Connect with us

Kerala

ജീവനക്കാരുടെ ഹരജി കോടതി തള്ളി; തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസ് പൊളിച്ചുനീക്കി

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കോഫീ ഹൗസ് വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് ആശുപത്രി അധികൃതര്‍ പൊളിച്ചുനീക്കി. കോഫി ഹൗസ് 21 ദിവസത്തിനകം ഒഴിയണമെന്ന് മെഡിക്കല്‍ കോളജ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാര്‍ നല്‍കിയ ഹരജി കോടതി തള്ളിയതോടെയാണ് നടപടി.

കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും വൃത്തിഹീനമായിട്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ജില്ലയിലെ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മുളങ്കുന്നത്ത് കാവ് പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതിയും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ കോഫീ ഹൗസ് വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. കോഫി ഹൗസ് പൂട്ടിച്ചത് മെഡിക്കല്‍ കോളജിലെ സ്വകാര്യ കാന്റീനെ സഹായിക്കാനാണെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു.