National
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു
അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
ചെന്നൈ തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്.കറുപ്പയ്യ (35), പേച്ചിയമ്മാള്‍ (40), സൗന്ദറമ്മാള്‍ (53) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു വിരുദുനഗര്‍ ജില്ലയിലെ കരിയപ്പെട്ടിയില്‍ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ഓളം മുറികളിലായാണ് ഇവിടെ പടക്കം നിര്‍മിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികള്‍ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയില്‍ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. സ്ഥലത്ത് കലക്ടറടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ ഉള്ള പടക്ക നിര്‍മാണ സ്ഥാപനമാണിത്. സംഭവത്തില്‍ കരിയപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌ഫോടനത്തിലും മരണത്തിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തി. തൊഴിലാളി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.


