Connect with us

Cover Story

ഒടുവിലെ യാത്രക്കൊരുങ്ങുമ്പോൾ ഒരു ചിരി നേരാൻ...

ഇനിയും പഠിക്കേണ്ടതുണ്ട് ചിലത്. മരണം കാവൽ കിടക്കുന്ന മനുഷ്യന്റെ തൊട്ടരികിൽ ചേർന്നൊന്നിരിക്കാൻ... തണുത്തു തുടങ്ങിയ ഉള്ളംകൈകൾ ചേർത്തൊന്ന് പിടിക്കാൻ... മരണം തൊട്ടരികിൽ നിൽക്കുമ്പോഴും ഒന്നും സംഭവിക്കില്ലെന്ന വാക്കിനാൽ അയാളുടെ മൂർദ്ധാവിൽ തലോടാൻ... അയാൾക്ക് മാത്രം കേൾക്കാവുന്ന മർമരങ്ങളായി സാന്ത്വനത്തിന്റെ മൃദുമന്ത്രണങ്ങൾ ഉരുവിടാൻ... പറഞ്ഞു, പറഞ്ഞു കാടുകയറാതെ, രണ്ട് വരികളിൽ ആത്മവിശ്വാസത്തിന്റെ സൈകതങ്ങളിൽ ചവിട്ടിനിർത്താൻ… ഡോക്ടർ സുരേഷ് കുമാർ, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തോട് ചോദിക്കുന്നതും അതാണ്. മരണം ആസന്നമായവർക്ക് വേണ്ടി സൂര്യൻ ഉദിച്ചസ്തമിക്കുന്ന നാഴികകൾക്കുള്ളിൽ മാറ്റിവെക്കാൻ ഒരൽപ്പം സമയവും ഊർജവും മനസ്സും ബാക്കിയുണ്ടോയെന്ന്. ഉണ്ടാകണം, ഇല്ലെങ്കിൽ കണ്ടെത്തണം. മറ്റാർക്കും വേണ്ടിയല്ല, സ്വന്തം കൂരക്ക് കീഴെ ഒരിക്കലെങ്കിലും ഓരോ മനുഷ്യനും മരണം ആസന്നമായ അവസ്ഥയിൽ പ്രിയപ്പെട്ടവരെ പരിപാലിക്കേണ്ടി വരും. അത്തരം നിമിഷങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി, പരക്കം പായേണ്ട ഗതികേട് ഉണ്ടാവാതിരിക്കാനെങ്കിലും.

Published

|

Last Updated

തിരക്കിട്ട യാത്രകൾക്കിടയിൽ  എപ്പഴോ  വീണു കിട്ടിയ  ഇത്തിരി  നേരത്തിന്റെ ഇടവേളയും പങ്കിട്ടെടുക്കാനാണ്, ഞങ്ങൾ  ഡോക്ടർ സുരേഷ്  കുമാറിനോട് അനുവാദം  ചോദിച്ചത്. ഞങ്ങൾ  കാണാൻ  ചെല്ലുമ്പോൾ രണ്ട്  ദിവസം  മുമ്പ് നടന്ന വേൾഡ്  ഹെൽത്ത്‌ ഓർഗനൈസേഷൻ സൗത്ത്  ഈസ്റ്റ്‌  ഏഷ്യ റീജ്യനൽ അവാർഡ്  സ്വീകരിച്ചു വന്നതേയുണ്ടായിരുന്നുള്ളൂ അദ്ദേഹം.
ആസ്ത്രേലിയക്കടുത്തുള്ള ടിമോർ ലെസ്റ്റയുടെ തലസ്ഥാനനഗരിയായ ദിലിയിൽ വെച്ച് നടന്ന പരിപാടിയിൽ നേപ്പാളിലെ നേത്ര ജ്യോതി സങ്ങക്കും തായ്‌ലൻഡിൽ നിന്നുള്ള ഡോക്ടർ നിത്തായ ഫാനുഫാക്നുമൊപ്പം ആരോഗ്യ രംഗത്തെ  മികവുറ്റ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം ഏറ്റുവാങ്ങി, സുദീർഘമായ ഒരു യാത്ര നടത്തി മടങ്ങിവന്നതിന്റെ  യാത്രാക്ഷീണമോ, ആലസ്യമോ യാതൊന്നും ഒട്ടും പ്രകടിപ്പിക്കാതെ പ്രസന്നവദനനായി ഞങ്ങളെ  സ്വീകരിച്ചിരുത്തി.

