Connect with us

flight protest

ഇ പി ജയരാജനെതിരായ കേസ്: യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ്

ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരോടാണ് തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | ഇ പി ജയരാജനെതിരെ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പോലീസ് നോട്ടീസ്. വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തണമെന്നാണ് വലിയതുറ സ്റ്റേഷന്‍ ഓഫീസര്‍ നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്നാണ് ഇരുവരും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതില്‍ വധശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.