Connect with us

Kerala

ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യൽ: ഐ എം എ

ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം എംഎൽഎക്കും കൂടി ആയിരിക്കുമെന്നും ഐ എം എ നേതൃത്വം

Published

|

Last Updated

തിരുവനന്തപുരം | ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും “പഞ്ചാബ്” മോഡൽ പ്രസംഗം നടത്തിയ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

വരുന്ന 17 ന് (വെള്ളി) ആശുപത്രി ആക്രമണങ്ങൾ മുൻനിർത്തി സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെഡിക്കൽ സമരവുമായി മുന്നോട്ട് പോകുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സാംസ്കാരിക കേരളത്തിൽ ഉരുത്തിരിഞ്ഞു വരുന്നത്. ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം എംഎൽഎക്കും കൂടി ആയിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

അഴിമതി , ചികിത്സയിലെ പരാതികൾ എന്നിവ ഉന്നയിക്കുവാനും പരിഹരിക്കുവാനുമുള്ള ശ്രമങ്ങൾ എംഎൽഎയുടെ ഉത്തരവാദിത്വമാണെങ്കിലും കലാപം നടത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുവാനുള്ള ആഹ്വാനം സ്വീകാര്യമല്ലെന്നും നേതാക്കൾ പറഞ്ഞു.

യുദ്ധ കാലങ്ങളിൽ പോലും ആശുപത്രികൾ ആക്രമണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ഐ എം എ തീരുമാനിച്ചു. ചികിത്സയിലെ സങ്കീർണതകൾ മനസ്സിലാക്കാതെ വിവാദ പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും. സ്പീക്കർക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നൽകുവാനും ഐ എം എ. തീരുമാനിച്ചതായും ഇരുവരും അറിയിച്ചു.