Connect with us

From the print

തിരുനബി സമൂഹത്തെയാകമാനം നവീകരിച്ചു: കാന്തപുരം

ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സിന് സമാപനം.

Published

|

Last Updated

കൊച്ചി | ഒരു സമൂഹത്തെയാകമാനം നവീകരിക്കാനും പുരോഗതിയിലേക്ക് വഴിനടത്താനുമുള്ള ആഹ്വാനവും പരിശ്രമങ്ങളുമായിരുന്നു തിരുനബിയുടെ ജീവിത ദര്‍ശനമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 18ാമത് ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറിവ് നേടാനും വിജ്ഞാനം കൊണ്ട് മാനവരാശിയെ അഭിവൃദ്ധിപ്പെടുത്താനുമുള്ള പ്രവാചകരുടെ അധ്യാപനങ്ങളുടെ ഫലമായാണ് മധ്യകാലഘട്ടത്തില്‍ മുസ്ലിം ലോകം വിവിധ ശാസ്ത്ര ശാഖകളില്‍ പുരോഗതി കൈവരിച്ചത്. വൈദ്യ ശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും ധാരാളം ഗവേഷണങ്ങള്‍ നടത്തുകയും ആധുനിക ലോകത്തിന് പോലും ദിശ കാണിച്ച ഒട്ടേറെ നിരീക്ഷണങ്ങള്‍ നടക്കുകയും ചെയ്തത് അതിനാലാണ്. ശാസ്ത്ര പഠനത്തിന് ഇസ്ലാം വലിയ പ്രാധാന്യമാണ് നല്‍കിയത്. വിവിധ പരമ്പരാഗത ദര്‍സുകളിലുള്‍പ്പെടെ ശാസ്ത്ര പഠനം കൃത്യമായി നടന്നുവരുന്നുണ്ട്. ശാസ്ത്ര സാങ്കേതിക മികവില്‍ ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ച ചാന്ദ്രയാന്‍ 3യുടെ നേട്ടം കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികളെയും ശാസ്ത്രജ്ഞരെയും പ്രചോദിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കല്‍ത്തറ പി അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ശര്‍റഫുല്‍ അനാം മൗലിദ് നടന്നു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (ഖുറാ) സമാപന പ്രാര്‍ഥന നിര്‍വഹിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എ എം ആരിഫ് എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍, ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം, മന്‍സൂര്‍ ഹാജി ചെന്നൈ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി സംബന്ധിച്ചു.

 

Latest