Connect with us

National

നാല് ഘട്ട സുരക്ഷാ നടപടിക്രമങ്ങൾ മറികടന്ന് അക്രമികൾ പാർലിമെന്റിൽ എത്തിയത് എങ്ങനെ?

ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗവും സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) സംഘവുമാണ് പാർലമെന്റിൽ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റിൽ ഇന്ന് വൻ സുരക്ഷാവീഴ്ചയുണ്ടായത് പുതിയ പാർലമെന്റിന്റെ സുരക്ഷാ നടപടികളെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. പഴയ പാർലിമെന്റ് മന്ദിരത്തിൽ ഉള്ളതിനേക്കാൾ സുരക്ഷ പുതിയ മന്ദിരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കളർ സ്പ്രേയുമായി രണ്ടുപേർ എങ്ങിനെ മന്ദിരത്തിൽ പ്രവേശിച്ചു എന്നതാണ് സംശയങ്ങൾ ഉയർത്തുന്നത്.

2001ലെ പാർലിമെന്റ് ആക്രമണത്തിന് ശേഷം പഴയ പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ നടപടിക്രമങ്ങൾ പുനഃപരിശോധിച്ചിരുന്നു. അതുവരെയുണ്ടായിരു ത്രിതല സുരക്ഷാ നടപടിക്രമങ്ങൾ അന്ന് നാല് ഘട്ടങ്ങളാക്കി ഉയർത്തി. ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗവും സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) സംഘവുമാണ് പാർലമെന്റിൽ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

സന്ദർശകരെ പരിശോധിക്കുന്നതും അവരുടെ സാധനങ്ങൾ പരിശോധിക്കുന്നതും സുരക്ഷാ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു. ഫോണുകൾ പാർലിമെന്റിനുള്ളിൽ അനുവദനീയമല്ല. ആധാർ കാർഡ് കാണിച്ചശേഷം മാത്രമേ സന്ദർശക പാസ് അനുവദിക്കുകയുള്ളൂ. പാസ് ലഭിക്കാൻ ഒരു എം പിയുടെ ശുപാർശയും ആവശ്യമാണ്.

ഈ നടപടിക്രമങ്ങളെല്ലാം പാലിച്ചുതന്നെയാകണം പ്രതികളും പാർലിമെന്റ് മന്ദിരത്തിൽ എത്തിയിട്ടുണ്ടാകുക. ദേഹപരിശോധന നടത്തുന്നതിൽ വന്ന വീഴ്ചമൂലമാകും ഷൂവിനുള്ളിൽ ഒളിപ്പിച്ച കളർ സ്പ്രേ ബോട്ടിൽ കാണാതെ പോയത് എന്നാണ് നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാർഥ്യം കണ്ടെത്താനാകുകയുള്ളൂ.

Latest