Connect with us

Cover Story

വെനീസിലെ കയർജീവിതങ്ങൾ

തകഴിയുടെ "കയർ' വ്യത്യസ്ത ഭാഷകളിൽ ലോക സാഹിത്യകൃതികൾക്കൊപ്പം സ്ഥാനം പിടിച്ചപ്പോൾ അതിനും നൂറ്റാണ്ടുകൾക്കുമുന്പേ കായലോളങ്ങളും കടൽത്തിരമാലകളും താണ്ടി പായ്ക്കപ്പലേന്തി അറബിനാടുകളുടെ അകത്തളങ്ങളിൽ പോലും എത്തിയ മറ്റു പലതുമുണ്ട് മലയാള മണ്ണിൽ. കറുത്ത പൊന്നായ കുരുമുളകും സുഗന്ധരാജാക്കന്മാരായ ഏലവും ജാതിയും ആറന്മുള കണ്ണാടിയും മാന്നാർ ഓട്ടുവെങ്കല പാത്രങ്ങളും അതിൽപ്പെടുമ്പോൾ അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് തൊണ്ടുതല്ലി ചകിരിയാക്കി ചകിരിനൂല് കൈയിലിട്ടു പിരിച്ചെടുത്ത വിയർപ്പിന്റെ ഗന്ധമുള്ള സാക്ഷാൽ കയർ. അതിന്റെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോൾ കഷ്ടപ്പാടിന്റെയും പോരാട്ടങ്ങളുടെയും വീർപ്പുമുട്ടലിന്റെയും മോഹഭംഗങ്ങളുടെയും ഇഴചേർത്തുള്ള കഥകൾ കേൾക്കാം.

Published

|

Last Updated

“ആരാ… മുതൽപിടിക്കാരാ… ഈ ക്ലാസിപ്പേര് എന്നാൽ?’ കുറുപ്പാശാൻ ചോദിച്ചു.
“എനിക്കറിയാമ്മേല , വരുന്ന ആൾ കിളിമാന്നൂരുകാരനാ, പൊന്നുതമ്പുരാൻ തിരുമനസ്സിലേക്കു പര്യപ്പെട്ട ആളാണ്. തിരുമനസ്സിനെ മുഖം കാണിക്കാൻ നേരം നോക്കേണ്ടാത്ത ആള്.’
(കയർ- തകഴി)

രണ്ടറ്റത്തേക്കും പിന്നിപ്പിരിഞ്ഞു നീളുന്ന കുട്ടനാട്ടിലെ ഭൂമിയുടെ നിൽപ്പ് നിർണയിച്ചു തരം തിരിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കൊച്ചു പിള്ള. ക്ലാസിഫയർ തസ്തികയിലുള്ള അദ്ദേഹത്തെ ക്ലാസിപ്പേര് എന്നാണ് കുട്ടനാട്ടുകാർ വിളിച്ചത്. മണ്ണും പെണ്ണും ഒരുപോലെ അളന്നു തിട്ടപ്പെടുത്തിയ അദ്ദേഹം തന്റെ ഇഷ്ടത്തിനു നിൽക്കുന്നവർക്കു കണ്ണായ ഭൂമി പതിച്ചു നൽകും. അപ്രീതിക്കു പാത്രമാകുന്നവർക്ക് ആർക്കും വേണ്ടാത്ത ഭൂമിയും. സുന്ദരനായ കൊച്ചുപിള്ള നാട്ടിലെ പണക്കാരുടെയും സ്ത്രീകളുടെയുമെല്ലാം തോഴനായി മാറിയത് പെട്ടെന്നായിരുന്നു. അങ്ങനെ അയാൾ നാട്ടിലെ കാമദേവനായും ഭൂമിദേവനായും നിറഞ്ഞാടി. തമ്പ്രാക്കളുടെ തറവാടുകൾ മുതൽ കർഷകത്തൊഴിലാളികളുടെ ചെറ്റക്കുടിലുകൾ വരെ അയാളുടെ “ഇടപെടൽ’ തുടർന്നു.

