Connect with us

International

മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു

സിബിഐ കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ അറസ്റ്റ്. ഇതോടെ അദ്ദേഹത്തിന്റെ ജയിൽ മോചനം സങ്കീർണമായി.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ നീഷ് സിസോദിയയെ സി ബി ഐക്കു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിൽ രണ്ട് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ഇ ഡി സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ അറസ്റ്റ്. ഇതോടെ അദ്ദേഹത്തിന്റെ ജയിൽ മോചനം സങ്കീർണമായി.

ഫെബ്രുവരി 26 ന് അറസ്റ്റിലായ സിസോദിയയെ സിബിഐ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

സിസോദിയയെ എന്തു വിലകൊടുത്തും അകത്ത് നിർത്താനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

മനീഷിനെ സിബിഐയാണ് ആദ്യം അറസ്റ്റ് ചെയ്തത്. റെയ്ഡിൽ സി.ബി.ഐ തെളിവുകളൊന്നും കണ്ടെത്തിയില്ല, പണവും കണ്ടെത്തിയില്ല. നാളെ ജാമ്യാപേക്ഷ പരിഗണിക്കും. മനീഷിനെ നാളെ മോചിപ്പിക്കാമായിരുന്നു. ഇത് തടയാൻ ഇന്ന് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ – എല്ലാ ദിവസവും പുതിയ വ്യാജ കേസുകൾ സൃഷ്ടിച്ച് മനീഷിനെ എന്തുവിലകൊടുത്തും അകത്ത് നിർത്തുക- കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ഡല്ഹി മദ്യനയം രൂപീകരിക്കുന്നതിൽ ചില ഡീലർമാർക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന ആരോപണമാണ് സിസോദിയയും മറ്റുള്ളവരും നേരിടുന്നത്. എന്നാൽ വ്യാപാരികളിൽ നിന്നോ രാഷ്ട്രീയക്കാരിൽ നിന്നോ ആരിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.

Latest