Connect with us

Kerala

ബൈക്കില്‍ കാട്ടുപന്നിയിടിച്ചു പരുക്കേറ്റ പ്രവാസി മരിച്ചു

അവധിക്ക് നാട്ടില്‍ പോയ കൊല്ലം കടയ്ക്കല്‍ സ്വദേശി മനോജ് ഇടപ്പയാണ് (50) മരിച്ചത്.

Published

|

Last Updated

അബൂദബി | നാട്ടില്‍ വച്ച് ബൈക്കില്‍ കാട്ടുപന്നിയിടിച്ചു പരുക്കേറ്റ പ്രവാസി മരിച്ചു. അവധിക്ക് നാട്ടില്‍ പോയ കൊല്ലം കടയ്ക്കല്‍ സ്വദേശി മനോജ് ഇടപ്പയാണ് (50) മരിച്ചത്. മൂന്ന് ദിവസം മുമ്പ് കടയ്ക്കല്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ മനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. കടയ്ക്കല്‍ പ്രവാസി ഫോറം അംഗമായിരുന്ന മനോജ് ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന ഇടപ്പണ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷയാണ് ഇല്ലാതായത്. ഫോറത്തിന്റെ എല്ലാ പരിപാടികളിലും സജീവമായിരുന്നു മനോജ്.

ജനുവരിയില്‍ ദുബൈ അല്‍-തവാര്‍ പാര്‍ക്കില്‍ നടന്ന കുടുംബസംഗമത്തില്‍ സജീവമായി പങ്കെടുത്ത മനോജ് നൂറിലേറെ സുഹൃത്തുക്കള്‍ക്ക് ആദ്യാവസാനം വരെ ആഹാരം വിളമ്പി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊവിഡ് സമയത്ത് പി പി കിറ്റ് ധരിച്ച് രോഗികളെ ശുശ്രൂഷിക്കാനും മനോജ് മുന്‍പന്തിയിലുണ്ടായിരുന്നു. മനോജിന്റെ ആകസ്മിക വിയോഗത്തില്‍ കടയ്ക്കല്‍ പ്രവാസി ഫോറം അനുശോചിച്ചു.

മനോജിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം കിളിമാനൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

 

---- facebook comment plugin here -----

Latest