Connect with us

National

അസമും മേഘാലയയും ഉൾപ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ ഭൂചലനം

റെസുബെൽപാറയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള നോർത്ത് ഗാരോ കുന്നുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Published

|

Last Updated

ന്യൂഡൽഹി | വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമും മേഘാലയയും ഉൾപ്പെടെ രാജ്യത്തെ 4 സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭൂമി കുലുങ്ങിയതായാണ് വിവരം. മേഘാലയയിലെ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് മേഘാലയയിൽ വൈകുന്നേരം 6.15 നാണ് ഭൂചലനം ഉണ്ടായത്. റെസുബെൽപാറയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള നോർത്ത് ഗാരോ കുന്നുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

വടക്കൻ ബംഗാളിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിലിഗുരിയിലും കൂച്ച് ബെഹാറിലും ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച ഗാന്ധിജയന്തി അവധിയായതിനാൽ വൈകുന്നേരവും ആളുകൾ വീട്ടിലുണ്ടായിരുന്നു. ഭൂചലനം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. ആളുകൾ വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി. എന്നാൽ, പ്രാഥമിക വിവരമനുസരിച്ച് ജീവനാശമോ സ്വത്ത് നഷ്‌ടമോ ഉണ്ടായിട്ടില്ല. ഡാർജിലിംഗിലെ മലനിരകളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഹരിയാനയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി 11.26ന് ഹരിയാനയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് 7 കിലോമീറ്റർ കിഴക്ക് തെക്ക് കിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Latest