നാല് തലമുറയുടെ ജീവിതം ഇഴപിരിഞ്ഞു നിൽക്കുന്ന കയറിൽ കണ്ടെഴുത്തിനു വന്ന കൊച്ചുപിള്ള, കുറുപ്പാശാൻ, ഭ്രാന്തൻ മണികണ്ഠൻ, വട്ടത്രഗ്രിഗറിയും കൊച്ചുപെണ്ണും, നക്‌സലൈറ്റായ സലീനും മരുമക്കത്തായ സമ്പ്രദായവും മാപ്പിള ലഹളയും ലോഹമഹായുദ്ധവും പ്രജാഭരണവും പെൺകരുത്തും അങ്ങനെ എല്ലാം കാണാം… വിശ്വസാഹിത്യമായി മാറിയ “കയർ’ വ്യത്യസ്ത ഭാഷകളിൽ ലോക സാഹിത്യകൃതികൾക്കൊപ്പം സ്ഥാനം പിടിച്ചപ്പോൾ അതിനും നൂറ്റാണ്ടുകൾക്കുമുന്പേ കായലോളങ്ങളും കടൽത്തിരമാലകളും താണ്ടി പായ്ക്കപ്പലേന്തി അറബിനാടുകളുടെ അകത്തളങ്ങളിൽ പോലും എത്തപ്പെട്ട മറ്റു പലതുമുണ്ട് മലയാള മണ്ണിൽ. കറുത്ത പൊന്നായ കുരുമുളകും സുഗന്ധ രാജാക്കന്മാരായ ഏലവും ജാതിയും ആറന്മുള കണ്ണാടിയും മാന്നാർ ഓട്ടുവെങ്കലപാത്രങ്ങളും അതിൽപ്പെടുമ്പോൾ അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് തൊണ്ടുതല്ലി ചകിരിയാക്കി ചകിരിനൂലു കൈയിലിട്ടു പിരിച്ചെടുത്ത വിയർപ്പിന്റെ ഗന്ധമുള്ള സാക്ഷാൽ കയർ. അതിന്റെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോൾ കഷ്ടപ്പാടിന്റെയും പോരാട്ടങ്ങളുടെയും വീർപ്പുമുട്ടലിന്റെയും മോഹഭംഗങ്ങളുടെയും ഇഴചേർത്തുള്ള കഥകൾ പേറുന്ന ഒരു മഹാജനതയുടെ ശബ്ദമാകും നമുക്ക് കേൾക്കാനാകുക.

