Connect with us

Kerala

മധ്യ കേരളത്തില്‍ മഴ അതിതീവ്രം; പെരിയാറില്‍ ജലനിരപ്പുയരുന്നു

ഭൂതത്താന്‍കെട്ട് ഡാമിലെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

Published

|

Last Updated

കൊച്ചി | മധ്യ കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നതിനിടെ ഭൂതത്താന്‍കെട്ട് ഡാമിലെ 15 ഷട്ടറുകളും ഉയര്‍ത്തി. ഇതോടെ പെരിയാര്‍ തീരത്ത് ജലനിരപ്പ് ഉയരുകയാണ്. തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിതീവ്രമഴ ഇന്നും നാളെയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഇന്ന് ഉയര്‍ത്തിയത്. 13 ഷട്ടറുകള്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. മഴയും ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള വെള്ളത്തിന്റെ വരവും കൂടിയായതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പെരിയാറിന് സമീപത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഏത് സമയത്തും അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നാണ് നിര്‍ദേശം.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പലേടത്തും വെള്ളം കയറി. മരങ്ങള്‍ കടപുഴകി വന്‍ നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്യുന്നത്. മിക്കയിടത്തും ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ബന്ധവും താറുമാറായി. താഴ്ന്ന പ്രദേശങ്ങളും തീരപ്രദേശങ്ങളും വെള്ളത്തിലാണ്.

എറണാകുളം പിറവത്തും പനങ്ങാടും ശക്തമായ കാറ്റിടിച്ച് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും അശ്രാന്തപരിശ്രമത്തിലൂടെ തടസ്സങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest