Connect with us

editorial

ക്ഷുദ്രാവിഷ്‌കാരങ്ങള്‍ തോല്‍ക്കും, നാം ജയിക്കും

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ സിനിമക്ക് പച്ചക്കൊടി കാണിച്ച സുപ്രീം കോടതി മുതല്‍ വര്‍ഗീയ വിഭജന ഉത്പന്നത്തിന് ദൂരദര്‍ശനിലേക്കുള്ള പ്രവേശം തടയാനാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള സര്‍വ സംവിധാനങ്ങളും ഈ വിദ്വേഷ ദൗത്യത്തില്‍ പരോക്ഷമായി പങ്കാളികളാകുകയാണ് ചെയ്തിരിക്കുന്നത്. കേരളം ഇത്തരം എല്ലാ പ്രചാരണങ്ങളെയും അതിജീവിക്കും.

Published

|

Last Updated

സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംശയവും സൃഷ്ടിച്ച് സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും വര്‍ഗീയ വിഭജനം ആഴത്തിലാക്കാനും ലക്ഷ്യമിട്ട് പുറത്തിറക്കിയ ദി കേരളാ സ്റ്റോറിയെന്ന സിനിമ ദൂരദര്‍ശനില്‍ രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തുവെന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേരളത്തെ അപമാനിക്കുന്നതും പച്ചക്കള്ളം എഴുന്നള്ളിക്കുന്നതും ക്രൂരമായ മുസ്ലിം അധിക്ഷേപം നടത്തുന്നതുമായ സിനിമയുടെ ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

ഇത്തരമൊരു ക്ഷുദ്ര സൃഷ്ടി ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ പോലുള്ള ഒരു മാധ്യമം പ്രദര്‍ശിപ്പിച്ചത് ഭരണഘടനാവിരുദ്ധമാണ്. ഇത് പൊതു സംവിധാനം ദുരുപയോഗം ചെയ്യലാണ്. അധികാര ദുര്‍വിനിയോഗവുമാണ്. ഈ സിനിമ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭം വളരെ പ്രധാനമാണല്ലോ. രാജ്യം പൊതു തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണത്തിലാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ ജനവിധി ഉറപ്പ് വരുത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തുനിഞ്ഞതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സമ്പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുന്നു. കമ്മീഷന് മുമ്പില്‍ ഇതുസംബന്ധിച്ച് വന്ന പരാതികള്‍ കണക്കിലെടുക്കാന്‍ തയ്യാറായില്ലെന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ഭരിക്കുന്നവരുടെ കൈയിലെ പാവയായി തിരഞ്ഞെടുപ്പ് കമ്മീഷനും അധഃപതിച്ചുവെന്ന വിമര്‍ശം ശരിവെക്കുന്നതാണിത്. ഭരണഘടനാ സ്ഥാപനങ്ങളെ ഭരണകക്ഷി ചൊല്‍പ്പടിയിലാക്കുന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമില്ല.

കേരളത്തിലെ ഭരണ, പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ മതേതര ശക്തികളും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുവെന്നതും ജനാധിപത്യപരമായ പോംവഴികള്‍ തേടിയെന്നതും ആശ്വാസകരമാണ്. ആവേശകരവും. ‘ഇത് കേരളമാണ്’ എന്ന പ്രഖ്യാപനം അന്വര്‍ഥ മാക്കുന്നതായിരുന്നു ആ യോജിച്ച പ്രതിഷേധം. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചത്. ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നു. ‘കേരള സ്റ്റോറി’ ഇറങ്ങിയതു മുതല്‍ വലിയ പ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നു വന്നിരുന്നു. കേരളത്തില്‍ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ‘ദി റിയല്‍ കേരള സ്റ്റോറി’യെന്ന ടാഗ് ലൈനോടെ ഈ സംസ്ഥാനത്തിന്റെ തനതായ ഐക്യവും സൗഹാര്‍ദവും വെളിവാക്കുന്ന നിരവധിയായ ആവിഷ്‌കാരങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ ദൂരദര്‍ശന്‍ വഴി ഈ സിനിമ കൊണ്ടുവരുമ്പോഴും ആ പ്രതിരോധത്തിന്റെ കൊടി താഴാതെ നില്‍ക്കുന്നു.

അഫ്ഗാനിസ്താന്‍- ഇറാന്‍ അതിര്‍ത്തിയിലുള്ള ഐക്യരാഷ്ട്രസഭയുടെ ക്യാമ്പില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാക്കുന്ന, മതപരിവര്‍ത്തിതയായ മലയാളി പെണ്‍കുട്ടി കഥപറയുന്ന രീതിയിലാണ് സംവിധായകന്‍ സുദീപ്‌തോ സെന്‍ തിരക്കഥ തട്ടിക്കൂട്ടിയത്. കേരളത്തിലെ മുസ്ലിംകള്‍ സംഘടിതമായി മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്നും കോളജുകള്‍ കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും സിനിമ തട്ടിവിടുന്നു.