കയറിന്റെ നാട്

കിഴക്കിന്റെ വെനീസായ ആലപ്പുഴ പഴമക്കാരുടെ മനസ്സിൽ ഇപ്പോഴും പഴയ കയർ നഗരം തന്നെ. കൊപ്രയും തേങ്ങയും മലഞ്ചരക്കുകളുമായി പട്ടണം ലക്ഷ്യമാക്കി പമ്പയാറ്റിലൂടെ നിരനിരയായി നീങ്ങിയിരുന്ന കേവുവള്ളങ്ങൾ, കയർ ഫാക്ടറികൾ, ജന്മിമാർക്കെതിരെ തൊഴിലാളികൾ നടത്തിയ ഉശിരൻ പോരാട്ടങ്ങൾ, കർഷകരും കർഷകത്തൊഴിലാളികളും…അങ്ങനെ എല്ലാം അവരുടെ മനസ്സിൽ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു. അക്കാലത്തെ (1953) കയർ തൊഴിലാളികളുടെ ജീവിതനിലവാരത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച “മിനിമം കൂലി നിർണയ കമ്മിറ്റി’ ഇങ്ങനെ എഴുതി: “സാധാരണ തൊഴിലാളികൾ കാലത്ത് കട്ടൻ ചായയും കുടിച്ചു ജോലിക്ക് പോകും. ഉച്ചക്ക് അവർ കപ്പയും എള്ളിൻ പിണ്ണാക്കും കഴിച്ചു തൃപ്തിയടയും. കീറിപ്പറിഞ്ഞ പഴന്തുണികളായിരുന്നു അവർ ധരിച്ചിരുന്നത്. വെറും പേക്കോലങ്ങളായി മാറിയ 16-20 വയസ്സുള്ള പെൺകുട്ടികൾ പോഷകാഹാരക്കുറവുമൂലം 40-45 വയസ്സ് തോന്നിക്കുമായിരുന്നു. വെളുപ്പിന് നാലിന് പണിക്കുപോകും. വൈകിട്ട് ആറ് മണിവരെയാകും ജോലി. വെറും ഒരു രൂപ മുതൽ ഒന്നേകാൽ രൂപവരെയാണ് അവരുടെ കൂലി. ആകെ പട്ടിണി. ദാരിദ്യ്രത്തിനു മുകളിൽ കെട്ടിയുയർത്തിയ ജീവിതം. തൊണ്ടു മൊത്തക്കച്ചവടക്കാരും കൂറ്റൻ കയറ്റുമതി കമ്പനികളും ആധിപത്യം പുലർത്തിയ കച്ചവടക്കാരുടെ ഒരു മഹാസൗധമായിരുന്നു കയർ വ്യവസായം.

