Kerala
ഒടുവില്‍ "ശല്യക്കാരന്‍" പരുന്ത് കൂട്ടിലായി
തിരിച്ചുവന്ന് വീണ്ടും ആക്രമണം തുടര്‍ന്നതിനാല്‍ പരുന്തിനെ നിരീക്ഷിച്ച ശേഷമേ ഇനി തുറന്നുവിടൂ
കാസര്‍കോട് | നീലേശ്വരം ഭാഗത്ത് നാട്ടുകാരെ ഉപദ്രവിച്ചിരുന്ന പരുന്തിനെ പിടികൂടി കൂട്ടിലടച്ചു. ഒന്നരമാസത്തോളമായി പ്രദേശത്ത് പറന്നുനടന്ന പരുന്തിനെയാണ് നീലേശ്വരം എസ് എസ് കലാമന്ദിരത്തിന് സമീപത്തെ അലക്സാണ്ടര്‍ എന്നയാളുടെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്.
എസ് എസ് കലാമന്ദിര്‍ റോഡ് വഴി പോകുന്നവരെയൊക്കെ ആക്രമിക്കലായിരുന്നു പരുന്തിന്റെ പ്രധാന ജോലി. കൊത്തുകിട്ടാത്തയാളുകള്‍ ചുരുക്കം. പരുന്തിനെ പേടിച്ച് കുട ചൂടിയായിരുന്നു നാട്ടുകാരുടെ നടത്തം.
ജനുവരി 26ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരുന്തിനെ പിടികൂടി കര്‍ണാടകയിലെ കോട്ടഞ്ചേരി വനമേഖലയില്‍ പറത്തി വിട്ടെങ്കിലും തിരിച്ചെത്തി വീണ്ടും ആക്രമണം തുടര്‍ന്നു.
ഒരു തവണ തിരിച്ചുവന്നതിനാല്‍ പരുന്തിനെ നിരീക്ഷിച്ച ശേഷമേ തുറന്നുവിടുന്ന കാര്യത്തില്‍ വനം വകുപ്പ് തീരുമാനമെടുക്കൂ. നിരീക്ഷണ ശേഷം തിരിച്ചുവരാത്ത രീതിയില്‍ അകലെ കൊണ്ടുപോയി വിടാനാണ് തീരുമാനം.



