Connect with us

Kerala

രേഖകള്‍ പുറത്തുവിട്ടു; അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നന്ദകുമാര്‍

ആരോപണത്തിന് തെളിവായി ഇന്റര്‍വ്യൂ കോള്‍ ലെറ്ററും ഫോണ്‍ രേഖകളും ചില ഫോട്ടോകളും മറ്റും നന്ദകുമാര്‍ പുറത്തുവിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി നേതാവും പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നന്ദകുമാര്‍ വ്യക്തമാക്കിയത്.

അനില്‍, നിയമനത്തിനായി ഇടപെട്ട സി ബി ഐ സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ പകര്‍പ്പും തനിക്ക് അനില്‍ തന്ന വിസിറ്റിങ് കാര്‍ഡും തന്റെ കൈവശമുണ്ടെന്നും നന്ദകുമാര്‍ പറയുന്നു. ഇന്റര്‍വ്യൂ കോള്‍ ലെറ്ററും ഫോണ്‍ രേഖകളും ചില ഫോട്ടോകളും മറ്റും നന്ദകുമാര്‍ പുറത്തുവിടുകയും ചെയ്തു. അനില്‍ ആന്റണിയുടെ പുതിയ ദല്ലാളെന്ന് നന്ദകുമാര്‍ ആരോപിക്കുന്ന ആന്റൂസ് ആന്റണിക്കൊപ്പം മോദിയും അനില്‍ ആന്റണിയും നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്.

അനില്‍ വഴി സി ബി ഐ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ കേരള ഹൈക്കോടതിയില്‍ നിയമിക്കാനായിരുന്നു ശ്രമം. എന്നാല്‍, സി ബി ഐ ഡയറക്ടര്‍ മറ്റൊരാളെ നിയമിച്ചു. വക്കീല്‍ നിയമനത്തിനായി 25 ലക്ഷം രൂപയാണ് അനില്‍ ആന്റണി പണമായി തന്റെ കൈയില്‍ നിന്നും വാങ്ങിയത്. കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസും പി ജെ കുര്യനുമാണ് ഇടനില നിന്നത്. അഞ്ച് ഗഡുക്കളായാണ് പണം തിരികെ നല്‍കിയത്.

നാല് ഗഡു തന്ന ശേഷം അഞ്ചാമത്തെ ഗഡു തരാനാകില്ലെന്നും അത് പുതിയ ഇടനിലക്കാരനായ ആന്റൂസ് ആന്റണിക്ക് നല്‍കിയ തുകയാണെന്നും ആദ്യം അനില്‍ പറഞ്ഞിരുന്നു. അത് തനിക്കറിയേണ്ടതില്ലെന്നും തുക പൂര്‍ണമായും തിരികെ കിട്ടണമെന്നും പറഞ്ഞപ്പോഴാണ് ബാക്കി തുക നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന് കഴിഞ്ഞ വര്‍ഷം ജനുവരി നാലിന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. ഇടപാടിന് കരാര്‍ ഉണ്ടാക്കിയിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നല്‍കിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നല്‍കിയിട്ടില്ലെന്നും നന്ദകുമാര്‍ വിശദീകരിച്ചു.

 

Latest