Connect with us

prathivaram health

അതിരു കടക്കുന്നോ ഉപ്പ് ?

അമിതമായ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമാണ്. അമിതമായ ഉപ്പ് ശരീരത്തിൽ എത്തുന്നത് ഉയർന്ന രക്തസമ്മർദത്തിനും ഇതിലൂടെ ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റു അസുഖങ്ങൾ എന്നിവക്കും കാരണമാകുന്നു. കൂടാതെ വൃക്ക രോഗങ്ങൾ, ക്യാൻസർ എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

Published

|

Last Updated

മ്മുടെയെല്ലാം അടുക്കളയിലെ അവശ്യവസ്തുവാണ് ഉപ്പ്. ധാരാളം വ്യാവസായിക ഉപയോഗങ്ങൾ ഉണ്ടെങ്കിലും പുരാതന കാലം മുതൽ ഭക്ഷണം കേടുകൂടാതിരിക്കാനും രുചി വർധിപ്പിക്കാനും ഇവ ഉപയോഗിക്കുന്നു. എന്നിരുന്നാലും ഉപ്പും അതിന്റെ പ്രാഥമിക ഘടകമായ സോഡിയത്തിന്റെയും ഉപയോഗം പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഉപ്പിനോടുള്ള ശരാശരി ഇന്ത്യക്കാരന്റെ ഇഷ്ടം പറയേണ്ടതില്ല. ലോകാരോഗ്യ സംഘടന പ്രതിദിനം അഞ്ച് ഗ്രാമിൽ താഴെ ഉപ്പ് ( രണ്ട് ഗ്രാം താഴെ സോഡിയത്തിന് തുല്യം) കഴിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കണക്കുകൾ പ്രകാരം ഇന്ത്യയിലെ ജനങ്ങൾ എട്ട് മുതൽ 11 ഗ്രാം വരെ ഉപ്പ് ദിവസേന കഴിക്കുന്നു.

ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം എന്ന ധാതു ശരിയായ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നാഡീ വ്യവസ്ഥക്കും പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനും അത്യാവശ്യമാണ്. സംസ്‌കരിച്ചതും സൗകര്യപ്രദവുമായ ഭക്ഷണങ്ങളാൽ സമൃദ്ധമായ ആധുനിക ഭക്ഷണരീതി നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിലേറെ സോഡിയം എത്തിക്കുന്നു.

ഭക്ഷണ സ്രോതസ്സുകൾ

സോഡിയം, പൊതുവേ നിങ്ങൾ കണ്ടെത്തേണ്ട ഒരു പോഷകമല്ല; അവ ധാരാളമായി നമ്മുടെ ശരീരത്തിൽ എത്തുന്നു. നമ്മുടെ ഭക്ഷണത്തിലെ ഉപ്പിൽ ഭൂരിഭാഗവും വാണിജ്യപരമായി തയ്യാറാക്കിയ ഭക്ഷണങ്ങളിൽ നിന്നാണ് വരുന്നത്. വീട്ടിൽ പാചകം ചെയ്യുന്ന ഉപ്പിൽ നിന്നല്ല.

നമ്മുടെ ഭക്ഷണത്തിലെ സോഡിയത്തിന്റെ മികച്ച സ്രോതസ്സുകൾ

ബ്രഡ്, പിസ, സാൻവിച്ചുകൾ, തണുത്ത മത്സ്യം (frozen meat), സൂപ്പ്, രുചികരമായ ലഘു ഭക്ഷണങ്ങൾ (ചിപ്‌സ് പോപ്‌കോൺ) ചീസ്, മുട്ട ഇവയിലാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, മാംസ്യം, പാലുത്പന്നങ്ങൾ തുടങ്ങി മിക്കവാറും എല്ലാ സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിലും സോഡിയം കുറവാണ്.

