Connect with us

Kuwait

ഇസ്ലാമിക് ബേങ്കുകളുടെ ആസ്തി; ആഗോളതലത്തില്‍ കുവൈത്ത് അഞ്ചാമത്

കുവൈത്ത് സാമ്പത്തിക പ്രകടനത്തില്‍ 42 പോയിന്റുകള്‍ സ്‌കോര്‍ ചെയ്ത് ലോകത്ത് നാലാമതെത്തി. ഗള്‍ഫില്‍ രണ്ടാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ആഗോള ഇസ്ലാമിക് ഫിനാന്‍സ് വ്യവസായത്തിന്റെ വലിപ്പം 2021ലെ നാല് ട്രില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2026ഓടെ 5.9 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് വിലയിരുത്തല്‍. ഇസ്ലാമിക് ബേങ്കുകളും സുകുക്കും ആണ് ഈ വളര്‍ച്ചയിലേക്ക് നയിക്കുക. ലോകത്തിലെ കമ്പനികള്‍ക്കും സ്പെഷ്യലിസ്റ്റുകള്‍ക്കുമായി സ്മാര്‍ട്ട് വിവരങ്ങള്‍ നല്‍കുന്ന മുന്‍ നിര ദാതാക്കളില്‍ ഒരാളായ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ റിഫിനിറ്റീവ് പുറത്തിറക്കിയ 2022 ഇസ്ലാമിക് ഫിനാന്‍സ് ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് പ്രകാരമാണ് ഈ വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നത്.

113 പോയിന്റുമായി മലേഷ്യ ഈ വര്‍ഷം ഇസ്ലാമിക് ഫിനാന്‍സ് ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് പട്ടികയില്‍ ഒന്നാമതെത്തി. സഊദി അറേബ്യ (74), ഇന്തോനീഷ്യ (61), ബഹ്റൈന്‍ (59), കുവൈത്ത് (59), യു എ ഇ (52), ഒമാന്‍ (48) പാകിസ്ഥാന്‍ (43), ഖത്വര്‍ (38), ബംഗ്ലാദേശ് (36) എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങള്‍ക്ക് ലഭിച്ച പോയിന്റ്.

കുവൈത്ത് സാമ്പത്തിക പ്രകടനത്തില്‍ 42 പോയിന്റുകള്‍ സ്‌കോര്‍ ചെയ്ത് ലോകത്ത് നാലാമതെത്തി. ഗള്‍ഫില്‍ രണ്ടാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. ഗവേണന്‍സില്‍ 75 പോയിന്റുകളുമായി ലോകത്ത് അഞ്ചാം റാങ്കും ഗള്‍ഫില്‍ മൂന്നാം സ്ഥാനവും കുവൈത്ത് നേടി. രാജ്യത്തെ ഇസ്ലാമിക് ഫിനാന്‍സ് മേഖലയുടെ ആസ്തി 2021ല്‍ 153 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇത് കുവൈത്തിനെ ലോകത്ത് ആറാം സ്ഥാനത്തും ഗള്‍ഫില്‍ നാലാമതും എത്തിച്ചു.

കുവൈത്തിലെ ഇസ്ലാമിക് ബേങ്കിംഗ് മേഖലയുടെ ആസ്തി മൂല്യത്തിന്റെ കാര്യത്തില്‍ സഊദി അറേബ്യക്കും യു എ ഇക്കും ശേഷം ഗള്‍ഫില്‍ മൂന്നാമതും ആഗോള തലത്തില്‍ അഞ്ചാമതും ആണ് കുവൈത്ത്. 2021ലെ മൂല്യം 134 ബില്യണ്‍ ആയാണ് ഉയര്‍ന്നത്.

 

Latest