സംസാരിച്ചു തുടങ്ങിയപ്പോൾ ആമുഖമായി ഡോക്ടർ ഞങ്ങളോട് പറഞ്ഞ രണ്ട്  കാര്യങ്ങൾ പകർത്തിയെഴുതുക എന്നത് തന്നെയാണ് ഈ കുറിപ്പിൽ ഞങ്ങളുടെ നിയോഗവും പുണ്യവും.
തീർത്തും മരണം ആസന്നമായ ഒരു  രോഗിയെ പരിചരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഓരോ  മനുഷ്യനും ജീവിതത്തിൽ  ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വരും. മറ്റു  രോഗികളോടെന്ന പോലെയല്ല, അവരോട് ഇടപഴകേണ്ടി വരുന്നത്. പറയുന്ന വാക്കുകൾക്കും പെരുമാറുന്ന രീതികൾക്കും വല്ലാത്തൊരുകരുതൽ  വേണം. കൃത്യമായി, മുറ തെറ്റാതെ മരുന്നും മന്ത്രവും ജപിച്ചുണർത്തിയത് കൊണ്ട് മാത്രം അസന്ദിഗ്ധമായ ആ നിമിഷങ്ങളെ അവർ തരണം  ചെയ്തു കൊള്ളണമെന്നില്ല.

മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങുന്ന ഒരാളുടെ ശേഷിക്കുന്ന വഴിയാത്രകൾ സുഗമമാക്കാൻ ഒരു  ഡോക്ടറോ, ആ ഗണത്തിലുള്ള ഒരാളോ മാത്രം വിചാരിച്ചാൽ സാധ്യമല്ല. ഓരോ  വീട്ടിലും അതിന്റെ ശാസ്ത്രീയമായ രീതികൾ കൃത്യമായി അറിവുള്ള ഒരാളെങ്കിലും  ഉണ്ടായാൽ മാത്രമേ ഇത്തരം ഒരു  സംരംഭത്തിന് പ്രസക്തിയുള്ളു.

പ്രാണവേദനയാൽ പിടയുന്ന ഒരാളെ  എങ്ങനെ  പരിചരിക്കണമെന്നും ആ  ആളോട് എങ്ങനെ എന്ത്  സംസാരിക്കണമെന്നും പെരുമാറണമെന്ന് പോലും പഠിച്ചിരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഓരോരുത്തരുടെയും പ്രിയപ്പെട്ടവരെ അന്തസ്സ് കെട്ട മരണത്തിൽ നിന്ന് രക്ഷിച്ചെടുക്കാൻ  സാധിക്കൂ. ആ  ലക്ഷ്യം മുന്നിൽ  കണ്ടുകൊണ്ടാണ് കൃത്യമായ സ്ട്രക്ചർ നിർണയിച്ച്, കോഴിക്കോട് ആസ്ഥാനമായി മൂന്ന്  ദിവസങ്ങളിലായി ഇരുപത് മണിക്കൂർ, നാൽപ്പത്  പേരടങ്ങുന്ന ഒരു ബാച്ചിനെ ഉൾക്കൊള്ളുന്ന, ഒരു മാസം  രണ്ട്  ബാച്ച്  നടക്കും  വിധം ഒരു  കോഴ്സിന്  രൂപകൽപ്പന നൽകിയത്.

ശയ്യാവലംബിയായ ഒരു  രോഗിക്ക്  എളുപ്പത്തിൽ  വരാൻ സാധ്യതയുള്ള ശയ്യവ്രണങ്ങൾ എങ്ങനെ  തടയാം. ശയ്യയിൽ  കിടക്കുന്ന  ഒരാളോട് എങ്ങനെ  പെരുമാറണം, പരിചരിക്കണം, എങ്ങനെ  അയാളെ  മാറ്റിക്കിടത്തണം, അയാൾക്ക് എന്തു  ഭക്ഷണം  നൽകണം. ഒരു പരിചാരകൻ എന്ന നിലക്ക് നിങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് എന്തു ചെയ്യണം എന്നതിലെല്ലാം കൃത്യമായ  ശാസ്ത്രീയമായ പരിശീലനം  നൽകുന്ന ഒരു  കോഴ്സ്. ഈ കോഴ്്ലിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളത് നിരവധി പേരാണ്. ഇവരെ ഈ പദ്ധതിയുടെ വളണ്ടിയർമാരാക്കുക എന്നതൊന്നും ഈ പദ്ധതിയുടെ നടത്തിപ്പുക്കാരുടെ ഉന്നമല്ല. പകരം തങ്ങൾക്ക്  പ്രിയപ്പെട്ടവരാരെങ്കിലും കിടന്നു  പോയാൽ, അവരർഹിക്കും വിധം ശാസ്ത്രീയമായി തന്നെ പരിചരിക്കാൻ സാധിക്കുന്ന ഒരാളെങ്കിലും ഓരോ  വീട്ടിലും ഉണ്ടാകണം.

അങ്ങനെ ജീവിതത്തിന്റെ പരക്കം  പാച്ചിലിനിടയിൽ, ഈ പരിചരണ രീതി ഒന്ന് പഠിച്ചെടുക്കാൻ ഒരിത്തിരി  നേരം മാറ്റി വെക്കാൻ  മനസ്സുണ്ടോ, എന്ന് ഒരു  ചിരിയോടെ ചോദിച്ച ഡോക്ടർ, അതിലേറെ ഗൗരവത്തോടെ തന്നെ പറയുന്നു, മനസ്സും സമയവും ഉണ്ടാകണം, ഉണ്ടാക്കണം. കാരണം ഇത് ഈ സംരംഭത്തിൽ അംഗത്വം എടുക്കാനോ വളണ്ടിയർ ആകാനോ, വേണ്ടിയുള്ളതല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ തന്നെ പ്രയോഗിക്കേണ്ടി വന്നേക്കാവുന്ന ഒരു കാര്യത്തിന് അന്ന് അന്യരെ തേടി അലയേണ്ടി വരുന്ന ഗതികേട് ഉണ്ടാവാതിരിക്കാനെങ്കിലും ഉപകാരപ്പെടും.

രണ്ടാമതായി ഡോക്ടർ ചോദിച്ച കാര്യവും  തീരെ ലളിതമാണ്. ലളിതമായതെന്തും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന്  വെച്ചാൽ അത് മാറ്റിവെക്കാൻ  എളുപ്പവും സാധ്യതയും ഏറെയാണ്. ദിനേനെയുള്ള ഭാരിച്ച ചെലവുകൾക്കിടയിൽ ഒരു രോഗിയുടെ ഒരു  ദിവസത്തെ പരിചരണത്തിനായി വെറും മൂന്ന്  രൂപ, ഈ ഒരു  സംരംഭത്തിന് വേണ്ടി മാറ്റിവെക്കാമോ എന്നാണ് ഡോക്ടർ ആവശ്യപ്പെടുന്നത്.

അങ്ങനെ  മാറ്റിവെച്ചാൽ അത് വർഷത്തിൽ  ആയിരം  രൂപയാകും. ഓരോ സാധാരണക്കാരന്റെയും അത്തരം  നീക്കിവെപ്പുകൾ കൊണ്ട് മാത്രം  മുന്നോട്ടു പോകുന്ന പാലിയേറ്റീവ് കെയർ യൂനിറ്റ് എന്ന ഈ ആതുര സേവന സംരംഭം, അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകരമാകും.
ദിനേന മാറ്റിവെക്കുന്നത് കേവലം മൂന്ന് രൂപയാണെങ്കിലും കൂടി, കോഴിക്കോട് മെഡിക്കൽ കോളജ് പാലിയേറ്റീവ് യൂനിറ്റിന്റെ, പ്രൗഢമായ ക്ലിനിക്കിന്റെ വരാന്തയിലൂടെ കടന്നു  പോകുമ്പോൾ മനസ്സുകൊണ്ടെങ്കിലും അഭിമാനിക്കാനാകും.മഹത്തായ ഈ സംരംഭത്തിൽ താനും ഒരു ഭാഗമാണെന്ന്.

ചെറുതെങ്കിലും തന്റെ കൂടി  സംഭാവനയുണ്ടെന്ന്. അത് അത്രമേലൊന്നും തീരെ നിസ്സാരമല്ല താനും. ഉള്ളിലൂറിയ ആ അഭിമാനവും സംഭാവനയും, ഡോക്ടർ  സുരേഷ് കുമാർ ആവശ്യപ്പെട്ട ഈ  രണ്ട്  കാര്യങ്ങളിൽ ഒന്ന് തനിക്ക്  വേണ്ടിയും മറ്റൊന്ന് സമൂഹത്തിന്  വേണ്ടിയുമാണല്ലോ എന്ന് കളി പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടിയും ഏറെ ചിന്തനീയമാണ്.

‘അല്ല രണ്ടും  തനിക്ക്  വേണ്ടി തന്നെയാണ്. ഒടുവിൽ ആസന്ന മരണത്തിന്റെ അവസ്ഥയിലേക്ക് നടന്നടുക്കുന്ന നിമിഷങ്ങളിൽ സ്വയം  ഒരു കണക്കെടുപ്പിന് ഒരുങ്ങുമ്പോൾ, വേണ്ടിയിരുന്നില്ല എന്ന്  വേപഥു പൂണ്ട ഒരായിരം  ചിന്തകൾക്കിടയിൽ സാർഥകമായ കാര്യങ്ങളായി ഒരുപക്ഷെ മുന്നിൽ  തെളിഞ്ഞു വരിക, ഈ വിദ്യയും ആർക്കോ വേണ്ടി കരുതലോടെ മാറ്റിവെച്ച ഈ നാണയത്തുട്ടുകളുമാകാം.

വെട്ടിപ്പിടിച്ചതും തട്ടിപ്പറിച്ചതുമെല്ലാം ആർക്കെല്ലാമോ  വേണ്ടി  പിറകിൽ ഉപേക്ഷിച്ചു, ഒടുവിലെ യാത്രക്കൊരുങ്ങുമ്പോൾ എല്ലാം എന്തിന് വേണ്ടിയായിരുന്നു എന്ന ഉള്ളുപൊള്ളിക്കുന്ന  ഒരു ചോദ്യം താനെ തികട്ടിയെത്തുമ്പോൾ, കണ്ണിൽ  നിറവും ചുണ്ടിൽ ചിരിയും സമ്മാനിക്കുന്ന ഒരു ഉത്തരം ചിലപ്പോൾ ഇത് മാത്രവുമായേക്കാം ഒന്നിനുമല്ലാതെ, ആർക്കെന്ന് അറിയാതെ കരുതിവെച്ച ഈ അനർഘ നിമിഷങ്ങൾ.

തന്നെ തേടിയെത്തുന്ന മനുഷ്യന്റെ  രോഗം നിർണയിച്ചു, മരുന്നിന്റെ  കുറിപ്പടി കുറിച്ച്  നൽകുന്നതിലൂടെ ഒരു  ഡോക്ടറുടെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഓരോ രോഗിയും അർഹിക്കുന്ന പരിഗണനയും സാന്ത്വനവും സമാധാനവും നൽകാൻ  കൂടി ഒരു ഭിഷഗ്വരന്  സാധിക്കേണ്ടതുണ്ട് എന്നും  ഉറച്ചു  വിശ്വസിക്കുന്ന ഡോക്ടർ  സുരേഷ് കുമാർ, രോഗനിർണയത്തിനപ്പുറം രോഗിയുടെ സങ്കടങ്ങൾക്കും വേദനകൾക്കും പ്രാധാന്യം നൽകുന്ന “നെയ്ബർഹുഡ് നെറ്റ്‌വർക്ക് ഇൻ പാലിയേറ്റീവ് കെയർ’ (NNPC) എന്ന ജനകീയ കൂട്ടായ്മ രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) കമ്മ്യൂണിറ്റി പങ്കാളിത്തത്തോടെയുള്ള പാലിയേറ്റീവ് കെയർ സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.

മരണം ആസന്നമായവരെ പരിചരിക്കാൻ ഇറങ്ങിയതിന്റെ പൊരുളെന്തെന്ന്  ചോദിക്കുമ്പോൾ ഡോക്ടർ നൽകുന്ന മറുപടി എക്കാലവും  എത്രയോ  പ്രസക്തമാണ്. മരണത്തിന്  മുമ്പായി മനുഷ്യൻ കടന്നുപോകുന്ന  വിവേകത്തിന്റെ വഴിയടയാളങ്ങൾ. മരണത്തിന് മുമ്പെന്നാൽ, അരനാഴിക മുമ്പ് പോലും വിവേകപ്പെട്ടേക്കാവുന്ന മനുഷ്യമനസ്സുകളെക്കുറിച്ച്  തന്നെയാണ്. സജീവമായിരിക്കുന്ന ആയുസ്സിന്റെ  ഒടുവിലത്തെ  വിനാഴികകളിൽ, പിന്നിട്ട  കാലത്തിലേക്കും കർമങ്ങളിലേക്കുമുള്ള മനുഷ്യമനസ്സുകളുടെ മടക്കയാത്ര. ജീവിച്ചിരിക്കുന്നവന്റെ ജീവചരിത്രത്തേക്കാൾ പഠനാർഹമത്രേ. മരണം  ആസന്നരായവരുടെ വിവേകപൂർണമായ ഏറ്റുപറച്ചിലുകൾ വരാനിരിക്കുന്ന എണ്ണമറ്റ തലമുറകൾക്ക് വഴിവെട്ടമായേക്കാം

മരണം എല്ലാവർക്കും ഒരുപോലെയാണ്. മരണത്തിന്  തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ്, വ്യത്യസ്തമാകുന്നത്. ആ നിർണായക നിമിഷങ്ങൾക്ക് കരുതലോടെ കാവൽ നിന്നില്ലെങ്കിൽ ആ മനുഷ്യന്റെ മരണം, ഒറ്റവാക്കിൽ  അന്തസ്സില്ലാത്ത മരണം എന്ന് വ്യാഖ്യാനിക്കപ്പെടും.
അങ്ങനെയൊന്ന് ആർക്കും  സംഭവിക്കാൻ ഇടവരരുത്. ഇന്ന്  ആർക്കോ സംഭവിക്കുന്ന ആ ഗതിക്കെട്ട  മരണം, നാളെ തന്റെ  പ്രിയപ്പെട്ടവർക്കോ  തനിക്കോ തന്നെയും  സംഭവിച്ചേക്കാം.

അതെങ്ങനെ തടയാം, അന്തസ്സില്ലാത്ത  മരണങ്ങൾ സംഭവിക്കാതിരിക്കാൻ  തനിക്ക്  എന്തുചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ്, അനസ്തേഷ്യസിസ്റ്റ് എന്ന പദവി  ഉപേക്ഷിച്ച് തനിക്കും സമൂഹത്തിനും ഗുണകരമായി ഭവിച്ചേക്കാവുന്ന ഈ വഴിയിലേക്ക്  സ്വയം നടന്നു  വന്നത് എന്ന്  അദ്ദേഹം പറയുമ്പോൾ ഡോക്ടർ എന്ന പദവി കൂടി മഹത്വമേറിയ നിർവചനങ്ങളിലേക്ക് അനുസ്യൂതം കടന്നു  വരികയാണ്.