അമിതമായ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമാണ്.
അമിതമായ ഉപ്പ് ശരീരത്തിൽ എത്തുന്നത് ഉയർന്ന രക്തസമ്മർദത്തിനും ഇതിലൂടെ ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റു അസുഖങ്ങൾ എന്നിവക്കും കാരണമാകുന്നു. കൂടാതെ വൃക്ക രോഗങ്ങൾ, ക്യാൻസർ എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

എന്താണ് സമ്പുഷ്ടീകരിച്ച ഉപ്പ് ?

എല്ലാ വീടുകളിലും ദിവസേന ഉപ്പ് ഉപയോഗിക്കുന്നതിനാൽ സൂക്ഷ്മ മൂലകങ്ങളുടെ സമ്പുഷ്ടീകരണത്തിന് അനുയോജ്യമായ ഒന്നായാണ് ഇവയെ കണക്കാക്കപ്പെടുന്നത്. അയഡിന്റെ കുറവ് പരിഹരിക്കുന്നതിനായി അയഡൈസേഷൻ പദ്ധതി വികസിപ്പിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1922ൽ അയഡിൻ സമ്പുഷ്ടീകരിച്ച ഉപ്പ് കൊണ്ടുവരികയും 1997 ഓടുകൂടി സമ്പുഷ്ടീകരിക്കാത്ത ഉപ്പ് നിർത്തലാക്കുകയും ചെയ്തു.

എങ്ങനെ ഉപ്പ് ഉപയോഗം കുറക്കാം ?

  • സംസ്‌കരിച്ചതും ( processed food) സൗകര്യപ്രദവുമായ ( prepared foods) ഭക്ഷണങ്ങളുടെ ഉപയോഗം കുറക്കുക  ബ്രേക്ക് ഫാസ്റ്റ് സീറിയൽസ് പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ഉപ്പിന്റെ രുചി ഇല്ലെങ്കിലും ഉയർന്ന അളവിൽ സോഡിയം അടങ്ങിയിരിക്കുന്നു. ബ്രെഡ് പോലെയുള്ള ഭക്ഷണങ്ങൾ ദിവസത്തിൽ പലതവണ കഴിക്കുന്നത് വഴി സോഡിയത്തിന്റെ അളവ് വർധിപ്പിക്കും.
  • ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് നിയന്ത്രിക്കുക ഉയർന്ന ഉപ്പ് അടങ്ങിയ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ അല്ലെങ്കിൽ പരമ്പരാഗതമായ ഭക്ഷണങ്ങൾ – അച്ചാർ, ഉണക്ക മീൻ, സോയ സോസ്, ഉപ്പ് ചേർന്ന ചീസ്, വെണ്ണ പോലുള്ളവ പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. പകരം, അത്തരം ഭക്ഷണങ്ങൾ ചെറിയ അളവിൽ ആസ്വദിക്കുന്നതാണ് നല്ലത്.
  • ഉപ്പ് കുറഞ്ഞതും ഉപ്പ് ഒട്ടും ഇല്ലാത്തതുമായ ഇതര മാർഗങ്ങൾ ശീലമാക്കുക ഉപ്പിന് പകരമായി സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധ സസ്യങ്ങൾ അല്ലെങ്കിൽ പുളി അടങ്ങിയ നാരങ്ങയോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാം.
  • നിങ്ങളുടെ സ്വന്തം ഭക്ഷണം വീട്ടിൽ തന്നെ പാകം ചെയ്യുക സംസ്‌കരിച്ച ഭക്ഷണങ്ങളും റെസ്റ്റോറന്റ് ഭക്ഷണങ്ങളും കഴിക്കുന്നതിനുപകരം, പുതിയ ചേരുവകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ഭക്ഷണങ്ങളുടെ പാക്കറ്റിലെ ലേബൽ വായിച്ച് ഉപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കുക ഓരോ സെർവിംഗിലും 300 മില്ലി ഗ്രാമിൽ താഴെ സോഡിയം ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും ഒരു കലോറി ഭക്ഷണത്തിന് ഒരു മില്ലി ഗ്രാമിൽ കൂടുതൽ സോഡിയം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
---- facebook comment plugin here -----

Latest