Connect with us

india alliance

'ഇന്ത്യാ' സഖ്യത്തിനു പ്രതീക്ഷ; എ എ പി-കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ഡല്‍ഹിയില്‍  എ എ പി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും സഖ്യമായി മത്സരിക്കാനാണ് തീരുമാനമായത്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന പ്രതിപക്ഷ ‘ഇന്ത്യാ’ സഖ്യ ചര്‍ച്ച ലക്ഷ്യങ്ങളിലേക്കു നീങ്ങുന്നു. ആദ്യഘട്ടത്തില്‍ സഖ്യത്തിനു തിരിച്ചടിയായ ചില സംഭവങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ്.

ആംഅദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ബി ജെ പിക്കെതിരെ പരമാവധി സീറ്റുകള്‍ സമാഹരിക്കുകയെന്ന തന്ത്രം വിജയത്തിലേക്കു നീങ്ങുകയാണ്. ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹി, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യ സീറ്റ് ധാരണയായി.

ഡല്‍ഹിയില്‍  എ എ പി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും സഖ്യമായി മത്സരിക്കാനാണ് തീരുമാനമായത്. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ഡല്‍ഹിയിലും ന്യൂഡല്‍ഹിയിലും എ എ പി സ്ഥാനാര്‍ഥികളെ നിര്‍ത്തും. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 2019ല്‍ ഏഴ് സീറ്റുകളിലും ബി ജെ പിയാണ് ജയിച്ചത്. ഗുജറാത്തില്‍ എ എ പി രണ്ട് സീറ്റുകളിലാണ് മത്സരിക്കുക. ചണ്ഡീഗഢിലെയും ഗോവയിലെയും സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ഹരിയാനയിലെ പത്ത് സീറ്റുകളില്‍ ഒന്‍പതിടത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും ഒരു സീറ്റ് ആം ആദ്മിക്ക് നല്‍കാനും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിച്ചു. ചണ്ഡീഗഡിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഗോവയിലെ ഓരോ സീറ്റ് വീതം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാനും തീരുമാനമായി.
മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംസ്ഥാനത്ത് 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ 39 എണ്ണത്തില്‍ ധാരണയായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സഖ്യകക്ഷികളായ ശിവസേന (യുബിടി)യും ശരദ് പവാറിന്റെ എന്‍ സി പിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണിത്.

ഒമ്പത് സീറ്റുകളിലേക്കുള്ള ചര്‍ച്ച തുടരുകയാണ്. വ്യാഴാഴ്ച മുംബൈയില്‍ നിശ്ചയിച്ചിരുന്ന യോഗം മുതിര്‍ന്ന നേതാക്കളുടെ തിരക്കുകള്‍ കാരണം 27ലേക്ക് മാറ്റി. യോഗത്തിന് പിന്നാലെ സീറ്റ് വിഭജനത്തില്‍ വ്യക്തത വരുമെന്നാണ് വിവരം .

 

Latest