Connect with us

International

കുവൈത്തിൽ ഇന്ത്യൻ നഴ്‌സുമാരെ മോചിപ്പിച്ചു

23 ദിവസമായി കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിലായിരുന്നു നഴ്സുമാർ.

Published

|

Last Updated

കുവൈത്ത്‌  സിറ്റി | കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ പിടിയിലായ 34 ഇന്ത്യൻ നഴ്‌സുമാരെ അധികൃതർ മോചിപ്പിച്ചു. 19 മലയാളികളും പിടിയിലായ നഴ്സുമാരിലുണ്ടായിരുന്നു. 23 ദിവസമായി കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിലായിരുന്നു നഴ്സുമാർ. നേരത്തേ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉൾപ്പെടെ ഇടപെട്ടിരുന്നു. എന്നിട്ടും ഇവരുടെ മോചനം നീണ്ടിരുന്നു.

തടവിൽ കഴിയുന്ന നഴ്‌സുമാരിൽ അഞ്ച് പേർ മുലയൂട്ടുന്ന അമ്മമാരാണ്. ഇവരിൽ അടൂർ സ്വദേശിനിയായ യുവതിയുടെ ഒന്നര മാസം പ്രായമായ നവജാത ശിശു ഇവരുടെ ഭർത്താവിന്റെ പരിചരണത്തിലാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന്  കുവൈത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എങ്കിലും അമ്മമാരുടെ യഥാർഥ പരിചരണം ലഭിക്കാത്തതിനാൽ പല കുഞ്ഞുങ്ങൾക്കും ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 12നാണ് കുവൈത്ത് സിറ്റിയിൽ മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ്  മറ്റുള്ളവർ. ഇവരിൽ പലരും മൂന്ന് മുതൽ 10 വർഷം വരെയായി ഈ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. ഇറാനി പൗരന്റെ  ഉടമസ്ഥതയിൽ വർഷങ്ങളായി നല്ല രീതിയിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചത് എന്ന് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ അറിയിച്ചു. പിടിയിലായ മലയാളി നഴ്‌സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത്  ഇവർ എല്ലാവരും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ ഉള്ളവരുമാണ്.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest