Connect with us

feature

മക്കാ മസ്ജിദിലെ വൈകുന്നേരവും ഹൈദരാബാദ് ഹലീമും

നോമ്പ് തുറയോടടുക്കുമ്പോൾ മക്കാ മസ്ജിദിന്റെ അങ്കണത്തിൽ പെരുന്നാളിന്റെ പ്രതീതിയാണ്. വിവിധ ദേശങ്ങളിൽ നിന്നുള്ളവർ നോമ്പു തുറക്കാൻ വേണ്ടി ഒത്തുചേരുന്നു. കേവലമായ ചേരൽ മാത്രമല്ല മറിച്ച് സംസ്കാരവും പാരമ്പര്യവും പങ്കിടൽ കൂടിയാണിത്.

Published

|

Last Updated

സെഹ്രി (അത്താഴ സമയം) മൂന്നരക്ക് ഗല്ലികളിലൂടെ കുട്ടികളുടെ ഒരു സംഘം ചെറിയ സ്പീക്കറും പിടിച്ചു റൗണ്ട് ചെയ്യും. അത്താഴത്തിന്റെ മഹത്വവും ഒരുണർത്തലും കൂടിയായിട്ടാണിത്. അതോടെ ഗല്ലികളിലെ നുറുങ്ങു വെട്ടങ്ങൾ ആയിരം പാനൂസിന്റെ ശോഭയോടെ തെളിഞ്ഞു തുടങ്ങും. ഒപ്പം വിശ്വാസികളുടെ ദിവസവും.

പകൽ സമയം അവരുടെതായ സ്വകാര്യങ്ങളിലും വീടുകളിലും പള്ളികളിലെ പ്രാർഥനകളിലും കഴിഞ്ഞു കൂടും. കച്ചവടത്തിനിടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങളിൽ ഖുർആൻ പാരായണം ചെയ്യുന്നവരെയും കാണാൻ കഴിയും.വൈകുന്നേരത്തോട് അടുക്കുന്തോറും നഗരങ്ങളിൽ തിരക്ക് ഏറിക്കൊണ്ടിരിക്കും. ഇഫ്താറിനുള്ള ഒരുക്കങ്ങളാണ്. നോമ്പ് കാലത്തെ ആത്മീയതയും ആത്മ സംതൃപ്തിയും അനുഭവിക്കാൻ ഓൾഡ്‌ സിറ്റിയേക്കാൾ മറ്റൊരിടമില്ല ഹൈദരാബാദിൽ.
നോമ്പ് തുറയോടടുക്കുമ്പോൾ മക്കാ മസ്ജിദിന്റെ അങ്കണത്തിൽ പെരുന്നാളിന്റെ പ്രതീതിയാണ്. വിവിധ ദേശങ്ങളിൽ നിന്നുള്ളവർ നോമ്പു തുറക്കാൻ വേണ്ടി ഒത്തുചേരുന്നു. കേവലമായ ചേരൽ മാത്രമല്ല മറിച്ച് സംസ്കാരവും പാരമ്പര്യവും പങ്കിടൽ കൂടിയാണിത്.

മഗ്‌രിബിന്റെ ചെമപ്പ് ആകാശത്തെ എത്രമേൽ ഭംഗിയാക്കുന്നുവോ അതിനോളം നിറമുള്ള കാഴ്ചകളാണിവിടെ ഒരുക്കിയിരിക്കുന്നത്. ഇഫ്താറിനുള്ള “സൈറൺ’ മുഴങ്ങുന്നതോടെ മനോഹരമായ ശബ്ദത്തിലുള്ള “വാങ്കൊലി’ ഉയരും. ചിറകടിച്ചു ദൂരേക്ക് പാറിയകലുന്ന പ്രാക്കൂട്ടങ്ങളുടെ ഒച്ചയും മൗനവും ഉള്ളുലയ്ക്കുന്ന പ്രാർഥനയുടെ നേരിയ ശബ്ദം മാത്രം കേൾക്കാം. പിന്നെ, മസ്ജിദിന്റെ മിനാരങ്ങളിലാകെ പലനിറത്തിലുള്ള വെളിച്ചം കത്തി ത്തുടങ്ങും. അതിന്റെ പ്രതിബിംബങ്ങൾ നടുമുറ്റത്തുള്ള “വുളൂ ഖാന’ യിലേക്ക് പടരുന്നത് നോക്കിയിരിക്കാൻ തന്നെ എന്തു രസമാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ നോമ്പ് തുറക്ക് എത്തിയ പലദേശക്കാർ, കൂട്ടുകാർ, കുടുംബക്കാർ എല്ലാ മനുഷ്യരും പരസ്പരം “സലാം’ പറഞ്ഞും ആലിംഗനം ചെയ്തും പിരിഞ്ഞു പോകുന്ന കാഴ്ച, മറക്കാൻ പറ്റാത്ത ഓർമകളിലെ ഏടിൽ ചേർക്കപ്പെടാനുള്ളതാണ്. തദ്ദേശീയർക്ക് പുറമേ ഹൈദരാബാദിലെ വിവിധ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നവരും, മൾട്ടി നാഷനൽ കമ്പനികളിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ മലയാളികളും മക്കാ മസ്ജിദിലേക്ക് എത്താറുണ്ട്. സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളാൽ നിറഞ്ഞിരുന്ന ഈ നഗരം നൈസാമിന്റെ ഭരണകാലത്തും ഒരു “കോസ്മോ പൊളിറ്റൻ’ ഹബ്ബായി കണക്കാക്കപ്പെട്ടിരുന്നു.

മുഗൾ വിഭവങ്ങളുടെ വേര്

ചാർമിനാറിന്റെ ചുറ്റിലും പകലൊഴിഞ്ഞിരുന്ന വഴികളുടെ നിയന്ത്രണം ഈ സമയങ്ങളിൽ കച്ചവടക്കാരുടെ കൈകളിലാകും. പ്രത്യേകിച്ച് റമസാൻ കാലത്ത്. ഒരു ഭാഗത്തു “കുപ്പിവള’കളുടെ നിറപ്പകർച്ചയും, മറ്റിടങ്ങളിൽ രുചിയൂറുന്ന വ്യത്യസ്തമായ ഭക്ഷണങ്ങളുടെ നിരന്നിരിക്കുന്ന സ്റ്റാളുകളുമുണ്ടാകും.

തനതായ പാചക വൈവിധ്യത്തിനു പേരുകേട്ട ഇടമാണല്ലോ ഹൈദരാബാദ്. ദാഹി വട, പത്തർ കാ ഖോഷ്ത്, ദം കാ ബിരിയാണി, ബുഖാനി കാ മീട്ട, ഹൈദരാബാദീ സ്പെഷ്യൽ ബിരിയാണി, ഇറാനി ചായ, യമനീ ഫുഡ്‌ തുടങ്ങിയ അനേകം മെനുകളുണ്ടിവിടെ. അതിൽ ഹൈദരാബാദുകാർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് “ഹലീം’.

ലോകപ്രശസ്ത വിഭവമാണ് “ഹൈദരാബാദി ഹലീം’. രുചി സ്വർഗീയമാണ്. “നവാബി ഹൈദരാബാദി’ ബിരിയാണി കഴിഞ്ഞാൽ എല്ലാവരും കൊതിക്കുന്ന പലഹാരമാണിത്. ഇതിന്റെ നിർമാണത്തിന് വളരെയധികം അധ്വാനവുമുണ്ട്. അറബിക് വിഭവമായി ഉത്ഭവിച്ച ഈ ഭക്ഷണം നൈസാമിന്റെ ഭരണകാലത്ത് അറബ് പ്രവാസികൾ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു. പ്രാദേശിക പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങളുമായി സംയോജിപ്പിച്ച് തനതായ ഹൈദരാബാദി ഹലീം രൂപവത്കരിച്ചു. വൈകാതെ തദ്ദേശവാസികൾക്കിടയിൽ ജനപ്രിയ ഭക്ഷണമായി മാറി. “ഔറംഗസീബ് ഡെക്കാൻ കീഴടക്കുമ്പോൾ, അദ്ദേഹത്തിന്റെ സൈന്യം ദേശങ്ങൾ കീഴടക്കാനും കുത്തബ് ഷാഹികളെ കീഴ്പ്പെടുത്താനും തിരക്കിലായിരിക്കുമ്പോൾ, കന്റോൺമെന്റുകളിൽ നിന്ന് പുറപ്പെട്ട് ഹൈദരാബാദിലെ ജനങ്ങളുടെ ഹൃദയം കീഴടക്കുകയും പാരമ്പര്യത്തിൽ ജീവിക്കുകയും ചെയ്ത ഒരു കസ്റ്റമൈസ്ഡ് അറേബ്യൻ വിഭവമെന്നാണ്’ ഹലീമിനെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചത്. 2010 ൽ ഹൈദരാബാദി ഹലീമിന് ഇന്ത്യൻ (ജിഐ) രജിസ്ട്രി ഓഫീസ് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ പദവി നൽകി. GI സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നോൺ വെജിറ്റേറിയൻ ഉത്പന്നമായി ഇത് മാറി. ഹൈദരാബാദിൽ നിർമിക്കുന്ന ഹലീമിന് ലോകമെമ്പാടും ആവശ്യക്കാരേറെയാണ്.

സിംഗപ്പൂർ, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കും ഹൈദരാബാദ് ഹലീം കയയറ്റുമതി ചെയ്യുന്നുണ്ട്. റമസാൻ മാസത്തിൽ ഹൈദരാബാദിൽ മാത്രം ഏകദേശം ആറായിരത്തിൽ പരം ഔട്ട്്ലെറ്റുകളിൽ ഹലീം വിൽക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകുന്ന കോടികളുടെ ബിസിനസ് മേഖല കൂടിയാണിത്. പകലിനേക്കാൾ ഉണർന്നിരിക്കുന്ന “ഹൈദരാബാദ് നൈറ്റ്‌ ലൈഫ്’ ഒരിക്കലെങ്കിലും അനുഭവിക്കുക തന്നെ വേണം. ബംഗ്ലാദേശ് കോളനി, യാകുത്ത്പുര, ഗച്ചി ബോളി, ടോളി ചൗക്കിയിലെ യമനീ സ്ട്രീറ്റ് നോമ്പ് കാലത്തെ ഉറങ്ങാത്ത ചെറു നഗരങ്ങളാണിതൊക്കെ. അടുത്ത ദിവസത്തെ “സഹ്രിയുടെ’ സൈറൺ മുഴങ്ങുമ്പോൾ നഗരങ്ങൾ പിന്നെയും ആളൊഴിഞ്ഞു തുടങ്ങും. “അസ്സ്വലാത്തു ഖൈറും മിനന്നൗ ം’.

---- facebook comment plugin here -----

Latest