National
കളി തോറ്റതിന് യു പിയില്‍ അണ്ടര്‍ 11 ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് കോച്ചിന്റെ ക്രൂരമര്‍ദനം
പരിശീലകന്‍ മുഹമ്മദ് ശദാബ് മൂന്ന് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് വടിയും ബെല്‍ട്ടും ചെരിപ്പും ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയായിരുന്നു.
വാരാണസി| കളി തോറ്റതിന് അണ്ടര്‍ 11 ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് പരിശീലകന്റെ ക്രൂരമര്‍ദനം. വിവേക് സിങ് മിനി സ്‌റ്റേഡിയത്തിലായിരുന്നു കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസില്‍ വെള്ളിയാഴ്ച നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീം പരാജയപ്പെട്ടു.
തിരിച്ചു വന്നതിന് പിന്നാലെ ഡല്‍ഹിക്കാരനായ പരിശീലകന്‍ മുഹമ്മദ് ശദാബ് മൂന്ന് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് വടിയും ബെല്‍ട്ടും ചെരിപ്പും ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളോട് ക്രൂരത വിവരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ ശിവ്പൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി മാതാപിതാക്കള്‍ പരാതി നല്‍കി. കോച്ചിനെതിരെ ഐ.പി.സി 342, 504, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതിയായ കോച്ച് ശദാബ് ഒളിവിലാണ്.




