editorial
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ
അതേസമയം, കേന്ദ്ര ഏജന്‍സിയായ ഇ ഡിയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്ന ഒരു മറുവശമുണ്ട് കേസിന്. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണ ഏജന്‍സിയാണ് ഇ ഡി. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ആയുധമാണ് ഇ ഡിയെന്ന പരാതി വ്യാപകമാണ്.
നിര്‍ണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സി എം ആര്‍ എല്‍- എക്‌സാലോജിക് കേസ്. എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്, പിണറായിയുടെ മകള്‍ വീണ ടി എന്നിവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം ലഭിച്ച ശേഷമാണ് സര്‍ക്കാര്‍ നിയമനടപടികളിലേക്ക് നീങ്ങിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇ ഡിയുടെ ആരോപണത്തിന് തെളിവുണ്ടോ എന്ന പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. അഴിമതിക്കേസുകളില്‍ എഫ് ഐ ആറിടുന്നതിന് മുമ്പ് പ്രാഥമിക പരിശോധന നടത്താമെന്ന് 2013ല്‍ ലളിതകുമാരി കേസില്‍ സുപ്രീം കോടതി പരാമര്‍ശമുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ, സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്ന് യാതൊരു സേവനവും നല്‍കാതെ, കമ്പനിയുടെ നിയമപരമായ ചെലവുകള്‍ എന്ന വ്യാജേന വീണ കോടികള്‍ കൈപ്പറ്റിയെന്നാണ് ഇ ഡി ആരോപണം. ഈ പണം ഹവാല ഇടപാട് വഴി വിദേശത്തേക്ക് കടത്തിയെന്നും ഇ ഡി റിപോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം പക്ഷേ ആരോപണങ്ങള്‍ മാത്രമാണ്.
സത്യസന്ധമായ അന്വേഷണങ്ങള്‍ക്ക് ശേഷമേ വ്യക്തമായ നിഗമനത്തില്‍ എത്താനാകുകയുള്ളൂ. സി എം ആര്‍ എല്‍- എക്‌സാലോജിക് ഇടപാടില്‍ അവിഹിതവും നിയമവിരുദ്ധവുമായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതന്വേഷിച്ച് പുറത്തു കൊണ്ടുവരിക തന്നെ വേണം.
അതേസമയം, കേന്ദ്ര ഏജന്‍സിയായ ഇ ഡിയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്ന ഒരു മറുവശമുണ്ട് കേസിന്. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണ ഏജന്‍സിയാണ് ഇ ഡി. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ രാഷ്്ട്രീയ ആയുധമാണ് ഇ ഡിയെന്ന പരാതി വ്യാപകമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താനും നേതാക്കളെ കേസില്‍ കുടുക്കി ബി ജെ പിയിലെത്തിക്കാനുമുള്ള കേന്ദ്ര ഭരണകക്ഷിയുടെ ഇടയാളപ്പണിയാണ് പലപ്പോഴും ഈ അന്വേഷണ ഏജന്‍സി നിര്‍വഹിച്ചുവരുന്നത്. ഇടതുപക്ഷം മാത്രമല്ല, കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് അടക്കം മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഈ ആരോപണം ഏറ്റുപിടിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും ഇ ഡിയുടെ വേട്ടക്ക് വിധേയരായതാണ്. പ്രതിപക്ഷ നേതാക്കളെയല്ലാതെ കേന്ദ്ര ഭരണപക്ഷത്തെ നേതാക്കള്‍ ഇ ഡിയുടെ നടപടികള്‍ക്ക് വിധേയരാകാറില്ലെന്നതും ശ്രദ്ധേയം.
2014 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് കോടതികളില്‍ തെളിയിക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും ഇ ഡിക്ക് സാധിച്ചതെന്ന് 2025 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇ ഡിയുടെ പക്ഷപാതിത്വത്തിലേക്കും രാഷ്്ട്രീയ അജന്‍ഡകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഈ കണക്ക്. അന്വേഷണത്തില്‍ രാഷ്ട്രീയം കലരുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും അപരാധികള്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് നിഷ്പക്ഷ സ്വഭാവവും ഭരണതലത്തില്‍ നിന്ന് സമ്മര്‍ദങ്ങളില്ലാതെ സ്വതന്ത്രമായി അന്വേഷിക്കാനുള്ള സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമേ അവരുടെ കണ്ടെത്തലുകള്‍ക്ക് ജുഡീഷ്യറിയിലും ജനമനസ്സുകളിലും അംഗീകാരമുണ്ടാകുകയുള്ളൂ. സുപ്രീം കോടതി പലതവണ ഇ ഡിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ വിരല്‍ചൂണ്ടിയതാണ്.
മാത്രമല്ല, എക്‌സാലോജിക് കേസില്‍ വീണക്കെതിരെ നല്‍കിയ മൊഴിയില്‍ നിന്ന് സി എം ആര്‍ എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാര്‍, കമ്പനി എം ഡി ശശിധരന്‍ കര്‍ത്ത എന്നിവര്‍ പിന്നീട് പിന്‍വലിയുകയുമുണ്ടായി. ചോദ്യം ചെയ്യലിനിടെ ഇ ഡിയില്‍ നിന്ന് കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ നേരിട്ടതായും ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നും ഇ ഡി ഡയറക്ടര്‍ക്ക് അയച്ച റീട്രാക്്ഷന്‍ സ്റ്റേറ്റ്‌മെന്റില്‍ മൂവരും പറയുന്നു. എക്‌സാലോജിക് കമ്പനി സി എം ആര്‍ എല്ലിനു സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായ മൊഴി നല്‍കിയപ്പോള്‍ അത് തിരുത്തിപ്പറയാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രേ.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തില്‍ നിഷ്പക്ഷതയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ അന്വേഷണമെന്ന നിലയില്‍ നിയമനടപടികളില്‍ രാഷ്ട്രീയ ആവേശം പ്രകടിപ്പിക്കരുത്. മുന്‍ മുഖ്യമന്ത്രിയും മന്ത്രിയുമെന്ന കാരണത്താല്‍ കുറ്റാരോപിതര്‍ക്ക് പ്രത്യേക പരിരക്ഷയും നല്‍കരുത്. എക്‌സാലോജിക് കമ്പനി യഥാര്‍ഥത്തില്‍ സി എം ആര്‍ എല്ലിനു സേവനം നല്‍കിയിട്ടുണ്ടോ? അതിനു രേഖകളുണ്ടോ, നിയമവിരുദ്ധമായ ഇടപാടുകള്‍ നടന്നുവോ? ഇടപാടുകള്‍ക്ക് ഭരണതലത്തില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവോ? ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ സാക്ഷിമൊഴികള്‍ എത്രത്തോളം വസ്തുതാപരമാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മറുപടി ലഭ്യമാകേണ്ടതുണ്ട്. രാഷ്ട്രീയമായ കുറ്റപ്പെടുത്തലുകള്‍ക്കും മാധ്യമവിചാരണക്കുമപ്പുറം തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ അന്വേഷണമാണ് നടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും വേട്ടയാടുകയോ രാഷ്ട്രീയ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയോ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോകട്ടെ.
Content Highlights:
The Kerala government has ordered a preliminary probe into the CMRL-Exalogic case involving former CM Pinarayi Vijayan, Veena T, and PA Muhammad Riyas based on an ED recommendation. Legal action initiated following the Advocate General’s counsel aims to verify evidence before filing an FIR. CM VD Satheesan assured an impartial investigation driven strictly by facts and legal merit.



