Connect with us

Kerala

യു ഡി എഫില്‍ അസോസിയേറ്റ് കക്ഷി ആക്കണമെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

നിലമ്പൂരില്‍ യു ഡി എഫിനെ പിന്തുണക്കാമെന്ന വാഗ്ദാനം

Published

|

Last Updated

കോഴിക്കോട് | യു ഡി എഫ് അടുത്തയിടെ ആരംഭിച്ച അസോസിയേറ്റ് അംഗത്വം എന്ന പദവി ഉപയോഗപ്പെടുത്താന്‍ ജമാഅത്തെ ഇസ്്‌ലാമി നീക്കം ശക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു ഡി എഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കണമെന്ന ആവശ്യവുമായി യു ഡി എഫ് നേതൃത്വവുമായി ചര്‍ച്ച നടക്കുന്നുവെന്നാണ് വിവരം.

കെ കെ രമയുടെ ആര്‍ എം പിക്ക് യു ഡി എഫില്‍ അസോസിയേറ്റ് അംഗത്വമുണ്ടെന്ന് അടുത്തയിടെയാണ ്‌യു ഡി എഫ് പരസ്യമായി പറയാന്‍ തയ്യാറായത്. പി വി അന്‍വറിന് സമാനമായി പദവി നല്‍കാമെന്ന ചര്‍ച്ചക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇങ്ങനെ ഒരു പദവി യു ഡി എഫിനുണ്ടെങ്കില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. 2019 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തങ്ങള്‍ യു ഡി എഫിനെ പിന്തുണക്കുന്നുണ്ടെന്നാണ് തങ്ങളുടെ ആവശ്യത്തിന് ബലമേകാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ന്യായം. ജമാഅത്തെ ഇസ്്‌ലാമിയുമായി ഒരു ബന്ധവും പാടില്ലെന്ന പഴയ ശക്തമായ നിലപാട് മുസ്്‌ലിം ലീഗ് കൈയ്യൊഴിഞ്ഞ പശ്ചാത്തലവും വെല്‍ഫെയര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ലീഗിന്റെ ശക്തി സ്രോതസ്സായിരുന്ന ഇ കെ സുന്നിവിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മുന്‍ കാലങ്ങളില്‍ ജമാഅത്തെ ഇസ്്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ മുസ്്‌ലിം ലീഗ് തയ്യാറാവാതിരുന്നത്.

എന്നാല്‍ ഇ കെ സുന്നീ വിഭാഗത്തിന്റെ താക്കീതിനെ ലീഗ് മുമ്പത്തേതു പോലെ ഇപ്പോള്‍ മുഖവിലക്കെടുക്കുന്നില്ല. എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി പരസ്യമായും രഹസ്യമായും തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച നടത്താന്‍ മുസ്്‌ലീം ലീഗ് തയ്യാറാവുന്നത് പതിവായി.
എന്നാല്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു ശേഷം ഈ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചു എന്നു പരസ്യമായി പറയാന്‍ കോണ്‍ഗ്രസ്സോ ലീഗോ തയ്യാറാവുന്നുമില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയത്തിന് പങ്കുവഹിച്ച് എസ് ഡി പി ഐ ആഹ്ലാദ പ്രകടനം നടത്തിയപ്പോള്‍ യു ഡി എഫ് തള്ളിപ്പറഞ്ഞതില്‍ മനം നൊന്താണ് എസ് ഡി പി ഐ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരിലും യു ഡി എഫിനെ പിന്തുണക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ്. ഈ പിന്തുണക്കാണ് ഇപ്പോള്‍ അസോസിയേറ്റ് അംഗത്വമെന്ന ഉപാധി അവര്‍ വയ്ക്കുന്നത്. അന്‍വറും എസ് ഡി പി ഐയും പ്രത്യേകം മത്സരിക്കുന്നതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടിനു വിലയുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

നിലമ്പൂരില്‍ യു ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടി തിങ്കളാഴ്ച പ്രഖ്യാപിക്കും. യു ഡി എഫുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചില കാര്യങ്ങളില്‍ അന്തിമ തീരുമാനം ആകാനുണ്ടെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ തീരുമാനം ആകാനുണ്ടെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസിനെ പോലെ മതരാഷ്ട്ര വാദികാളാണെന്ന പ്രചാരണം ഇടതുപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് യു ഡി എഫിനു പിന്തുണ നല്‍കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തയ്യാറാവുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയെ അസോസിയേറ്റ് അംഗമാക്കിയാല്‍ എസ് ഡി പി ഐയും ഈ ആവശ്യം ഉന്നയിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കളെ കുഴക്കുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഈ രണ്ടു പാര്‍ട്ടികളുടേയും വോട്ടു വേണമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഓരോ വാര്‍ഡിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ പോലും നിര്‍ണായക മാകുന്ന സാഹചര്യം മുന്‍ നിര്‍ത്തി വെല്‍ഫെയര്‍പാര്‍ട്ടി തങ്ങളുടെ ആവശ്യം കടുപ്പിക്കുകയാണെന്നാണ് വിവരം. എന്നാല്‍ വര്‍ഗീയ കക്ഷികളുമായി യു ഡി എഫ് സഖ്യം ചേര്‍ന്നുവെന്ന എല്‍ ഡി എഫ് പ്രചാരണം തിരിച്ചടിയാകുമോ എന്ന ഭയവും യു ഡിഎഫ് ക്യാമ്പില്‍ ശക്തമാണ്.

 

---- facebook comment plugin here -----

Latest