കയറും ചകിരിയും ഉപജീവനവും

കേരള തീരപ്രദേശങ്ങളിലെ 250 ഒാളം വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന അഞ്ചരലക്ഷത്തിലധികം വരുന്നവരുടെ ഉപജീവനമാർഗമായിരുന്നു ഒരു കാലത്ത് തൊണ്ട് തല്ലലും കയർ പിരിക്കലും. കേരളത്തിന്റെ കഥ പറയുന്ന വടക്കൻ മലബാറിലെ ബീഡി വ്യവസായവും വിദേശനാണ്യം നേടിത്തരുന്ന കൊല്ലത്തെ കശുവണ്ടി വ്യവസായവും പോലെ ആലപ്പുഴയിൽ കയർ മേഖല പൊതുബോധത്തെപ്പോലും നിർണയിച്ചിരുന്നു. അലക്കു തുണികൾ ഉണക്കാൻ ഉപയോഗിക്കുന്ന ചെറുകയർ മുതൽ കപ്പലുകൾ കെട്ടിവലിക്കാവുന്ന വലുപ്പമുള്ള വലിയ വടം വരെയും ഒരുകാലത്ത് കേരളക്കരയിലെ തൊഴിലാളികളുടെ നിർമാണചാതുരിയിൽ ഇഴചേർന്നിരുന്നു. ഉരു നിർമാണ മേഖല എന്ന നിലയിൽ കോഴിക്കോടായിരുന്നു വടം നിർമാണത്തിനു മുൻപന്തിയിൽ നിന്നിരുന്നത്. അവകൊണ്ട് വഞ്ചിയുടെ പലകകൾ വരെ അറബികൾ കൂട്ടിത്തുന്നിയിരുന്നതായി പതിമൂന്നാം നൂറ്റാണ്ടിൽ മാർക്കോപ്പോളോ രേഖപ്പെടുത്തിയിട്ടുണ്ട്. മൂപ്പെത്തിയ തൊണ്ട് പ്രത്യേക വലക്കുള്ളിൽ ശേഖരിച്ചു മുകളിൽ ചെളി പാകി കല്ലുവെച്ചു വെള്ളത്തിൽ കെട്ടിത്താഴ്ത്തി ഏഴ് മുതൽ പത്ത് മാസം വരെ കഴിഞ്ഞാകും പുറത്തെടുക്കുക. അഴുകിയ തൊണ്ട് പിന്നീട് കരയിൽ എത്തിച്ചു തല്ലി നാരുകൾ വേർതിരിച്ചെടുക്കും. ചകിരിച്ചോർ നീക്കം ചെയ്തശേഷം കഴുകി വൃത്തിയാക്കി ഉണക്കി നാരുകൾ ചേർത്തു പിരിച്ച് കയറുണ്ടാക്കുന്നു. യന്ത്രം കറക്കാൻ ഒരാളും കയർ പിരിക്കാൻ രണ്ടാളും എന്നതായിരുന്നു അന്നത്തെ കണക്ക്. തൊണ്ടിൽ നിന്നും ഉത്പാദിപ്പിക്കുന്ന കട്ടിയുള്ള നാരുകൾ ചേർത്ത തവിട്ടു നിറമുള്ള കയറും മൂപ്പ് കുറഞ്ഞ തേങ്ങയിലെ ഇളം നാരുകളിൽ നിന്നുള്ള വെള്ള കയറും വരെ ഇവിടെ വീടുകളിൽ ഉണ്ടാക്കിയിരുന്നു. ലോകത്തിൽ ലഭ്യമായിട്ടുള്ള കനംകൂടിയതും പ്രതിരോധശേഷി ഏറെയുള്ളതും പ്രകൃതിദത്തവുമായ നാരുകളായ ചകിരിയിൽ 35 സെ. മീറ്റർ വരെ നീളമുള്ള നാരുകൾ കാണാറുണ്ട്. 10-25 മൈക്രോൺ കനം ഉണ്ടാകും. 40 ദിവസം കൂടുമ്പോൾ മൂപ്പെത്തുന്ന തേങ്ങയുടെ പുറംതോടിലാണ് ചകിരിനാരുകൾ അടങ്ങിയിട്ടുള്ളത്. ആയിരം തേങ്ങയിൽ നിന്നും പത്ത് കിലോ കയർ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്ക്.
കേരളത്തിൽ എന്നല്ല, ലോക വിപണിയിൽ തന്നെ ഏറെ പ്രശസ്തമാണ് ആലപ്പുഴ കയർ. ആലപ്പുഴ,ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിർമിക്കുന്നവയാണ് ഇത്. ഏറെ ഈടുറ്റതാണ് ഇതെന്നതാണ് പ്രത്യേകത. 1859 മുതൽ ആരംഭിച്ച കയർ നിർമാണം ആലപ്പുഴയിൽ ഇന്നും തുടർന്നു വരുമ്പോൾ 80ൽ അധികം രാജ്യങ്ങളിലേക്ക് ഇവിടുത്തെ കയർ ഉത്പന്നങ്ങൾ കയറ്റിയയക്കുന്നുമുണ്ട്. ഈ വ്യവസായത്തിന്റെ ഉന്നതിക്കായി രൂപം നൽകിയ കയർ ബോർഡിൽ ആയിരത്തിൽപരം ചെറുകിട നിർമാതാക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ചരിത്രത്തിലേക്ക്…

ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ 1859ൽ ഐറിഷ് വംശജനായ അമേരിക്കക്കാരൻ ജെയിംസ് ദഗാറും ഹെൻറി സ്‌മൈൽ എന്ന വിദേശ വ്യാപാരിയും ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കുന്നത്. “ദറാഗ് സ്‌മൈൽ കമ്പനി’ എന്നായിരുന്നു അതിന്റെ പേര്. കയർ വ്യവസായത്തിന്റെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ 1953ൽ കയർ വ്യവസായ നിയമത്തിൻ കീഴിൽ രൂപവത്കരിച്ച നിയമപ്രകാരമുള്ള സമിതിയാണ് കയർബോർഡ്. ഗവേഷണ പരിശീലന കേന്ദ്രം ആലപ്പുഴ കലവൂരിലുമുണ്ട്. കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ കീഴിലാണ് കയർ ബോർഡ് പ്രവർത്തിക്കുന്നത്. 1965ൽ രംഗത്ത് ആദ്യമായി സഹകരണ സംഘങ്ങൾ രൂപപ്പെട്ടു. അതോടെ ഇടനിലക്കാരുടെ ചൂഷണം കുറെയൊക്കെ ഇല്ലാതായി. തുടക്കത്തിൽ അത് കേവലം തൊഴിലാളി സംഘം മാത്രമായിരുന്നു. പിന്നീട് കയർ പിരി സംഘങ്ങളായി രൂപപ്പെട്ടു. അതോടെ സർക്കാർ സാമ്പത്തിക സഹായങ്ങളും കിട്ടിത്തുടങ്ങി. തുടർന്നാണ് കേന്ദ്ര സർക്കാർ കയർ മാർക്കറ്റിംഗ് സൊസൈറ്റികൾ രൂപവത്കരിക്കുന്നത്. അതോടെ കയർ വിൽപ്പനക്കായി പ്രത്യേക സംവിധാനവും രൂപപ്പെട്ടു. മാർക്കറ്റിംഗ് സൊസൈറ്റികൾ സഹകരണ സംഘങ്ങളിൽ നിന്നും കയർ സംഭരിച്ചുതുടങ്ങിയതോടെ തൊഴിലാളികളുടെ വേതനത്തിലും മാറ്റങ്ങൾ വരവായി. എന്നാൽ, അപ്രതീക്ഷിതമായി കയർ വിൽപ്പനക്കായി മാർക്കറ്റുകൾ ഇല്ലാതെ വന്നതോടെ ഈ മേഖല മെല്ലെ തകർന്നു തുടങ്ങി. അതേസമയം, തമിഴ്‌നാട് സർക്കാർ ഏറെ സഹായിച്ചതോടെ പൊള്ളാച്ചി, തേനി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ വിപണി സജീവമായി. ഒപ്പം കേരളത്തിൽ ചകിരിയുടെ അപര്യാപ്തതയും വ്യവസായത്തെ സാരമായി ബാധിച്ചു.

സംഘങ്ങൾ ആധിയിൽ

ലോകത്തെമ്പാടും ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ വ്യത്യസ്തങ്ങളായ കയറും, തടുക്ക,് ബെഡ്ഡുകൾ, കയറ്റുപായകൾ, കയർ നിർമിതമായ ചുവർചിത്രങ്ങൾ, കയർഭൂവസ്ത്രങ്ങൾ, ടൈൽസിനും ഗ്രാനൈറ്റിനും പകരം വെക്കാവുന്ന ചാരുതയാർന്ന മാറ്റുകൾ, കയറിൽ നിർമിതമായ കരകൗശല വസ്തുക്കൾ തുടങ്ങി വൈവിധ്യമാർന്ന കയറുത്പന്നങ്ങളും കേരളത്തിൽ നിർമിക്കുന്നുണ്ടെങ്കിലും ഇന്ന് കയർ വ്യവസായ സഹകരണ സംഘങ്ങൾക്കു ഇതെല്ലാം തലവേദനയായി മാറിയിരിക്കുകയാണ്. ആലപ്പുഴയിൽ 75 ചെറുകിട സംഘങ്ങളിൽ മാത്രം 30 കോടിയുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നതായിട്ടാണ് കണക്ക്. കയർ കോർപറേഷനും കയർഫെഡും ഇവ വാങ്ങാൻ മാസങ്ങളായി തയ്യാറാകാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ഇതോടെ ഒട്ടുമിക്ക തൊഴിലാളികളും തങ്ങളുടെ ഹൃദയത്തോട് ചേർന്നു നിന്നിരുന്ന ഈ മേഖല ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിത്തുടങ്ങിയിട്ടുണ്ട്.

കയർ വ്യവസായവും
പലായനത്തിലേക്കോ?

