Connect with us

From the print

ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമോ: ചര്‍ച്ചയായി റിപോര്‍ട്ടിലെ വൈരുധ്യങ്ങള്‍

ഇ ഡി അന്വേഷണം നടത്തി കേസെടുക്കാന്‍ ആവശ്യപ്പെടുന്നത് വിചിത്ര നടപടിയെന്ന്.

Published

|

Last Updated

കൊച്ചി | സി എം ആര്‍ എല്‍-എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന ഡി ജി പിക്ക് നല്‍കിയ കത്തിന് പിന്നിലെ താത്പര്യങ്ങളെക്കുറിച്ച് രാഷ്ട്രീയ നിയമവൃത്തങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശങ്ങളും സംശയങ്ങളും ഉയരുന്നു. ഇ ഡി കൈമാറിയ റിപോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ തന്നെ വൈരുധ്യങ്ങളുണ്ടെന്നാണ് പ്രധാന ആക്ഷേപം.

ഇ ഡി വിവിധ ഘട്ടങ്ങളില്‍ ഉന്നയിച്ച തുകകളില്‍ പൊരുത്തക്കേടുകളുണ്ട്. ആദായനികുതി അപ്പലറ്റ് ബോര്‍ഡിന്റെയും ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും കണ്ടെത്തലുകളില്‍ എക്സാലോജിക് കമ്പനിക്ക് സേവനം നല്‍കാതെ നല്‍കിയതായി പറയുന്ന തുക 1.72 കോടി ആയിരുന്നു. പിന്നീട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏജന്‍സിയുടെ കേസില്‍ ഇത് 2.78 കോടിയായി ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ഡി ജി പിക്ക് അയച്ച കത്തില്‍ 3.28 കോടി പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.

കത്തില്‍ ആരോപിക്കുന്ന 3.28 കോടിയുടെ കൈക്കൂലി ഇടപാട്, സി എം ആര്‍ എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഇ ഡി സ്ഥാപിക്കുന്നത്. ഭീഷണിപ്പെടുത്തിയോ സമ്മര്‍ദത്തിലാക്കിയോ എടുത്തതാകാന്‍ സാധ്യതയുള്ള മൊഴികള്‍ക്ക് അപ്പുറം, ബേങ്ക് ട്രാന്‍സ്ഫറോ നേരിട്ടുള്ള പണമിടപാടോ സ്ഥാപിക്കുന്ന ഉറപ്പുള്ള തെളിവുകളോ സാമ്പത്തിക രേഖകളോ ഇ ഡി നല്‍കിയ കത്തില്‍ ഹാജരാക്കിയിട്ടില്ല.

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ ബേങ്ക് വഴി ഇടപാട് നടത്തി, അതിന് ജി എസ് ടി ഉള്‍പ്പെടെയുള്ള നികുതികള്‍ അടച്ച ഒരു ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി കരാറിനെയാണ് അഴിമതിയായും ‘കൈക്കൂലി’യായും ഇ ഡി ചിത്രീകരിക്കുന്നത്. സേവനങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് കമ്പനി നിയമങ്ങളുടെയോ കരാര്‍ ലംഘനത്തിന്റെയോ പരിധിയില്‍ വരുന്ന ഒന്നാണ്. അതിനെ അഴിമതിയായി കണക്കാക്കുന്നതിലെ നിയമസാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കൈക്കൂലി നല്‍കിയതിനുള്ള തെളിവായി ഇ ഡി കരുതുന്ന സി എം ആര്‍ എല്‍ ഡയറിക്കുറിപ്പുകളില്‍ വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ യു ഡി എഫ് നേതാക്കള്‍ക്കും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സി എം ആര്‍ എല്‍ സംഭാവന നല്‍കിയതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇ ഡി പൂര്‍ണ മൗനം പാലിക്കുകയാണ്.

