Connect with us

feature

ജമാലിലെ അരയന്നങ്ങൾ

വിവിധ നിറത്തിലുള്ള തുണിത്തരങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തി, തൂവെള്ള വസ്ത്രധാരികളായ മലയാളി കുട്ടികളെ ഏവരും ശ്രദ്ധിക്കുന്നത് കൗതുകകരമാണ്.വെള്ള മുണ്ടും ഷർട്ടും അല്ലെങ്കിൽ കന്തൂറയും തലയിൽ കെട്ടുമായി വരുന്ന വിദ്യാർഥികൾ അധ്യാപകർക്കും കോളജിനും എന്നും പ്രിയപ്പെട്ടവരാണ്.

Published

|

Last Updated

രാവിലെ എട്ടരക്ക് ആദ്യ ബെല്ലടിക്കുമ്പോഴേക്കും ആയിരക്കണക്കിന് വിദ്യാർഥികൾ ജമാൽ മുഹമ്മദ് കോളജിലെത്തുന്നു. വിവിധ നിറത്തിലുള്ള തുണിത്തരങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തി, തൂവെള്ള വസ്ത്രധാരികളായ മലയാളി കുട്ടികളെ ഏവരും ശ്രദ്ധിക്കുന്നത് കൗതുകകരമാണ്. വെള്ള മുണ്ടും ഷർട്ടും, അല്ലെങ്കിൽ കന്തൂറയും തലയിൽ കെട്ടുമായി വരുന്നഗരീബ് നവാസ് അക്കാദമി ഫോർ ലീഡിഷിപ് ആൻഡ് ഇസ്്ലാമിക് സ്റ്റഡീസിലെ വിദ്യാർഥികൾ അധ്യാപകർക്കും കോളജിനും എന്നും പ്രിയപ്പെട്ടവരാണ്.

കാവേരി നദീ തീരമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പളിയിലെ ജമാൽ മുഹമ്മദ് കോളജ് എക്കാലത്തും പ്രശസ്തമാണ്. നാദിർഷ ദർഗയും ശ്രീരംഗം ക്ഷേത്രവും ലൂർദ് പള്ളിയുമെല്ലാം നിലനിൽക്കുന്ന ദ്രാവിഡ നാടിന്റെ മധ്യത്തിൽ തന്നെയാണ് ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ ഈ കോളജ് സ്ഥിതി ചെയ്യുന്നത്. ഇക്കാലത്തിനിടയി ൽ വഖ്ഫ് ബോർഡ് ചെയർമാൻ അബ്ദുർറഹ്മാനും മന്ത്രി കെ എൻ നെഹ്റുവും തമിഴ് അറബി ഭാഷകളിൽ പ്രഗത്ഭരായ എഴുത്തുകാരും പ്രഭാഷകരുമെല്ലാം പഠിച്ചിറങ്ങിയ കലാലയം കൂടിയാണിത്.

2021 ലാണ് കാന്തപുരം ഷഫീഖ് ബുഖാരി ഉസ്താദിന്റെ അനുഗ്രഹാശംസകളോടെ ആബിദ് ബുഖാരി പുല്ലാളൂരും, സമൂഹത്തിലെ ഒരു കൂട്ടം ദീനീ സ്‌നേഹികളും ചേർന്ന് ഹാപ്പി ഹെൽപ്പിന്റെ കീഴിൽ ജമാൽ കോളജിനടുത്ത് ഗരീബ് നവാസ് അക്കാദമി ആരംഭിക്കുന്നത്. അഞ്ച് വർഷത്തെ മത പഠനത്തോടൊപ്പം ജമാൽ കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാനുള്ള സൗകര്യവുമുണ്ട്. ആദ്യത്തിൽ പത്ത് കുട്ടികളുമായി ആരംഭിച്ച അക്കാദമിയിൽ, മൂന്ന് വർഷത്തിന് ശേഷം നാൽപ്പതോളം കുട്ടികൾ പഠിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നു.

കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിൽ നിന്നും വിദ്യാർഥികളുണ്ടെങ്കിലും തമിഴ്നാട്ടിലെ കുട്ടികൾക്കായി പ്രത്യേക ബാച്ചും തമിഴ് അധ്യാപകരടങ്ങുന്ന പഠന സൗകര്യങ്ങളും ഒരുക്കുന്നത് ഈ അക്കാദമിയെ വ്യത്യസ്തമാക്കുന്നു.

