Kerala
കറ്റാനം സെന്റ് സ്റ്റീഫന്‍സ് എല്‍പിസ്‌കൂളിലെ പ്രതിസന്ധി; ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു
ആലപ്പുഴ| സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിലെ പ്രതിസന്ധിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. അധ്യയനം മുടങ്ങിയിട്ട് 21 ദിവസമായ സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പ്രശ്നം അടിയന്തരമായി പരിഹരിച്ച് സ്കൂൾ തുറക്കണമെന്നും മുടങ്ങിയ ക്ലാസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.
41 വിദ്യാർഥികളുടെ പഠനം മുടങ്ങിയിട്ടും ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. 110 വർഷമായി പ്രവർത്തിക്കുന്ന സ്കൂളിന്റെ രണ്ട് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നഷ്ടമായതോടെയാണ് ക്ലാസുകൾ നിർത്തിവെച്ചത്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് പുനഃസ്ഥാപിക്കാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. പകരം കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർക്കാനാണ് രക്ഷിതാക്കൾക്ക് നിർദേശം നൽകിയതെന്നും പരാതിയുണ്ട്.
ഇതോടെ പ്രതിസന്ധിയിലായ രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിന് മുന്നിൽ സമരം ആരംഭിച്ചിരുന്നു. എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി മാനേജ്മെന്റിന് കീഴിലുള്ള അൺഎയ്ഡഡ് സ്കൂളിന്റെ പ്രവർത്തനം വിപുലീകരിക്കാനാണ് ശ്രമമെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
Content Highlights:
The Child Rights Commission registered a case over the closure of Kattanam St. Stephens LP School for 21 days. M Liju urged the education department to resolve the issue promptly. Forty-one students are affected as the management failed to repair unfit buildings or offer alternatives.