അഴിമതിപ്പണം ഹവാല വഴി ദുബൈയിലേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണം ഇ ഡി ഉന്നയിക്കുന്നുണ്ടെങ്കിലും വിദേശത്തേക്ക് ബേങ്ക് വഴിയോ അല്ലാതെയോ പണം പോയതായി കാണിക്കുന്ന വിനിമയ രേഖകളോ യു എ ഇ ഏജന്‍സികളുടെ സ്ഥിരീകരണമോ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി വീണയുടെ ഡയറിയിലെ ചില വ്യക്തിഗത കുറിപ്പുകളെ മാത്രം വ്യാഖ്യാനിച്ചാണ് ഹവാല ആരോപണം ഉന്നയിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അധികാരം ഉപയോഗിച്ച് സംസ്ഥാന പോലീസിന്മേല്‍ കേസെടുക്കാന്‍ സമ്മര്‍ദം ചെലുത്താനാണ് ഇ ഡി ശ്രമിക്കുന്നത്.

സാധാരണഗതിയില്‍ ഒരു പ്രെഡിക്കേറ്റ് കുറ്റം അഥവാ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസ് നിലനില്‍ക്കുമ്പോഴാണ് ഇ ഡി അന്വേഷണം നടത്താറുള്ളത്. എന്നാല്‍ ഇവിടെ പ്രെഡിക്കേറ്റ് ഒഫന്‍സില്ലാതെ ഇ ഡി സ്വയം അന്വേഷണം നടത്തി, തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് തിരിച്ച് പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുന്നത് വിചിത്രമായ നടപടിയാണെന്ന് ഒരുവിഭാഗം നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണം പിണറായിയിലേക്കെത്തിക്കാന്‍ നേരത്തേ തന്നെ ശ്രമം നടന്നു: സി പി എം
തിരുവനന്തപുരം | സി എം ആര്‍ എല്‍-എക്സാലോജിക് കേസില്‍ ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം പിണറായി വിജയനില്‍ എത്തിക്കാന്‍ നേരത്തേ തന്നെ ശ്രമം ആരംഭിച്ചിരുന്നു. നിലവിലെ ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ സി എം ആര്‍ എല്‍ പണം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഭരണമാറ്റത്തിന് പിന്നാലെ യു ഡി എഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറായതിനാലാണ് ഇ ഡി വന്നിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇ ഡി നേരിട്ട് പോയാല്‍ കോടതി തള്ളുമെന്നതുകൊണ്ടാണ് സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്. വിജിലന്‍സ് തള്ളിയ കേസിലാണ് വളഞ്ഞവഴിയിലൂടെ ഇപ്പോള്‍ ഇ ഡിവന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കരുവന്നൂര്‍ ബേങ്കില്‍ നേരിട്ട് ഉത്തരവാദികളായവരെ മാപ്പുസാക്ഷികളാക്കുകയും പാര്‍ട്ടി നേതാക്കളെ പ്രതികളാക്കുകയും ചെയ്തവരാണ് ഇ ഡി. സര്‍ക്കാര്‍ തലത്തില്‍ ഒരു ആനുകൂല്യവും സി എം ആര്‍ എല്ലിന് നല്‍കിയിട്ടില്ല. രാഷ്ട്രീയലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇ ഡി. ലക്ഷ്യം പിണറായിയും മുഹമ്മദ് റിയാസുമാണ്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്നായി അറിയാവുന്നതാണ്. ഡയറിയില്‍ പേരുള്ള മന്ത്രിയുടെ വകുപ്പിനാണ് ഇപ്പോള്‍ ഇ ഡി കത്തയച്ചത് എന്നതാണ് വിരോധാഭാസം. എസ് എഫ് ഐ ഒ റിപോര്‍ട്ട് നിലനില്‍ക്കില്ല. അതിനാലാണ് പുതിയ കേസിന് ശ്രമം നടത്തുന്നത്. കേസെടുത്താല്‍ അത് യു ഡി എഫ്- ബി ജെ പി ഡീല്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:
The recent Enforcement Directorate report has sparked intense debate over potential political motives. Major contradictions in the submission raise critical questions about the agency’s stance and impartiality. Analysts suggest these inconsistencies could impact the trajectory of the investigation.

 

Latest