National
മോഡലായ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയ്‌നറെ വെടിവെച്ച് പിടികൂടി പോലീസ്
യുവതി മറ്റൊരാളുമായി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി പ്രതി അവളോട് ദേഷ്യത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ 21 കാരിയായ മോഡലിനെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജിം ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ പ്രദേശത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇമ്രാന്‍ എന്ന പ്രതി പിടിയിലായത്. പോലീസുമായുള്ള വെടിവയ്പ്പില്‍ ഇമ്രാന്റെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരാളുമായി സംസാരിച്ചതിന്റെ പേരില്‍ ഉണ്ടായ ദേഷ്യമാണ് തിലക് നഗര്‍ പ്രദേശത്തെ വീട്ടില്‍ വെച്ച് മുസ്‌കത്തിനെ കൊലപ്പെടുത്താന്‍ ഇമ്രാനെ പ്രേരിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവതിക്ക് പ്രതിയെ ഒന്നര വര്‍ഷത്തോളം പരിചയമുണ്ട്. ഓഗസ്റ്റ് 20 ന് ഇരുവരും ഒരു ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടിയിരുന്നതായും പോലീസ് പറഞ്ഞു.
യുവതി മറ്റൊരാളുമായി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി പ്രതി അവളോട് ദേഷ്യത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച വൈകുന്നേരം യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതി അവിടെയെത്തി. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, തുടര്‍ന്ന് ഇയാള്‍ കത്തിയുപയോഗിച്ച് പലതവണ അവളെ ആക്രമിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടുകൂടാനായി പോലീസ് നിരവധി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിരുന്നു.
ഡല്‍ഹി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യുവതി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗള ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
വീട്ടുജോലിക്കാരിയാണ് വീടിന്റെ രണ്ടാം നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മുസ്‌കത്തിനെ കണ്ടെത്തി കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Delhi Police arrested gym trainer Imran after an encounter in Rajouri Garden for stabbing a 21-year-old model to death. The accused was shot in both legs during the exchange of fire and admitted to the hospital. A personal dispute led to the fatal attack at the victim’s residence in Tilak Nagar.



