Kerala
നാടിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി വോട്ടവകാശം വിനിയോഗിക്കുക: കാന്തപുരം
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 218-ാം ബൂത്തായ കാന്തപുരം ഗവ. എൽപി സ്കൂളിൽ കാന്തപുരം വോട്ട് രേഖപ്പെടുത്തി
കോഴിക്കോട് | ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ നാടിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി വോട്ടവകാശം വിനിയോഗിക്കാൻ എല്ലാ ജനങ്ങളും മുന്നോട്ടുവരണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 218-ാം ബൂത്തായ കാന്തപുരം ഗവ. എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൗരന്റെയും നിലപാടിനും ശബ്ദത്തിനും ഏറെ മൂല്യമുള്ളതാണ് ജനാധിപത്യം. സമ്മതിദാനാവകാശം പാഴാകാതെ കൃത്യമായി ഉപയോഗപ്പെടുത്താൻ എല്ലാവരും ഉത്സാഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാവിലെ തന്നെ പോളിംഗ് സ്റ്റേഷനിലെത്തിയ അദ്ദേഹം വോട്ട് രേഖപ്പെടുത്തി മടങ്ങി.



