Kerala
ഇഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം; ഏഴ് പോലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി
സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം|എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ ഏഴ് പോലീസുകാരെ സ്ഥലം മാറ്റി. ഏഴ് പോലീസുകാരെയും എആര്‍ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികള്‍ സ്റ്റേഷനില്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഐപി ബിനു, ഉണ്ണി തുടങ്ങിയവരാണ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ പങ്കെടുത്തത്. ജാമ്യവ്യവസ്ഥകളുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോഴായിരുന്നു പ്രതികള്‍ സ്റ്റേഷനിലെ ഓണാഘോഷത്തിന്റെ ഭാഗമായത്. ഒപ്പിട്ടശേഷം പ്രതികളോട് മടങ്ങാന്‍ പോലീസ് ആവശ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതുചെയ്യാതെ ഓണാഘോഷത്തിന് അനുമതി നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തേ തന്നെ തൃശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം സ്റ്റേഷന്‍ ചുമതല വിട്ടു.
Content Highlights:
Seven police officers were transferred to the AR Camp following a controversial Onam celebration with accused individuals at the Museum Police Station. The action was taken based on a report submitted to the DGP. The accused had visited the station as part of their bail conditions.