ഒടുവിലെ യാത്രക്ക് മുമ്പായി കഴിഞ്ഞു  പോയ ജീവിതത്തിലേക്ക്  മനസ്സ് കൊണ്ട്  ഒരിക്കൽ കൂടി  കടന്നുപോകുമ്പോൾ ഓരോ മനുഷ്യനിലും സ്വയം  ഉയരുന്ന കുറേ  ചോദ്യങ്ങളുണ്ട്. ഉത്തരങ്ങൾ അവർക്ക് മേലിലിനി ഉപകാരപ്പെടില്ലെങ്കിലും കൂടി ശേഷിക്കുന്ന ജന്മങ്ങൾക്ക് ഗുണമായി ഭവിച്ചേക്കും. അത്തരം അവസ്ഥാ വിശേഷങ്ങളെ കുറിച്ചാണ് ഡോക്ടർ  സുരേഷ്  കുമാർ ഏറെ  നേരവും സംസാരിച്ചത്.

താൻ ഇക്കണ്ടകാലമത്രയും ചെയ്തു കൂട്ടിയ പരാക്രമങ്ങൾ എന്തിന്  വേണ്ടിയായിരുന്നു, എന്നൊരു ചോദ്യം സ്വയം ചോദിച്ചാണ് ഓരോ  മനുഷ്യനും ഈ ലോകത്തോട്  വിട പറയുന്നത്. നഷ്ടപ്പെടലിന്റെ വേദനകളത്രെ, രോഗികളിൽ ഏറിയ പങ്കും ഡോക്ടറോട് പറഞ്ഞത്.
പ്രിയപ്പെട്ടവരെ, പൊരുതി  നേടിയതിനെ, കനിഞ്ഞു കാത്തു  സൂക്ഷിച്ചതിനെ, അഹങ്കാരപൂർവം കൊണ്ടാടിയതിനെ എല്ലാം ഇവിടെ  ബാക്കി വെക്കുമ്പോൾ, എല്ലാം  എന്തിന് വേണ്ടിയായിരുന്നു എന്നൊരു ചോദ്യം കൂടി അവശേഷിപ്പിച്ചു  കൊണ്ടാണ് ഓരോ മനുഷ്യജന്മവും കടന്നുപോകുന്നത്.

മാത്രമല്ല 1993 മുതൽ ആരംഭിച്ച, മുപ്പത്തിമൂന്ന്  വർഷത്തെ തന്റെയീ സേവനപാതയിൽ, താൻ  കണ്ടതിൽ ആത്മസംതൃപ്തിയോടെ, സന്തോഷത്തോടെ മരണത്തെ സ്വീകരിക്കാൻ തയ്യാറായി കിടന്നവരുടെ എണ്ണം വെറും ഒരു ശതമാനത്തിൽ കുറവാണ് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അതിൽ ബഹുഭൂരിപക്ഷവും വെറും സാധാരണക്കാരായ മനുഷ്യർ ആണെന്നതാണ് സത്യം. ആ ഒരു ശതമാനം എന്നത് അതൊരു സത്യസന്ധമായ കണക്കാണെങ്കിൽ തീർച്ചയായും വിജയിച്ചവരെന്ന് നാം കരുതിയവരെല്ലാം മരണത്തെ മുഖാമുഖം കാണുന്ന അനർഘനിമിഷങ്ങളിൽ സ്വയം തോൽവി സമ്മതിച്ചവരായിരിക്കണം.

ഇങ്ങനെ ആയിരുന്നില്ല ജീവിക്കേണ്ടിയിരുന്നത് എന്ന് സ്വയം വിലപിച്ചു കൊണ്ടാകാം അവർ കടന്നുപോയത്. ഇന്നോളം താൻ  കരുതിപ്പോന്നതൊന്നുമല്ല പരമപ്രധാനം എന്ന മനുഷ്യന്റെ വൈകിയെത്തുന്ന തിരിച്ചറിവിനെ കുറിച്ച് ഡോക്ടർ വാചാലനാകുന്നുണ്ട്.
അവർ കടന്നു വന്ന വഴികളെ കുറിച്ച് പറയുമ്പോൾ, ഒരു കുമ്പസാരം എന്നത് പോലെ അവർ ചിലത്  ഏറ്റുപറയുമ്പോൾ നമുക്ക് നമ്മെയും തിരിച്ചറിയാൻ സാധിക്കും. ചിലപ്പോൾ, മുമ്പ് അവർ കടന്നുപോയ വഴികളിലൂടെ തന്നെയാണ്  നമ്മുടെയും ഇന്നത്തെ പ്രയാണമെങ്കിൽ, സ്വയമൊന്ന് വഴി  മാറി  നടക്കാൻ ആ വാക്കുകൾ കാരണമായേക്കാം. അതുതന്നെയാണ് ഈ വിവേകത്തിന്റെയും അത് ഏറ്റെടുക്കാൻ തയ്യാറാകുന്നതിന്റെയും അടിസ്ഥാന ലക്ഷ്യമെന്നും ഡോക്ടർ പറഞ്ഞുവെക്കുന്നു.

