Kerala
കയ്പ്പമംഗലം വാഹനാപകടം; ദേശീയപാതകളില്‍ അടിയന്തര പരിശോധനക്ക് ഉത്തരവിട്ട് ജില്ലാ കലക്ടര്‍
പരിശോധന പൂര്‍ത്തിയാക്കി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
തൃശൂര്‍ | എട്ട് വിദ്യാര്‍ഥികള്‍ മരിച്ച കയ്പ്പമംഗലം വാഹനാപകടത്തിന് പിന്നാലെ ജില്ലയിലെ ദേശീയപാതകളില്‍ അടിയന്തരമായി പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍, പോലിസ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ദേശീയപാതകളില്‍ പരിശോധന നടത്തുക.പരിശോധന പൂര്‍ത്തിയാക്കി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാത്തുകളുടെ നിലവാരം, റോഡിലെ കുഴികള്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, സര്‍വീസ് റോഡുകളിലെ വെളിച്ച സംവിധാനം എന്നിവ സംഘം പരിശോധിക്കും. കൂടാതെ പ്രതിഫലിക്കുന്ന സൂചനാ ബോര്‍ഡുകളുടെ സാന്നിധ്യം, നിര്‍മാണ സാമഗ്രികള്‍ അലക്ഷ്യമായി കൂട്ടിയിട്ടിട്ടുണ്ടോ, അനധികൃത പാര്‍ക്കിംഗ്, ബാരിക്കേഡിംഗ് എന്നിവയും സംഘം വിലയിരുത്തും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിനുള്ള സംവിധാനങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, നിര്‍മാണങ്ങളുടെ സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി എന്നിവയും പരിശോധിക്കും. ആവശ്യത്തിന് ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനം ലഭ്യമാണോയെന്നും പരിശോധിക്കും. ഇതിനുപുറമെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും നടത്തും.
റോഡ് സുരക്ഷാ പരിശോധനകള്‍ നടത്താന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയതായി എല്‍എസ്ജിഡി അറിയിച്ചു. അനധികൃത പാര്‍ക്കിംഗിനെതിരെ പോലിസ്, ആര്‍ടിഒ വിഭാഗങ്ങള്‍ സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Thrissur District Collector Shikha Surendran ordered an urgent inspection of national highways following the Kaipamangalam accident that killed eight students. A joint team including NHAI, MVD, and police will audit road hazards, lighting, and safety. A report is due on Wednesday.


