Connect with us

kalamandalam gopi

പത്മഭൂഷണ്‍ വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമം; കലാമണ്ഡലം ഗോപി ആശാനെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി നടത്തിയ നീക്കം ചര്‍ച്ചയായത്.

Published

|

Last Updated

തൃശൂര്‍ | കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന് പത്മഭൂഷണ്‍ വാഗ്ദാനം ചെയ്ത് തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാനുള്ള നീക്കം ചീറ്റി.
ഗോപിയാശാനെ സ്വാധീനിക്കാന്‍ താനോ ബി ജെ പിയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തുവന്നു.
കലാമണ്ഡലം ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി നടത്തിയ നീക്കം ചര്‍ച്ചയായത്. സമൂഹം വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം രഘു പോസ്റ്റ് പിന്‍വലിച്ചിരുന്നു.
സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്.
കലാമണ്ഡലം ഗോപിയാശാനെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബ ഡോക്ടര്‍ തന്നെ വിളിച്ചിരുന്നുവെന്നാണ് മകന്‍ പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപിയോട് വരേണ്ടതില്ലെന്ന് പറയുകയായിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്.
കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Latest