National
ഭക്ഷ്യവിഷബാധയെന്ന് സംശയം; യു പിയിലെ ഗ്രേറ്റര് നോയിഡയില് ഒരു കുടുംബത്തിലെ അഞ്ചുപേര് മരിച്ച നിലയില്
കഴിഞ്ഞ രാത്രി കുടുംബം നൂഡില്സ് കഴിച്ചിരുന്നതായി അയല്വാസികളും മരിച്ച മഹേഷിന്റെ മാതാവും പറഞ്ഞു.
ഗ്രേറ്റര് നോയിഡ | ഉത്തര് പ്രദേശില് ഗ്രേറ്റര് നോയിഡയിലെ റാബുപുര മേഖലയില്, മൂന്ന് കുട്ടികളടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), ഇവരുടെ മക്കളായ ലഡ്ഡു (11), സാക്ഷാത് (3), മിഷ്തി (7) എന്നിവരാണ് മരിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷ്യവിഷബാധ മൂലമാകാം മരണങ്ങള് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. ഫോറന്സിക് സംഘവും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
കഴിഞ്ഞ രാത്രി കുടുംബം നൂഡില്സ് കഴിച്ചിരുന്നതായി അയല്വാസികളും മഹേഷിന്റെ മാതാവും പറഞ്ഞു. പോസ്റ്റ്മോര്ട്ടം റിപോര്ട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം തുടര്നടപടികള് സ്വീകരിക്കും. വിവരം ലഭിച്ചയുടന് പ്രാദേശിക പോലീസും മുതിര്ന്ന ഉദ്യോഗസ്ഥരും ആംബുലന്സും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി, മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി അയച്ചു.
‘കുടുംബം കഴിച്ച ഭക്ഷണത്തില് എന്തെങ്കിലും വിഷാംശം ഉണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ മരണം സംഭവിച്ചത് എന്നത് പ്രത്യേകം പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്ട്ടം റിപോര്ട്ട് ലഭിച്ചാല് മാത്രമേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാന് കഴിയൂ’- ജേവാര് എം എല് എ. ധീരേന്ദ്ര സിംഗ് പറഞ്ഞു.
Content Highlights:
Five members of a family were found dead inside their home in Greater Noida, Uttar Pradesh. Police and health authorities strongly suspect food poisoning caused this tragedy. A detailed forensic investigation is currently underway to determine the exact cause.