മരണത്തിലേക്ക് കടന്നുപോകാൻ  ഒരുങ്ങുന്നവരുടെ  വാക്കുകൾ, ഓരോരുത്തർക്കും  ഒരു  ഓർമപ്പെടുത്തലാണ്. ഇപ്പോൾ ആനന്ദിച്ചു, അനുഭവിച്ചാസ്വദിക്കുന്ന ആരോഗ്യവും, സമ്പത്തും സമയവുമെല്ലാം ഒട്ടും  ശാശ്വതമല്ലെന്നും ഏതു നിമിഷവും വീണുടഞ്ഞേക്കാവുന്ന നീർകുമിളകൾ മാത്രമാണ് ഈ കാണുന്നതെല്ലാം എന്ന ഓർമപ്പെടുത്തൽ. ഇതെല്ലാം ഓരോ മനുഷ്യന്റെ ഉള്ളിലും കാലാകാലങ്ങളായി വേദ – വേദാന്ത സൂക്തങ്ങളായി നിറഞ്ഞു നിൽപ്പുള്ളതാണെങ്കിലും കൂടി നേർക്കാഴ്ച്ചയുടെ തീക്ഷ്ണത സമ്മാനിക്കുന്ന തിരിച്ചറിവിന് എങ്ങനെയായിരുന്നാലും ഒരൽപ്പം മൂർച്ചയേറും.

ആയുസ്സിന്റെ കണക്ക് പുസ്തകം ആരുടേയും കൈയിൽ ഭദ്രമല്ല. മരണത്തെ തടഞ്ഞു നിർത്തി രോഗിയെ അതിജീവിപ്പിക്കാം എന്ന വ്യാമോഹവും, ഒരു ഡോക്ടർക്കും ഉണ്ടാകില്ല. പക്ഷേ, മരണം ആസന്നമാണെന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ  ശേഷിക്കുന്ന നാളുകളെ ധന്യമാക്കാൻ, അയാൾ ഒടുവിലൊരു യാത്രക്ക് പാഥേയമൊരുക്കുമ്പോൾ സുഭദ്രമായ കുറെ നാളുകൾ സമ്മാനിക്കാൻ സാധ്യമായാൽ അതും തന്റെ പ്രിയപ്പെട്ടവരോട് കാണിക്കുന്ന പുണ്യം തന്നെയാണ്. അതിന് ഒരു  നിമിത്തമാകുവാൻ മാത്രമേ താനും ആഗ്രഹിക്കുന്നുള്ളു എന്ന്  ഡോക്ടർ സുരേഷ് കുമാർ ആവർത്തിച്ചു  പറയുമ്പോൾ ഒരു കാലഘട്ടത്തിന്റെ, പരിചരണത്തിന്റെ ചുവരെഴുത്തുകളിൽ പുതിയ  രീതികൾ പടരുകയാണ്. അത് നിലനിൽക്കട്ടെ. കാരണം ഇന്നല്ലെങ്കിൽ നാളെ മരണത്തെ മുഖാമുഖം കാണേണ്ടവരാണ്, നമ്മളോരോരുത്തരും.!

Content Highlights:
Dr Suresh Kumar recipient of the WHO South East Asia Regional Award shares key insights on dignified end-of-life care and palliative training. He emphasizes that every home should have one trained person to scientifically care for bedridden loved ones during their final moments. He highlights the impact of the Neighborhood Network in Palliative Care initiative.

 

---- facebook comment plugin here -----

Latest