ഹിജാബ് അടക്കമുള്ള സര്‍വ മുസ്ലിം വേഷങ്ങളെയും ആചാരങ്ങളെയും ചിഹ്നങ്ങളെയും അപമാനവീകരണത്തിന് വിധേയമാക്കുന്നു. കേരളമെന്നാല്‍ എന്തോ ഭീകര ഇടമാണെന്നും വിവിധ രാജ്യങ്ങളിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമാണെന്നും ചാപ്പകുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കേരളത്തില്‍ നിന്ന് 32,000 പേര്‍ ഐ എസില്‍ ചേര്‍ന്നുവെന്നായിരുന്നു ട്രെയിലറിന്റെ ഡിസ്‌ക്രിപ്ഷനില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. രൂക്ഷമായ വിമര്‍ശം ഉയര്‍ന്നതോടെ അത് മൂന്നാക്കി ചുരുക്കേണ്ടി വന്നു കേരള സ്റ്റോറിക്കാര്‍ക്ക്. ഓരോ വര്‍ഷവും ഇസ്ലാമിലേക്ക് മതം മാറിയ പെണ്‍കുട്ടികളുടെ എണ്ണം 30,000 ആണെന്നും അനൗദ്യോഗിക കണക്ക് 50,000 ആണെന്നും ചിത്രം വാദിക്കുന്നു. തെളിവുകളില്ലെന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുകയാണെന്ന സംഘ്പരിവാര്‍ വാദവും ചിത്രം ആവര്‍ത്തിക്കുന്നു.

സംഘ്പരിവാറിന് അവരുദ്ദേശിച്ച വിധം കടന്നു കയറാന്‍ സാധിക്കാത്ത ഇടമായത് കൊണ്ട് മാത്രം എന്തെല്ലാം ദുഷിപ്പുകളാണ് ഈ പ്രദേശത്തിന് നേരേ പടച്ചു വിടുന്നത്. കേരളത്തെക്കുറിച്ച് പേരിനൊരു പഠനം പോലും നടത്താത്ത സംവിധായകന്‍ വസ്തുതയുടെ കണിക പോലുമില്ലാത്ത കാര്യങ്ങള്‍ ഒരു ലജ്ജയുമില്ലാതെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഉത്തരേന്ത്യയിലെ വര്‍ഗീയവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ കേരളത്തെ കുറിച്ച് ഭീതി സൃഷ്ടിക്കാനും കോണ്‍ഗ്രസ്സ് അടക്കമുള്ള മതേതര കക്ഷികള്‍ക്ക് വോട്ട് ചെയ്താല്‍ യു പിയും ഗുജറാത്തും മധ്യപ്രദേശുമെല്ലാം ‘കേരള’മായി പോകുമെന്ന സന്ദേശമുയര്‍ത്താനുമാണ് സിനിമ ശ്രമിക്കുന്നത്.

ഈ തിരഞ്ഞെടുപ്പ് കാലത്ത് ദൂരദര്‍ശന്‍ വഴി തന്നെ സിനിമ കാണിക്കുമ്പോള്‍ ഔദ്യോഗിക സ്വഭാവത്തോടെ നുണ പ്രചരിപ്പിക്കുകയാണ്. ‘ഇന്ത്യ’ സഖ്യത്തിന്റെ തലമുതിര്‍ന്ന നേതാവ് മത്സരിക്കുന്നത് കേരളത്തില്‍ നിന്നാണല്ലോ. പരാജയ ഭീതിയില്‍ നിന്നാണ് ഇത്തരം ചെപ്പടി വിദ്യകളുണ്ടാകുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ സിനിമക്ക് പച്ചക്കൊടി കാണിച്ച സുപ്രീം കോടതി മുതല്‍ വര്‍ഗീയ വിഭജന ഉത്പന്നത്തിന് ദൂരദര്‍ശനിലേക്കുള്ള പ്രവേശം തടയാനാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള സര്‍വ സംവിധാനങ്ങളും ഈ വിദ്വേഷ ദൗത്യത്തില്‍ പരോക്ഷമായി പങ്കാളികളാകുകയാണ് ചെയ്തിരിക്കുന്നത്. കേരളം ഇത്തരം എല്ലാ പ്രചാരണങ്ങളെയും അതിജീവിക്കും. ആയിരക്കണക്കിന് റിയല്‍ കേരള സ്റ്റോറികള്‍ കണ്ട് വളരുന്ന ഈ ജനത രാജ്യത്തിന് മാതൃകയായ നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യും. ഇത്തരം ക്ഷുദ്രാവിഷ്‌കാരങ്ങള്‍ ഇനിയെത്ര വരാനിരിക്കുന്നു. സംഘ്പരിവാര്‍ ഇതിനായി ശതകോടികള്‍ സ്വരൂപിച്ചു വെച്ചിട്ടുണ്ടത്രെ.

 

Latest