From the print
പരമ്പര തേടി ഇന്ത്യ; മൂന്നാം ടി20 ഇന്ന് വൈകിട്ട് ഏഴിന്
ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരക്ക് തുടക്കമിട്ട ഇന്ത്യ, ആവേശം നിറഞ്ഞ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.
രാജ്‌കോട്ട് | ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. പരമ്പരയില്‍ 2-0ത്തിന് മുന്നിലുള്ള ഇന്ത്യക്ക് ജയിച്ചാല്‍ അഞ്ച് മത്സര പരമ്പര സ്വന്തമാക്കാം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.
ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരക്ക് തുടക്കമിട്ട ഇന്ത്യ, ആവേശം നിറഞ്ഞ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. തിലക് വര്‍മയുടെ അവസരോചിത (55 പന്തില്‍ 72 നോട്ടൗട്ട്) ഇന്നിംഗ്സാണ് ചെന്നൈയില്‍ ടീമിന് ജയം സമ്മാനിച്ചത്. രണ്ട് കളി ജയിച്ചെങ്കിലും ബാറ്റിംഗ് നിര ശരാശരി പ്രകടനമാണ് പുറത്തെടുക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നുണ്ട്. 26, അഞ്ച് എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം. ആദ്യ മത്സരത്തില്‍ ഡക്കായ സൂര്യ രണ്ടാം മത്സരത്തില്‍ 12 റണ്‍സിനു പുറത്തായിരുന്നു. ആദ്യ രണ്ട് കളികളിലും പുറത്തിരുന്ന പേസര്‍ മുഹമ്മദ് ഷമി ഇന്ന് ഇറങ്ങാന്‍ സാധ്യതയുണ്ട്.
2023ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയ 228 റണ്‍സാണ് ഇവിടത്തെ ഉയര്‍ന്ന സ്‌കോര്‍. ഈ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 51 പന്തില്‍ പുറത്താകാതെ നേടിയ 112 റണ്‍സ് വേദിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. ഇന്ന് ജയിച്ച് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താനാണ് ജോസ് ബട്്ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ലക്ഷ്യമിടുക.


