Connect with us

Business

നിർമാണ - റിയൽ എസ്റ്റേറ്റ് - ടൂറിസം മേഖലകളെ സംരക്ഷിക്കാൻ സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണം: ഫെസ്കോ ഗ്രൂപ്പ്

പ്രകൃതി ദുരന്തങ്ങളുടെയും പ്രതികൂല പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട്–വയനാട് ഉൾപ്പെടുന്ന മലബാർ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുന്നതായും നിവേദനങ്ങളിൽ ചൂണ്ടിക്കാട്ടി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കും നിർണായകമായ റിയൽ എസ്റ്റേറ്റ് (Real Estatate), ടൂറിസം (tourism) മേഖലകൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും ഇവയെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ഫെസ്കോ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുതല മന്ത്രിമാർക്കും നിവേദനങ്ങൾ സമർപ്പിച്ചതായി ഫെസ്കോ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.

നിർമാണ മേഖലയിലെ തൊഴിലാളിക്ഷാമം, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം, വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭിക്കുന്നതിലെ കാലതാമസം, ഉയർന്ന ഫീസുകളും ചാർജുകളും തുടങ്ങിയ പ്രശ്നങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ഫെസ്കോ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഏകജാലക അനുമതി സംവിധാനം ശക്തിപ്പെടുത്തുക, ഫീസുകൾ പുനഃപരിശോധിക്കുക, തൊഴിലാളി ലഭ്യത ഉറപ്പാക്കുക, പലിശയിളവോടുകൂടിയ വായ്പകളും ലോൺ മൊറട്ടോറിയവും പ്രഖ്യാപിക്കുക തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, പ്രകൃതി ദുരന്തങ്ങളുടെയും പ്രതികൂല പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട്–വയനാട് ഉൾപ്പെടുന്ന മലബാർ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുന്നതായും നിവേദനങ്ങളിൽ ചൂണ്ടിക്കാട്ടി. മലബാർ ടൂറിസം സർക്യൂട്ടിന് ദേശീയ തലത്തിൽ ബ്രാൻഡിംഗ് നൽകുക, സമീപ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി പ്രത്യേക മാർക്കറ്റിംഗ് ക്യാംപയിനുകൾ സംഘടിപ്പിക്കുക, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഹബ്ബായി മലബാറിനെ വികസിപ്പിക്കുക, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും ഗ്രൂപ്പ് ആവശ്യപ്പെട്ടു.

വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും, ബന്ധപ്പെട്ട മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യവസായ-വ്യാപാര മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല യോഗം വിളിച്ചുചേർത്ത് ആവശ്യമായ തീരുമാനങ്ങളിലെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഫെസ്കോ ഗ്രൂപ്പ് അറിയിച്ചു.

മുഖ്യമന്ത്രിക്ക് പുറമെ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് , മത്സ്യബന്ധന-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, പി എം എ സമീർ എം എൽ എ, സി കെ കാസിം എം എൽ എ എന്നിവരുമായും ഈ വിഷയത്തിൽ ചർച്ചനടത്തിയതായി ഫെസ്കോ ഗ്രൂപ്പ് ചെയർമാൻ ഡോ. അറയ്ക്കൽ മുഹമ്മദ് ബാവ, മാനേജിംഗ് ഡയറക്ടർ എം കെ ഷൗക്കത്ത് അലി, ഡയറക്ടർമാരായ മുഹമ്മദ് റിയാസ്, മുഹമ്മദ് സർഫാസ്, സഫ്‍വാൻ എൻ ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: Fesco Group has demanded immediate intervention from the government to protect the construction, real estate, and tourism sectors. The group highlighted the urgent need for policy support to revive these key industries. Timely state action is essential to ensure long-term economic stability.

Latest