Connect with us

bishop rape case

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് കുറ്റവിമുക്തന്‍

ഫ്രാങ്കോക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി

Published

|

Last Updated

കോട്ടയം | കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തന്‍. ഫാങ്കോയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജി ഗോപകുമാര്‍ വെറുതെവിട്ടു. ഫ്രാങ്കോക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് വിധി പ്രസ്താവനയില്‍ ഫ്രാങ്കോ പ്രതികരിച്ചത്‌. കോടതിക്ക് പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെയടക്കം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞു.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്‌. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളുമാണ് കേസില്‍ പ്രധാനമായുണ്ടായിരുന്നത്. കേസിലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകള്‍ ഇരക്കൊപ്പം നിന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. കേസില്‍ ഒരു സാക്ഷി പോലും കൂറുമാറിയില്ലെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളെല്ലാം പറയുന്നത് പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ഫ്രാങ്കോയുടെ അഭിഭാഷകന്‍ പറഞ്ഞു.

ദേശീയ ശ്രദ്ധ ആകര്‍ശിച്ച കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. കന്യാസ്ത്രീ താമസിച്ചിരുന്ന കുറുവിലങ്ങാട് മഠത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിധി കേള്‍ക്കാനായി പിന്‍വാതിലിലൂടെയാണ് ഫ്രാങ്കോ കോടതിയിലെത്തിയത്.

105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂര്‍ത്തിയാക്കി.

2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. ഒടുവില്‍ വിചാരണ കഴിഞ്ഞപ്പോള്‍ ഫ്രാങ്കോ കുറ്റവിമുക്തനാകുകയായിരുന്നു.

Latest