Connect with us

editorial

നീതിയുടെ പരാജയങ്ങള്‍

ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കുകയും ജയിലില്‍ തളച്ചിടുകയും ചെയ്യുന്ന അനേക സംഭവങ്ങളില്‍ ഒന്ന് മാത്രമാണ് സായിബാബയുടേത്. ഈ ഗണത്തില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു 2021 ജൂലൈ അഞ്ചിന് ജിയിലില്‍ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിക്കെതിരെ നടന്ന ഭരണകൂട വേട്ട.

Published

|

Last Updated

പ്രൊഫ. ജി എന്‍ സായിബാബ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാറിന് തുടര്‍ച്ചയായി തിരിച്ചടി. മാവോ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സായിബാബയെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. മാത്രമല്ല, രണ്ട് തവണ കോടതി കുറ്റവിമുക്തനാണെന്നു കണ്ടെത്തിയ ഒരു വ്യക്തിയെ പിന്നെയും ജയിലിലടക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം അസാധാരണമാണെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ്മേത്ത എന്നിവരടങ്ങിയ കോടതി ബഞ്ച് കുറ്റപ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് അഞ്ചിനാണ് ബോംബെ ഹൈക്കോടതി സായിബാബയെ വെറുതെ വിട്ടത്. നേരത്തേ 2022ല്‍ ബോംബെ ഹൈക്കോടതി തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി അദ്ദേഹത്തിന്റെ ജയില്‍മോചനം വൈകിപ്പിക്കുകയായിരുന്നു. അപ്പീല്‍ ഹരജിയില്‍ മറ്റൊരു ബഞ്ചില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചാണ് പിന്നീട് വാദം കേട്ട് വീണ്ടും കുറ്റവിമുക്തനാക്കിയത്.

വികലാംഗനും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയും വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം പുറത്തിറങ്ങുകയും ചെയ്യുന്ന, ഡല്‍ഹി സര്‍വകലാശാലയുടെ രാംലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അസി. പ്രൊഫസറായ സായിബാബ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. ആദിവാസി മേഖലകളിലെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കുകയും ഗോത്രവര്‍ഗക്കാരോടുള്ള ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനത്തെ വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ മാവോ ബന്ധം ആരോപിക്കപ്പെട്ടത്. 2013 സെപ്തംബറില്‍ സായിബാബയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ മഹാരാഷ്ട്ര പോലീസ് 2014 മെയില്‍ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ഗഡ്ചിരോളിയിലെ ജില്ലാ സെഷന്‍സ് കോടതി 2017 മാര്‍ച്ച് ഏഴിന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ‘നീതിയുടെ പരാജയ’മെന്നാണ് സെഷന്‍സ് കോടതിയുടെ ഈ വിധിപ്രഖ്യാപനത്തെ ബോംബെ ഹൈക്കോടതി വിശേഷിപ്പിച്ചത്.

സായിബാബയുടെ വീട്ടില്‍ നിന്ന് നക്സല്‍ ലഘുലേഖകളും കമ്പ്യൂട്ടറില്‍ നിന്ന് മാവോയിസ്റ്റ് നേതാക്കളുമായുള്ള ചില അഭിമുഖങ്ങളും കണ്ടെത്തിയതാണ് അദ്ദേഹത്തിനെതിരായ കീഴ്ക്കോടതി ശിക്ഷക്ക് നിദാനം. നക്സല്‍ സാഹിത്യങ്ങള്‍ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്നും അതിന്റെ പേരില്‍ ഒരാളെ തീവ്രവാദിയായി കാണാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കുകയും ജയിലില്‍ തളച്ചിടുകയും ചെയ്യുന്ന അനേക സംഭവങ്ങളില്‍ ഒന്ന് മാത്രമാണ് സായിബാബയുടേത്. ഈ ഗണത്തില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു 2021 ജൂലൈ അഞ്ചിന് ജിയിലില്‍ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിക്കെതിരെ നടന്ന ഭരണകൂട വേട്ട. 2020 ഒക്ടോബര്‍ എട്ടിനാണ് ഭീമ കൊറേഗാവ് കേസില്‍ മാവോ ബന്ധം ആരോപിച്ച് തമിഴ്നാട്ടുകാരനും പാര്‍ക്കിന്‍സണ്‍സ് രോഗിയുമായ സ്റ്റാന്‍ സ്വാമിയെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്യുന്നത്. ഝാര്‍ഖണ്ഡിലെ അവികസിത മേഖലകളില്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചതാണ് സ്വാമി മാവോവാദിയായി മുദ്ര ചാര്‍ത്തപ്പെടാനിടയാക്കിയത്. സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ നിന്ന് മാവോ ബന്ധത്തിന് തെളിവ് കണ്ടെടുത്തുവെന്നാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ രേഖകള്‍ ലാപ്ടോപ്പില്‍ ഉദ്യോഗസ്ഥര്‍ തിരുകിക്കയറ്റിയതാണെന്ന് പിന്നീട് റിപോര്‍ട്ട് വന്നിരുന്നു.

പ്രഗത്ഭ പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ, തെലുഗു കവി വരവറാവു, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ ഫെറീറ, ഡല്‍ഹി യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഹാനിബാബു തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും അക്കാദമീഷ്യന്മാരും ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ജനുവരി ഒന്നിന് ദളിത് സംഘടനകള്‍ സംഘടിപ്പിച്ച കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഘര്‍ഷമാണ് കേസിന് ആധാരം. വാര്‍ഷിക പരിപാടി അലങ്കോലപ്പെടുത്താനായി സവര്‍ണ ജാതിക്കാരാണ് അക്രമത്തിന് തുടക്കമിട്ടത്. കേസില്‍ ഒരൊറ്റ സവര്‍ണനും അറസ്റ്റ് ചെയ്യപ്പെട്ടില്ല.

അലന്‍, ത്വാഹ കേസിലും ഇതാണല്ലോ സംഭവിച്ചത്. മാവോ ലഘുലേഖകള്‍ കൈവശം കണ്ടെടുത്തതിനെ ചൊല്ലിയാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളും വിദ്യാര്‍ഥികളുമായ അലന്‍ ശുഐബിനെയും ത്വാഹ ഫസലിനെയും പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനകം കേസ് എന്‍ ഐ എ ഏറ്റെടുക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ ഭീകര വിരുദ്ധ നിയമം പ്രയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന് സി പി എം നേതാക്കളില്‍ നിന്നുള്‍പ്പെടെ വ്യാപകമായ ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ ന്യായീകരിക്കുകയും അലനും ത്വാഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് നിയമസഭയിലും വാര്‍ത്താ സമ്മേളനത്തിലും തറപ്പിച്ചു പറയുകയുമാണുണ്ടായത്. അതേസമയം മാവോ പ്രവര്‍ത്തകരെന്ന് സ്ഥാപിക്കാവുന്ന ഒരു തെളിവും കോടതിയില്‍ നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല.

മാവോ ലഘുലേഖകളോ നോട്ടീസുകളോ കണ്ടെടുത്തതിന്റെ പേരില്‍ ആരെയും അതിന്റെ പ്രവര്‍ത്തകരാണെന്ന് വിധിയെഴുതാനോ യു എ പി എ ചുമത്താനോ പറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. ചില പോലീസുകാരുടെ കുത്സിതമായ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ അറസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നതു വരെ പ്രതിയെ നിരപരാധിയായി കരുതണമെന്നാണ് നീതിന്യായ വ്യവസ്ഥയിലെ പൊതു തത്ത്വം. മിക്കപ്പോഴും അന്വേഷണ വിഭാഗമോ ഭരണകൂടമോ ഈ തത്ത്വം പാലിക്കുന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണിത്.

 

 

 

 

---- facebook comment plugin here -----

Latest