രാവിലെ തഹജ്ജുദ് നിസ്‌കാരത്തോടെയാണ് ഒരു ദിവസം ഇവിടെ തുടങ്ങുന്നത്. ശേഷം, കിതാബുകൾ പഠിക്കുകയും എട്ടരക്ക് കോളജ് പഠനം ആരംഭിക്കുകയും ചെയ്യുന്നു. ഉച്ചക്ക് കോളജ് അവസാനിക്കുന്നതോടെ വീണ്ടും മത പഠനത്തിനുള്ള സമയമാണ്.

തൊട്ടടുത്തുള്ള ജമാലിന്റെ ജുമുഅത്ത് പള്ളിയിൽ നിന്നും മഗ്്രിബ് നിസ്‌കാര ശേഷം വീണ്ടും വിദ്യാർഥികൾ കിതാബിലേക്ക് തിരിയുന്നു. രാത്രി നിസ്‌കാരത്തിന് ശേഷം കോളജിലെ വിഷയങ്ങൾ പഠിക്കാനുള്ള സമയമാണ്. റമസാൻ മാസത്തിൽ അക്കാദമിക്കുള്ളിൽ തന്നെ തറാവീഹ് നിസ്‌കാരം നടത്തുകയും, ഓരോ ദിവസവും ഓരോ വിദ്യാർഥികൾ ഇമാമത്ത് നിൽക്കുന്നത് അവരിലെ കഴിവുകൾ വർധിക്കാനിടയാക്കുന്നു. മലയാളികളായ വിദ്യാർഥികൾക്ക് അറബിയിൽ കിത്താബോതുന്നതിന് പുറമെ, തമിഴ്, ആംഗലേയ ഭാഷകളും കൃത്യമായി കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുന്നത് ഏറെ ഗുണകരമാണ്.

അതിലുപരി, ആനുകാലികങ്ങളിലും മറ്റും എഴുതുന്നതിലും എസ് എസ് എഫ് സാഹിത്യോത്സവം, വിവിധ സെമിനാറുകൾ അടക്കമുള്ള പരിപാടികളിൽ വിജയികളാകുന്നതും ഇവിടുത്തെ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ഒഴിവ് ദിനങ്ങൾ മുതിർന്ന വിദ്യാർഥികൾ വിവിധ ഗ്രൂപ്പുകളായി തിരുച്ചിയിലെ ഗ്രാമങ്ങളിൽ സന്ദർശനം നടത്തുകയും, ആളുകളുമായും മറ്റു മത പണ്ഡിതന്മാർ അടക്കമുള്ള വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരുമായും ആശയ വിനിമയം നടത്തുന്നു. തങ്ങൾ വരുന്നത് ഒട്ടും മുൻകൂട്ടി അറിയിക്കാതെ വിവിധ പള്ളികളിലും സാധാരണക്കാരുടെ വീടുകളിലും സന്ദർശനം നടത്തുമ്പോൾ അവരിലെ സന്തോഷവും തങ്ങളോട് കാണിക്കുന്ന സ്‌നേഹ വാത്സല്യങ്ങളും എടുത്ത് പറയേണ്ടതാണെന്നാണ് വിദ്യാർഥികളുടെ ഭാഷ്യം.

കണ്ടുമുട്ടുന്ന ആളുകളുടെ അവസ്ഥകളും ആ പ്രദേശത്തിന്റെ വിവിധ വിഷയങ്ങളിലെ പിന്നാക്കാവസ്ഥകളെ കുറിച്ചും മനസ്സിലാക്കി അവ അക്കാദമിയിൽ റിപ്പോർട്ട് നൽകുന്നു. ശേഷം, അവിടെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൂടിയാലോചിച്ച്, നടപ്പിൽ വരുത്താനും ശ്രമിക്കുന്നു. ഗരീബ് നവാസ് അക്കാദമിയിലെ കുട്ടികൾ ഒരുമിച്ച് വന്ന് കോളജിനടുത്ത് താമസിക്കുന്നു. ഒരിക്കൽ അവരുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അവരുടെ വസ്ത്രധാരണവും ജീവിത ശൈലികളും ലാളിത്യമുൾക്കൊള്ളുന്നതാണ്. അവർ വളരെ മനോഹരമായ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത് എന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ഇസ്മാഈൽ മൊഹിദീനിന്റെ വാക്കുകളിൽ നിന്നും പാരമ്പര്യ ദർസ് പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം നേടുന്ന ഈ കുട്ടികളെ കുറിച്ച് ഏറെ മനസ്സിലാവുന്നതാണ്. വ്യത്യസ്ത ഭാഷകളിലും വസ്ത്രധാരണത്തിലും കോളജിലെത്തുന്ന വിദ്യാർഥികളിൽ ഇവർ എന്നും ജമാലിന്റെ അരയന്നങ്ങൾ തന്നെയാണ്.

---- facebook comment plugin here -----

Latest