Connect with us

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പര്യടനത്തിനു തുടക്കമായി

സംസ്ഥാനത്തുടനീളം 60 പ്രചാരണയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും

Published

|

Last Updated

തിരുവനന്തപുരം | ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണം കൊഴുപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പര്യടനത്തിനു തുടക്കമായി. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന്‌റാലികള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സി പി ഐസ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനുവേണ്ടിയുള്ള പ്രചാരണ യോഗത്തിലാണു പര്യടനത്തിനു തുടക്കമായത്. രാവിലെ തന്നെ വന്‍ ജനാവലി അണി നിരന്ന യോഗത്തില്‍ പൗരത്വ നിയമ ഭേദഗതി സൃഷ്ടിക്കുന്ന ഭീതിയില്‍ ഊന്നിയായിരുന്നു മുഖ്യ മന്ത്രിയുടെ പ്രസംഗം.

ബി ജെപി ആകാവുന്ന ശ്രമങ്ങള്‍ എല്ലാം നടത്തിയാലും കേരളത്തില്‍ ജയിക്കില്ല. മതനിര പേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബി ജെ പിക്കുള്ളത്. ജനങ്ങള്‍ ബി ജെ പിയെ ഇവിടെ തിരസ്‌കരിച്ചതാണ്. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണം. അതിന് കോട്ടം തട്ടുന്ന കാര്യങ്ങള്‍ ഉണ്ടായപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. ബി ജെ പി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണ്. ഇത് ലോകത്തിന് മുന്നില്‍ ദുഷ്‌കീര്‍ത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയര്‍ന്നിരിക്കുന്നു.
അമേരിക്കയും ജര്‍മ്മനിയും ഈ ചോദ്യം ചോദിച്ചു കഴിഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങള്‍ കാണുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു. സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്തുണ്ടാകുന്നു.ദേശീയോഗ്രഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞതവണ കേരളത്തില്‍ നിന്നു ജയിച്ചു പോയ യു ഡി എഫ് എം പി മാര്‍ക്ക് വോട്ടു ചെയ്തു വിജയിപ്പിച്ച ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ നിസ്സംഗതയാണ് പാര്‍ലമെന്റില്‍ കണ്ടത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ജനത്തെ രണ്ടാകിയപ്പോള്‍ കോണ്‍ഗ്രസ് ബി ജെ പി നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് എംപി മാര്‍ ശബ്ദിച്ചില്ല. അവര്‍ സംസ്ഥാനത്തെ കുറ്റം പറഞ്ഞിരുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിക്കുന്നു.

കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ് നടന്നത്. കടമെടുക്കാനുള്ള അവകാശം നിഷേധിച്ചു.അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഒന്നാം പ്രതി ബി ജെ പി സര്‍ക്കാരാണ്.അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോണ്‍ഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പ്രധാന ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന മുഖ്യ പ്രചാരകന്‍ എന്ന നിലയിലാണു പിണറായിയുടെ പര്യടനം.

ഇന്നു തുടക്കമിടന്ന പര്യടനം പൂര്‍ത്തീകരിക്കുമ്പോള്‍ സംസ്ഥാനത്തുടനീളം 60 പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. തിരുവനന്തപുരത്ത് ഇന്നു മൂന്ന് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണഘടന സംരക്ഷണ സമിതി നടത്തിയ ആറ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വന്‍ ജനാവലിയെ അണിനിരത്താനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. മുഖ്യമന്ത്രിക്കു പിന്നാലെ സി പി എം കേന്ദ്ര നേതാക്കളും സംസ്ഥാനത്ത് എത്തും.

 

Latest