Connect with us

Kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊല; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

തിരുവനന്തപുരം വനിതാ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് അനുശാന്തി

Published

|

Last Updated

ന്യുഡല്‍ഹി |  ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യമെന്നും ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ്

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍ ഈ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കിയിട്ടില്ല. ഈ ഹരജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും വിശദമായവാദം പിന്നീട് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം വനിതാ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് അനുശാന്തി. മുന്‍പ് നേത്രരോഗത്തിന് ചികിത്സയ്ക്കായി പരോള്‍ ആവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് രണ്ട് മാസത്തെ പരോള്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തിരുന്നു. മയോപ്പിയ എന്ന രോഗമാണ് അനുശാന്തിയെ ബാധിച്ചിരിക്കുന്നതെന്നും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായും ചികിത്സ ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഉടന്‍ നഷ്ടമാകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.

2014 ഏപ്രിലിലാണ് സംഭവം നടന്നത്. നാല് വയസുകാരിയായ സ്വന്തം മകൾ സ്വാസ്‌തികയും ഭർത്താവിൻ്റെ അമ്മയായ ഓമനയും കൊല്ലപ്പെട്ട കേസിലാണ് അനുശാന്തി ജയിലിലായത്.കാമുകൻ നിനോ മാത്യുവിനൊപ്പം ചേർന്നാണ് അനുശാന്തി ക്രൂരകൃത്യം നടത്തിയത്. ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തിക്കൊപ്പം ജീവിക്കാനാണ് നിനോ മാത്യു കൊലകൾ നടത്തിയത്.കൊലപാതകത്തിനുള്ള സഹായങ്ങൾ അനുശാന്തി നിനോ മാത്യൂവിന് നൽകുകയായിരുന്നു. അനുശാന്തിയുടെ ഭർത്താവായ ലിജീഷ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.2016 ഏപ്രിലിൽ പ്രതി നീനോ മാത്യുവിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അനുശാന്തിയ്‌ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു

---- facebook comment plugin here -----

Latest