കയർ മേഖലയെ പിടിച്ചുനിർത്താൻ സർക്കാർ അശ്രാന്ത പരിശ്രമം നടത്തുമ്പോഴും തമിഴ്‌നാട്ടിലേക്കുള്ള പലായനത്തിന്റെ പാതയിലാണ് കേരളത്തിലെ കയർ യൂനിറ്റുകൾ. എങ്കിലും കേരളത്തിലെ കയറിനെ വെല്ലാൻ തമിഴ്‌നാടിനാകില്ലെന്നു ലോകം സമ്മതിക്കുന്നുണ്ട്. കേരളത്തിലെ പല പഞ്ചായത്തുകളിലും മണ്ണൊലിപ്പു തടയുന്നതിനായി ഉപയോഗിക്കുന്ന കയർ ഭൂവസ്ത്രത്തിന്റെ നിർമാണവും ഇപ്പോൾ തമിഴ്‌നാട്ടിലേക്ക് കുടിയേറിക്കഴിഞ്ഞു. പണ്ട് ചകിരിച്ചോർ കത്തിച്ചു കളയുകയായിരുന്നെങ്കിൽ ഇന്ന് വളം ഉൾപ്പെടെയുള്ള പല ആവശ്യങ്ങൾക്കും വിദേശത്ത് ആവശ്യക്കാർ ഏറെയാണ്. എന്നാൽ, ഇതു കഴുകിയുണക്കി നൽകേണ്ടതുകൊണ്ട് ആരും അതിനു മെനക്കെടുന്നില്ലെന്നതാണ് വസ്തുത. കയർ വ്യവസായത്തിന്റെ ഉന്നമനത്തിനും ആളുകളെ ആകർഷിക്കാനുമായി ചകിരിനാരുകൊണ്ടുള്ള കയർ മ്യൂസിയം, കയർ ചരിത്ര മ്യൂസിയം, കയർ തൊഴിലാളി ചരിത്ര മ്യൂസിയം എന്നിവയെല്ലാം ആലപ്പുഴയിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ഒന്നേ പറയാനുള്ളൂ.’ മേഖല തകരരുത്…ആവശ്യത്തിനു ചകിരി കുറഞ്ഞ വിലയിൽ ലഭ്യമാക്കണം. തൊഴിലാളികൾക്കു മാന്യമായ വേതനം ലഭിക്കണം. കയർ സംഘങ്ങൾക്ക് ന്യായമായ പ്രവർത്തന മൂലധനം നൽകണം. കയർ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കണം, മതിയായ സബസിഡി നൽകണം….പുതിയ തലമുറയെ ഇതിലേക്ക് ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കണം. എങ്കിൽ മാത്രമേ ഈ മേഖലയിലെ മഹാജനതക്കു മുന്നോട്ടുപോകാനാകുകയുള്ളൂ. കേരളത്തിന്റെ തനതു ശക്തിയായ കയർ, ലോകത്തിനുമുമ്പിൽ ബലത്തോടെ തലയുയർത്തി ഇനിയും നിൽക്കണം; വിശ്വസാഹിത്യമായ തകഴിയുടെ “കയർ’ പോലെ. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കമിട്ട കയർത്തൊഴിലാളികളുടെ ചരിത്രം ആധുനിക കേരളത്തിന്റെ തന്നെ ചരിത്രമാണ്. നിരവധി ഇതിഹാസ തുല്യമായ സമരങ്ങളിലൂടെ കടന്നുവന്ന കയർത്തൊഴിലാളികളുടെ കഥ നമ്മുടെ നാടിന്റെ അിമാന അധ്യായമാണ്. ഈ വരികൾ കൂടി ഇതോടൊപ്പം ചേർത്തു മുഴങ്ങട്ടെ:

കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ
അതുപറയുമ്പോഴെന്നുടെനാടി
ന്നഭിമാനിക്കാൻ വകയുണ്ട്…
.