Connect with us

wild elephant

വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; മയക്കുവെടി വെച്ച് പിടികൂടുമെന്ന് വനംവകുപ്പ്

കുങ്കിയാനകളായ വിക്രമും സൂര്യയും സ്ഥലത്തെത്തി

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്.

നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി. ആര്‍ ആര്‍ ടി സംഘവും വെറ്ററനറി ടീമും തയ്യാറായിക്കഴിഞ്ഞു. വനംവകുപ്പിന്റെ നിര്‍ണായക ദൗത്യങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച കുങ്കിയാനകളായ വിക്രമും സൂര്യയും സ്ഥലത്തെത്തി.

20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസന്‍ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല.

മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്. ഇതില്‍ മോഴയാനയെയും മാനന്തവാടിയിലിറങ്ങിയ കൊമ്പനെയുമാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയിരുന്നത്.

മാനന്തവാടിയില്‍ ഇറങ്ങിയ ആനയെ പിടികൂടാന്‍ എല്ലാ സഹായവും കര്‍ണാടക നല്‍കുന്നുണ്ടെന്ന് കര്‍ണാടക പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പറഞ്ഞു.ഇന്നലെ താന്‍ കേരളത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി സംസാരിച്ചിരുന്നുവെന്നും ആനയുടെ ട്രാക്കിങ് ഡാറ്റ അടക്കം എല്ലാ വിവരങ്ങളും കൈമാറയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വനമേഖലയില്‍ നിന്നു പത്തുകിലോമീറ്ററോളം ദൂരത്താണ് ആന ഉള്ളത് എന്നതിനാല്‍ വനത്തിലേക്കു തിരിച്ചയക്കുക പ്രയാസമാണ്. ആനയെ മയക്കുവെടി വച്ചു പിടികൂടുന്ന കാര്യവും അതീവ സങ്കീര്‍ണമാണ്. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നു വനം മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.

സ്‌കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. സ്‌കൂളില്‍ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടില്‍ നിന്നു ഇറങ്ങാത്തവര്‍ പുറപ്പെടരുതെന്നും നിര്‍ദേശമുണ്ട്. മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്.  മാനന്തവാടി നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് പായോട്.  വാഴത്തോട്ടത്തില്‍ ഇറങ്ങിയെങ്കിലും ഒന്നും നശിപ്പിച്ചില്ല.

Latest