Connect with us

From the print

ഹജ്ജ് ക്വാട്ട വർധിക്കും; മുസ്‌ലിം ജനസംഖ്യ അറിയിക്കണമെന്ന് കേന്ദ്ര നിർദേശം

ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യാ വിവരം അറിയിക്കണം. വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് ഇത്തരത്തില്‍ കണക്ക് ആവശ്യപ്പെടുന്നത്.

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹാജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിന് മുന്നോടിയായി ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യാ വിവരം അറിയിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് ഇത്തരത്തില്‍ കണക്ക് ആവശ്യപ്പെടുന്നത്.

2011 സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 12 വര്‍ഷമായി ഹജ്ജ് കമ്മിറ്റികള്‍ക്ക് ക്വാട്ട അനുവദിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ 2011 ന് ശേഷം ഓരോ സംസ്ഥാനത്തും മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കില്‍ ഇക്കാര്യം അറിയിക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ജനസംഖ്യ സംബന്ധിച്ച് ആധികാരിക വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അറിയിക്കാനാണ് നിര്‍ദേശം.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപാര്‍ട്ട്മെന്റ്, ന്യൂനപക്ഷ ഡയറക്ടറേറ്റ്, പ്ലാനിംഗ് കമ്മീഷന്‍ എന്നിവയില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് മറുപടി നല്‍കും.

2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മൊത്തം ജനസംഖ്യയുടെ 26.56 ശതമാനം മുസ്ലിംകളാണ്. എന്നാല്‍ ഇതിന് ശേഷം 28 ശതമാനം മുതല്‍ 30 ശതമാനം വരെയായി മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഈ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ ഇത് പ്രകാരമുള്ള കണക്കുകളായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറുക. അങ്ങനെയെങ്കില്‍ സംസ്ഥാന ഹജ്ജ് സീറ്റുകളില്‍ വര്‍ധനവുണ്ടാകാനിടയുണ്ട്.

ഹജ്ജ് നറുക്കെടുപ്പ് ഈയാഴ്ച
കോഴിക്കോട് ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹാജിമാരെ നിശ്ചയിക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് ഈയാഴ്ച. നറുക്കെടുപ്പ് ജനുവരി മൂന്നാമത് ആഴ്ചയുണ്ടാകുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ 1,500ല്‍ താഴെ പേര്‍ക്ക് കൂടി ഇനിയും കവര്‍ നമ്പറുകള്‍ നല്‍കാനുണ്ട്. ഇത് നാളെയോടെ പൂര്‍ത്തിയാകും. കേരളത്തിന് പുറമെ മേഘാലയ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലും കവര്‍ നമ്പറുകള്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. ഇത് പൂര്‍ത്തിയായ ശേഷം മാത്രമേ നറുക്കെടുപ്പ് ഉണ്ടാകുകയുള്ളൂ. അങ്ങനെയെങ്കില്‍ 19മുതല്‍ 21വരെയുള്ള ഏതെങ്കിലും ദിവസത്തിലായിരിക്കും നറുക്കെടുപ്പിന് സാധ്യത.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest