International
ഹിന്ദു സന്യാസിമാരുടെ സന്ദർശനത്തിന് വനിതാ ജീവനക്കാരെ മാറ്റിനിർത്തി; വിവാദം, ഈഫൽ ഗോപുരം അടച്ചു
സംഭവത്തിൽ പാരിസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രെഗോയർ അന്വേഷണത്തിന് ഉത്തരവിട്ടു.
പാരീസ് | പാരിസിലെ ഈഫൽ ഗോപുരത്തിൽ എത്തിയ ഹിന്ദു സന്യാസി പ്രതിനിധി സംഘത്തിന് വേണ്ടി വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്ന ആരോപണത്തെത്തുടർന്ന് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് തിങ്കളാഴ്ച ഈഫൽ ഗോപുരത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ബി എ പി എസ് (Bochasanwasi Akshar Purushottam Swaminarayan Sanstha) എന്ന സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേരടങ്ങിയ സംഘം ഈഫൽ ഗോപുരം സന്ദർശിച്ചിരുന്നു. ഈ സമയത്ത് പ്രതിനിധി സംഘം കടന്നുപോകുന്ന വഴികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് അവിടെനിന്ന് മാറാൻ ആവശ്യപ്പെടുകയും പകരം പുരുഷ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തുവെന്നാണ് ട്രേഡ് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച രാവിലെ ജീവനക്കാർ യോഗം ചേരുകയും ഈഫൽ ഗോപുരം തുറക്കുന്നത് വൈകുകയും ചെയ്തു. മാനേജ്മെന്റുമായി ചർച്ച നടത്താനും ഭാവിയിൽ ഇത്തരത്തിൽ വനിതാ ജീവനക്കാരോട് വേർതിരിവ് കാണിക്കുന്നത് തടയാനുമാണ് യോഗം ചേർന്നതെന്ന് യൂണിയൻ പ്രതിനിധി ഡയാനെ ഡാവോയിൻ അറിയിച്ചു. സംഭവത്തിൽ ഈഫൽ ഗോപുര മാനേജ്മെന്റ് ജീവനക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.

അതേസമയം പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ സന്ദർശനം നടത്തുന്നതിനായി ഈഫൽ ഗോപുര അധികൃതരുമായി മുൻകൂട്ടി കൂടിയാലോചിച്ചാണ് സമയം ക്രമീകരിച്ചതെന്ന് ബി എ പി എസ് വ്യക്തമാക്കി. വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എങ്കിലും ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദ പ്രകടനം നടത്തുന്നതായും ബി എ പി എസ് എക്സിൽ കുറിച്ചു.
സംഭവത്തിൽ പാരിസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രെഗോയർ അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിൽ സ്ഥലത്ത് ലിംഗവിവേചനം അനുവദിക്കാനാകില്ലെന്നും സംഭവത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റിനിർത്താൻ വിദേശ സന്ദർശകർ ആവശ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായൽ ബ്രൗൺ പിവാറ്റ് പ്രതികരിച്ചു.
ഈഫൽ ഗോപുരം പ്രവർത്തിപ്പിക്കുന്ന എസ് ഇ ടി ഇ (Societe d’Exploitation de la Tour Eiffel) പ്രസിഡന്റ് ഏരിയൽ വെയ്ൽ സംഭവം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. പാരീസ് പ്രാന്തപ്രദേശത്ത് പുതിയ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതിനിധി സംഘം.
Content Highlights
Eiffel Tower operations were delayed following employee protests over claims female staff were sidelined during a private visit. Paris authorities ordered an immediate investigation into the gender discrimination allegations.



