Connect with us

editorial

ഡിജിറ്റല്‍ സാക്ഷരതയും ഡിജിറ്റല്‍ അച്ചടക്കവും

സ്ത്രീകളില്‍ ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്. സാങ്കേതിക വിദ്യ നല്‍കുന്ന സൗകര്യങ്ങള്‍ സ്വീകരിക്കുകയും അതേസമയം കുടുംബത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന മധ്യവര്‍ത്തി പാതയാണ് നമുക്കാവശ്യം.

Published

|

Last Updated

രാജ്യത്തെ സ്ത്രീകള്‍ ഡിജിറ്റല്‍ സാക്ഷരതയില്‍ വലിയ മുന്നേറ്റം നടത്തിയതായാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പുതിയ കുടുംബ ആരോഗ്യ സര്‍വേ റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. 2019-21 വര്‍ഷത്തില്‍ 33.3 ശതമാനമായിരുന്ന സ്ത്രീകളുടെ ഇന്റര്‍നെറ്റ്- ഡിജിറ്റല്‍ സാക്ഷരത 2023-24 വര്‍ഷത്തില്‍ 64 ശതമാനമായി വളര്‍ന്നിരിക്കുകയാണ്. ഒരു കാലത്ത് സ്ത്രീകളുടെ ലോകം വീടും ജോലി സ്ഥലവും സമീപസമൂഹവും മാത്രമായിരുന്നു. പുറംലോക വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിമിതവുമായിരുന്നു. സ്മാര്‍ട്ട് ഫോണിന്റെ വരവോടെ ലോകം മുഴുവന്‍ അവരുടെ കൈപ്പിടിയിലൊതുങ്ങി. വ്യാപാരം, വിദ്യാഭ്യാസം, ബേങ്കിംഗ്, ആരോഗ്യ വിവരങ്ങള്‍ എല്ലാം സ്വന്തം വിരല്‍ത്തുമ്പിലായി. ഗ്രാമീണ സ്ത്രീകള്‍ പോലും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയും സാമൂഹിക ഇടപെടലുകളില്‍ സജീവമാകുകയും ചെയ്യുന്നു.

ഗ്രാമീണ സമൂഹത്തെ സാക്ഷരരാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ അഭിയാനും കേരളത്തിലെ കുടുംബശ്രീ പോലുള്ള താഴേത്തട്ടിലെ പദ്ധതികളുമാണ് സ്ത്രീകളുടെ ഡിജിറ്റല്‍ സാക്ഷരതയുടെ വേഗം വര്‍ധിപ്പിച്ചത്. മഹാമാരി കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഓണ്‍ലൈനിലേക്കു മാറിയതും സ്ത്രീസമൂഹത്തിന് ഡിജിറ്റല്‍ അറിവ് അനിവാര്യമാക്കിത്തീര്‍ത്തു. ടെലിമെഡിസിന്‍ സംവിധാനങ്ങളിലൂടെ ആരോഗ്യവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതും ഡിജിറ്റല്‍ സാക്ഷരതയുടെ തോത് വര്‍ധിപ്പിക്കാന്‍ സഹായകമായി.

ആശാവഹമായ ഈ മുന്നേറ്റത്തോടൊപ്പം, ആശങ്കാജനകമായ മറ്റൊരു വസ്തുത കാണാതെ പോകരുത്. സ്മാര്‍ട്ട് ഫോണുകള്‍ സ്ത്രീകളില്‍ സൃഷ്ടിച്ച ഡിജിറ്റല്‍ അഡിക്്ഷന്‍ കുടുംബ ബന്ധങ്ങളിലും ആരോഗ്യ രംഗത്തും വന്‍തോതില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഭാര്യാ- ഭര്‍തൃ ബന്ധങ്ങളിലെ ഊഷ്മളത നഷ്ടമാക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഡിജിറ്റല്‍ സാക്ഷരത കൈവന്നതോടെ സ്ത്രീകള്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയം എളുപ്പമായി. അതവരുടെ വ്യക്തിബന്ധങ്ങള്‍ വികസിപ്പിക്കുകയും ജീവിത പങ്കാളിയേക്കാള്‍ കൂടുതല്‍ സമയം ഫോണിലും സോഷ്യല്‍ മീഡിയയിലും ചെലവഴിക്കുന്ന സ്ഥിതിവിശേഷം കൈവരികയും ചെയ്തു. പങ്കാളിയുടെ ഫോണ്‍ഉപയോഗവും രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകളും പലപ്പോഴും സംശയങ്ങള്‍ക്കും ദാമ്പത്യത്തകര്‍ച്ചക്കും വഴിയൊരുക്കുന്നു. എളുപ്പത്തില്‍ ലഭ്യമാകുന്ന ഡേറ്റിംഗ് ആപ്പുകള്‍ വഴി പങ്കാളിയറിയാതെ പുതിയ ബന്ധങ്ങള്‍ വളരുകയും അത് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. കുടുംബ കോടതികളിലെ പല വിവാഹമോചന ഹരജികളിലും സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ ആശയവിനിമയവുമാണ് ബന്ധശൈഥില്യത്തിനുള്ള ഒരു ഘടകമായി പരാമര്‍ശിക്കപ്പെടുന്നത്.

