Connect with us

Ongoing News

പ്രൈം വോളി ലീഗില്‍ കുതിപ്പ് തുടര്‍ന്ന് കാലിക്കറ്റ് ഹീറോസ്; ഹൈദരാബാദിനെ തകര്‍ത്ത് സെമിയില്‍

Published

|

Last Updated

ഹൈദരാബാദ് | ഹൈദരാബാദ് ബ്ലാക് ഹോക്സിനെ അഞ്ച് സെറ്റുകള്‍ക്ക് തകര്‍ത്ത് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബോള്‍ ലീഗിന്റെ സെമിയില്‍. സ്‌കോര്‍: 15-14, 15-10, 15-14, 15-14, 15-9. കാലിക്കറ്റിന്റെ യു എസ് താരം ഡേവിഡ് ലീ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ നിര്‍ണായകമായ ബോണസ് പോയിന്റും നേടിയാണ് കാലിക്കറ്റ് സെമിയിലേക്ക് കുതിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ചെന്പട ഏഴ് പോയിന്റുമായി പട്ടികയില്‍ രണ്ടാമതെത്തി.

എസ് വി ഗുരു പ്രശാന്തിന്റെ മികവില്‍ ബ്ലാക് ഹോക്സ് ആദ്യ സെറ്റില്‍ 11-9ന് മുന്നിലെത്തി. ഉടനെ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് സ്‌കോര്‍ 11-11ല്‍ എത്തിച്ചു. 14-14ല്‍ നില്‍ക്കെ വിഘ്നേഷ് രാജിന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് 15-14ന് സ്വന്തമാക്കി. ഡേവിഡ് ലീയുടെ മികച്ച പ്രകടനത്തിലൂടെ രണ്ടാം സെറ്റില്‍ ഹീറോസ് 5-1ന്റെ വലിയ ലീഡ് നേടി. ക്യാപ്റ്റന്‍ ജെറോം വിനീതും അജിത്ലാലും മികച്ചു നിന്നതോടെ കാലിക്കറ്റ് 15-10ന് രണ്ടാം സെറ്റ് അവസാനിച്ചു. മൂന്നാം സെറ്റില്‍ ബ്ലാക്ക് ഹോക്സ് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. അമിത് ഗുലിയയുടെ രണ്ട് മികച്ച സ്പൈക്കുകള്‍ അവര്‍ക്ക് 6-4ന് ലീഡ് നല്‍കി. എന്നാല്‍ അബില്‍ കൃഷ്ണന്‍, ജെറോം വിനീത് എന്നിവരിലൂടെ ഹീറോസ് തിരിച്ചടിച്ചു. സ്‌കോര്‍ 14-14ലെത്തിച്ച കേരളം 15-14ന് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റ് 15-14ന് ടീം നേടി. ബോണസ് പോയിന്റ് ലക്ഷ്യമിട്ട് കളിച്ച ഹീറോസ് അവസാന സെറ്റില്‍ വന്‍ ലീഡുമായി കുതിച്ചു. 10-4ന് ലീഡെടുത്ത കാലിക്കറ്റ് ക്യാപ്റ്റന്റെ സ്മാഷില്‍ ആധിപത്യം തുടര്‍ന്ന് 15-9ന് അവസാന സെറ്റും അക്കൗണ്ടിലാക്കി.