Connect with us

Kerala

അഞ്ച് വര്‍ഷം: ലീഗല്‍ മെട്രോളജി വകുപ്പ് പിഴയീടാക്കിയത് 289.67 കോടി രൂപ

ഇലക്ട്രിസിറ്റി മീറ്ററുകള്‍ ഇപ്പോഴും പരിധിക്ക് പുറത്ത്

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പ്കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരള സര്‍ക്കാറിന് പിഴയിനത്തില്‍ പിരിച്ചുനല്‍കിയത് 289,67,35,480 രൂപ. 2019-20 സാമ്പത്തിക വര്‍ഷം 44,64,24,186 രൂപയും 2020-21ല്‍ 46,74,53,501 രൂപയും 2021-22ല്‍ 44,10,57,128 രൂപയും 2022-23ല്‍ 49,37,27,888 രൂപയും 2023-24ല്‍ 54,07,72,679 രൂപയും 2024-25ല്‍ 50,73,00,098 രൂപയും പിഴയായി ഈടാക്കി സംസ്ഥാന ഖജനാവിന് മുതല്‍കൂട്ടാക്കി.

2024ല്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിക്കുന്ന പദ്ധതിയായ ജാഗ്രതയില്‍ ഉള്‍പ്പെടുത്തി 20,636 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 2,026 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പിഴയായി 59.99 ലക്ഷം രൂപ ഈടാക്കി. പെട്രോള്‍ പമ്പുകള്‍ പരിശോധിക്കുന്ന ക്ഷമത പദ്ധതിയുടെ ഭാഗമായി 1,000 പമ്പുകള്‍ പരിശോധിച്ച് വിവിധ കുറ്റകൃത്യങ്ങളില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 73,500 രൂപ പിഴയായി ഈടാക്കി.

സംസ്ഥാനത്ത് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് സീല്‍ ചെയ്ത ശേഷം ഓട്ടോ റിക്ഷ മീറ്റര്‍, ത്രാസുകള്‍ എന്നിവയില്‍ കൃത്രിമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എങ്കിലും സീലില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കുന്നതിനായി യൂനിക് നമ്പരുള്ള സ്പെഷ്യല്‍ സീല്‍ സംവിധാനം സംസ്ഥാത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് താലൂക്കുകളില്‍ നടപ്പാക്കാനൊരുങ്ങുകയാണ് ലീഗല്‍ മെട്രോളജി വകുപ്പ്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ലാബിലുള്ള വാട്ടര്‍മീറ്റര്‍ ലാബില്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ 2011ലെ ലീഗല്‍ മെട്രോളജി ജനറല്‍ റൂള്‍സിന്റെ പരിധിയില്‍ ഇലക്ട്രിസിറ്റി മീറ്ററുകളുടെ വെരിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ഉള്‍പ്പെടുത്തിയിട്ടില്ലെന്നതിനാല്‍ വൈദ്യുതി വിതരണ മേഖലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടപടികള്‍ എടുക്കാറില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്നതിനും അളവ്, തൂക്കത്തിലെ കൃത്രിമം തടയുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് ഫലപ്രദമായി ഇടപെടുന്നതായാണ് മന്ത്രി ജി ആര്‍ അനില്‍ അവകാശപ്പെടുന്നത്.

 

---- facebook comment plugin here -----

Latest