മാതൃത്വത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ശിശുപരിപാലനത്തില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ മാതാക്കളുടെ പരിചരണവും സാന്നിധ്യവും വളരെ പ്രധാനമാണ്. സമയത്തില്‍ നല്ലൊരു പങ്കും സോഷ്യല്‍ മീഡിയാ റീലുകളിലും സന്ദേശങ്ങളിലും മുഴുകുന്നതിനാല്‍ കുട്ടികളുടെ പരിചരണത്തില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു. ക്രമേണ ഈ ഫോണ്‍ അഡിക്്ഷന്‍ കുട്ടികളിലേക്ക് പകരുകയും ചെയ്യും. അമ്മമാരുടെ നിയന്ത്രണമില്ലാത്ത ഫോണ്‍ ഉപയോഗം കുട്ടികള്‍ നേരിട്ടു കണ്ടുപഠിക്കുന്ന ഒരു റോള്‍മോഡല്‍ പ്രശ്‌നമായി മാറുകയാണ്.

അതേസമയം, ഡിജിറ്റല്‍ ലോകം സ്ത്രീകള്‍ക്ക് നല്‍കുന്ന ഗുണഫലങ്ങള്‍ കാണാതെ പോകാനോ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് ഡിജിറ്റല്‍ മേഖലയോട് സ്ത്രീകള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കാനോ സാധ്യമല്ല. സ്ത്രീകളില്‍ ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്. സാങ്കേതിക വിദ്യ നല്‍കുന്ന സൗകര്യങ്ങള്‍ സ്വീകരിക്കുകയും അതേസമയം കുടുംബത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന മധ്യവര്‍ത്തി പാതയാണ് നമുക്കാവശ്യം. വിവേകപൂര്‍ണമായ ഡിജിറ്റല്‍ ഉപയോഗത്തിലൂടെയും പരസ്പരമുള്ള വൈകാരിക ബന്ധങ്ങള്‍ നിലനിര്‍ത്തിയും മാത്രമേ കെട്ടുറപ്പുള്ള ഒരു കുടുംബ വ്യവസ്ഥിതി സാധ്യമാകുകയുള്ളൂ. ശക്തമായ ഡിജിറ്റല്‍ അച്ചടക്കം (ഡിജിറ്റല്‍ സംസ്‌കാരം) ജീവിതത്തില്‍ കൊണ്ടുവരികയാണ് ഇതിനുള്ള മാര്‍ഗം. വീടുകളില്‍ ഭക്ഷണ സമയത്തും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും വൈകുന്നേരം കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴും ഫോണുകള്‍ പൂര്‍ണമായും- ചുരുങ്ങിയത് സാമൂഹിക മാധ്യമങ്ങളുമായുള്ള ബന്ധമെങ്കിലും- മാറ്റിവെക്കണം. ഈ സമയം കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം സംസാരിക്കാനും സ്‌നേഹം പങ്കുവെക്കാനുമായിരിക്കണം ഉപയോഗപ്പെടുത്തേണ്ടത്.

മാതാപിതാക്കള്‍ കുട്ടികളുടെ മുമ്പില്‍ തങ്ങളുടെ ഫോണ്‍ ഉപയോഗ സമയം പരിമിതപ്പെടുത്തേണ്ടതുണ്ട്. കുട്ടികള്‍ കരയുമ്പോഴോ ശാഠ്യം പിടിക്കുമ്പോഴോ ഫോണ്‍ നല്‍കുന്നതിനു പകരം അവരുമായി ഇന്‍ഡോര്‍ ഗെയിമുകളില്‍ ഏര്‍പ്പെട്ടോ കഥകള്‍ പറഞ്ഞുകൊടുത്തോ ഫോണില്‍ നിന്നുള്ള ശ്രദ്ധമാറ്റണം. കുട്ടികളെ വെളിയില്‍ കൊണ്ടുപോയി കളിപ്പിക്കാവുന്നതുമാണ്. അതുവഴി കുട്ടികളുടെ ഫോണ്‍ ഉപയോഗം ഗണ്യമായി നിയന്ത്രിക്കാനാകുമെന്ന് മാത്രമല്ല, കുട്ടികളിലെ സര്‍ഗാത്മകതയും സാമൂഹിക ഇടപെടലും വര്‍ധിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടന കുട്ടികളുടെ സ്‌ക്രീന്‍ ടൈമും ശാരീരിക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നതാണ് ഈ കാര്യങ്ങള്‍.

---- facebook comment plugin here -----

Latest