Connect with us

National

'ഇത് താനും വിദ്യാര്‍ഥികളുമായുള്ള വിഷയം'; നല്‍സാറിലെ 2026 ബാച്ചിന്റെ എൻറോള്‍മെന്റ് തടഞ്ഞതില്‍ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

'2026 ബാച്ച് വിദ്യാര്‍ഥികളെ എന്റോള്‍ ചെയ്യുന്നതില്‍ നിന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലുകളെ വിലക്കിക്കൊണ്ടുള്ള ബി സി ഐയുടെ ഉത്തരവ് തീര്‍ത്തും അനാവശ്യം.'

Published

|

Last Updated

തെലങ്കാന | ഹൈദരാബാദ് ആസ്ഥാനമായുള്ള നല്‍സാര്‍ (NALSAR) ലോ യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് വിദ്യാര്‍ഥികളുടെ എൻറോള്‍മെന്റ് തടഞ്ഞ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI) നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ബാര്‍ അധികൃതര്‍ നിര്‍ദേശം പിന്‍വലിച്ചിരുന്നു.

2026 ബാച്ച് വിദ്യാര്‍ഥികളെ എന്റോള്‍ ചെയ്യുന്നതില്‍ നിന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലുകളെ വിലക്കിക്കൊണ്ടുള്ള ബി സി ഐയുടെ ഉത്തരവ് തീര്‍ത്തും അനാവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടികളൊന്നും പാടില്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ചതിനെതിരെ നല്‍സാര്‍ 2026 ബാച്ച് വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്സിറ്റി ഓഫ് ലോ (NALSAR) യോട് ബി സി ഐ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ ബിരുദം നേടുന്ന വിദ്യാര്‍ഥികളെ എന്റോള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ സംസ്ഥാന കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, കടുത്ത പ്രതിഷേധമുയര്‍ന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ ഉത്തരവ് പിന്‍വലിച്ചു.

താനും വിദ്യാര്‍ഥികളും തമ്മിലുള്ള ഒരു വിഷയമായതിനാല്‍ ബി സി ഐക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു. അല്‍പകാലം മാത്രം നിലനിന്ന സര്‍ക്കുലറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം വന്നപ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണങ്ങളുണ്ടായത്. ‘വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, അവരും ചീഫ് ജസ്റ്റിസും തമ്മിലുള്ള സംഭാഷണം മാത്രമാണതെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.

ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബഞ്ച്, ഹരജിയില്‍ മറുപടി ആവശ്യപ്പെട്ട് ബി സി ഐക്ക് നോട്ടീസ് അയച്ചു. കൂടാതെ, ബി സി ഐയുടെയോ ഏതെങ്കിലും സംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെയോ നിര്‍ദേശപ്രകാരം നല്‍സാര്‍ (NALSAR) സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ എതിരെ ശിക്ഷാ നടപടികളൊന്നും പാടില്ലെന്നും കോടതി ഉത്തരവിട്ടു. സര്‍ക്കുലര്‍ പിന്‍വലിച്ചതായി ബി സി ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബഞ്ചിനെ അറിയിച്ചു. തുടര്‍ന്ന്, കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

എങ്ങനെയാണ് വിവാദം ഉടലെടുത്തത്?
സര്‍വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങില്‍ അധ്യക്ഷത വഹിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ചതിനെതിരെ നല്‍സാറിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കഴിഞ്ഞാഴ്ച രംഗത്തെത്തിയിരുന്നു. 2026-ലെ ബാച്ചിലെ 450-ലധികം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രൊഫസര്‍മാര്‍, മറ്റ് സര്‍വകലാശാലാ അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനത്തില്‍ പുനര്‍ചിന്തനം നടത്തണമെന്നായിരുന്നു ആവശ്യം.

സമീപകാലത്തെ നീതിന്യായ നടപടികളിലുള്ള ആശങ്കകള്‍ വിദ്യാര്‍ഥികള്‍ കത്തില്‍ ഉന്നയിച്ചിരുന്നു. പ്രത്യേകിച്ച്, ജൂലൈ 20-ന് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലിമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്ത രീതിയെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു.

ആഗസ്റ്റ് 13ന് വ്യാഴാഴ്ച, നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ 2026-ലെ ബിരുദധാരികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യരുതെന്ന് ബി സി ഐ എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും നിര്‍ദേശം നല്‍കി. എന്നാല്‍, സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഉത്തരവ് പിന്‍വലിച്ചു.

ചീഫ് ജസ്റ്റിസ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരായ പ്രചാരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും ഉത്തരവാദികളെ കണ്ടെത്തുന്നതിനായി റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും ബി ജെ പി രാജ്യസഭാ എം പി കൂടിയായ ബി സി ഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ ആദ്യ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, തങ്ങളുടെ മുന്നിലുള്ള വിവരങ്ങള്‍ പരിഗണിച്ച് ആഗസ്റ്റ് 19-ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അഭിഭാഷകരുടെ ഉന്നത സമിതി അറിയിച്ചു.

പിന്നാട് ബി സി ഐ തീരുമാനം മാറ്റുകയും, നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ 2026-ലെ ബിരുദധാരികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ സംസ്ഥാന ബാര്‍ കൗണ്‍സിലുകളെ അനുവദിക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും നിരപരാധികളാണെന്നും, ചുരുക്കം ചിലരുടെ തെറ്റായ പെരുമാറ്റത്തിന്റെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയുമുണ്ടായി.

Content Highlights:
The Chief Justice of India strongly criticized NALSAR for obstructing student enrollment. CJI stated that the matter strictly remains an internal issue between the university and its students. The court addressed administrative actions impacting higher legal education admissions.

 

Latest