിയ മദ്യനയം പിന്‍വലിച്ചും ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റിനിര്‍ത്തിയും പ്രതിരോധം തീര്‍ക്കാന്‍ കെജ്രിവാള്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കരങ്ങളിലും വിലങ്ങ് വീഴുകയായിരുന്നു.

എന്നാല്‍ ഇ ഡിയും ബി ജെ പി നേതൃത്വവും ആരോപിക്കുന്നതു പോലെ മദ്യനയത്തിലെ അഴിമതി മാത്രമാണോ കെജ്രിവാളിന്റെ അറസ്റ്റിനു പിന്നില്‍? നേരത്തേ അണ്ണാ ഹസാരെയോടൊപ്പം അഴിമതിക്കെതിരെ പ്രക്ഷോഭം നയിച്ചിട്ടുണ്ടെങ്കിലും അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിന്റെ കരങ്ങള്‍ കളങ്കരഹിതമാണെന്ന് പറയാനാകില്ല. പുതിയ മദ്യനയം കൊണ്ടുവന്നതില്‍ ചില പിന്നാമ്പുറങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതിയാണ്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കെജ്രിവാളിനെ അഴിക്കുള്ളിലാക്കിയതില്‍ കേന്ദ്രസര്‍ക്കാറിനും ബി ജെ പിക്കും ചില രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബി ജെ പിയുടെ കണ്ണിലെ കരടാണ് കെജ്രിവാള്‍. അദ്ദേഹത്തിന്റെ വിമര്‍ശങ്ങള്‍ പലപ്പോഴും മോദിയെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍വകലാശാലക്കെതിരെ കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങളും നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും ചേര്‍ത്ത് ഉന്നയിച്ച ആരോപണവും മറ്റും മോദിക്ക് കനത്ത തലവേദന സൃഷ്ടിച്ചിരുന്നു. മോദിയാണ് അദാനി ഗ്രൂപ്പില്‍ പണം മുടക്കിയതെന്നും അദാനി കമ്പനിയുടെ കേവലം മാനേജര്‍ മാത്രമാണെന്നുമായിരുന്നു കെജ്രിവാളിന്റെ വിമര്‍ശം. ഡല്‍ഹിയില്‍ ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായി രൂപം കൊണ്ട ആം ആദ്മിയുടെ ദേശീയ പാര്‍ട്ടിയായുള്ള ഉയര്‍ച്ചയും ബി ജെ പിയെ അങ്കലാപ്പിലാക്കുന്നുണ്ട്.

തുടക്കത്തില്‍ കോണ്‍ഗ്രസ്സിനെ ലക്ഷ്യമാക്കിയായിരുന്നു കെജ്രിവാളിന്റെ പടപ്പുറപ്പാട്. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ്സിനെ പുറംന്തള്ളി ആം ആദ്മി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അന്ന് ആം ആദ്മിക്കെതിരെ ബി ജെ പിയും കേന്ദ്രവും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. പിന്നീട് ഹിന്ദുത്വ വോട്ടുകളെ ആം ആദ്മിയിലേക്ക് ആകര്‍ഷിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളിലേക്ക് കെജ്രിവാള്‍ നീങ്ങിയതോടെയാണ് ബി ജെ പി അദ്ദേഹത്തെ മുഖ്യശത്രുവായി കണ്ട് കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ ഒതുക്കാനുള്ള ശ്രമം തുടങ്ങിയത്.

കെജ്രിവാള്‍ കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയ ശത്രുത അവസാനിപ്പിച്ച് ‘ഇന്ത്യ’ സഖ്യത്തില്‍ ചേരുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ സന്നദ്ധനാകുകയും ചെയ്തതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നിലപാടിലേക്കും നീങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രതിപക്ഷത്ത് സീറ്റ് വിഭജന ചര്‍ച്ച സജീവമായ ഘട്ടത്തിലായിരുന്നു കെജ്രിവാളിന് സി ബി ഐയുടെ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചതെന്നതും യാദൃച്ഛികമാകാനിടയില്ല. തിരഞ്ഞെടുപ്പുകളില്‍ കെജ്രിവാളായിരുന്നു ആം ആദ്മിയുടെ പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. കെജ്രിവാള്‍ അഴിക്കുള്ളിലായാല്‍ പാര്‍ട്ടി പ്രചാരണത്തിന്റെ തീവ്രതയും കരുത്തും ഇല്ലാതാകുമെന്നും ബി ജെ പി കണക്കുകൂട്ടുന്നുണ്ടാകണം. ഇതുപക്ഷേ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്‌ലാദിമിര്‍ പുടിന്‍ പയറ്റിയതു പോലുള്ള തീര്‍ത്തും വിലകുറഞ്ഞ രാഷ്ട്രീയ നീക്കമായിപ്പോയി. ശക്തരായ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടക്കുകയും മത്സരിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തായിരുന്നു പുടിന്‍ മത്സരരംഗത്തിറങ്ങിയത്.
അതേസമയം, കെജ്രിവാളിന്റെ അറസ്റ്റ് ബി ജെ പിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരുവിഭാഗം. അറസ്റ്റ് കെജ്രിവാളിന് രക്തസാക്ഷി പരിവേഷം നല്‍കാനും അണികള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും നിഷ്പക്ഷമതികള്‍ ആം ആദ്മിയെ തുണക്കാനുമുള്ള സാധ്യത അവര്‍ കാണുന്നു.

 

 

 

 

---- facebook comment plugin here -----

Latest