Connect with us

International

നീലത്തിമിംഗലങ്ങള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണോ

കാലിഫോര്‍ണിയ തീരത്തെ നീലത്തിമിംഗലങ്ങള്‍ അവയുടെ സാധാരണ സംഖ്യ വീണ്ടെടുത്തതായും സുസ്ഥിരമായ നിലയിലേക്ക് മടങ്ങിയെത്തിയതായും ഗവേഷകര്‍ വിലയിരുത്തുന്നു.

Published

|

Last Updated

ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. 24 മുതല്‍ 30 മീറ്റര്‍ വരെ നീളമുള്ള അവ ആകര്‍ഷകമായ ജീവികള്‍ കൂടിയാണ്. ഏകദേശം 5000 മുതല്‍ 15,000 വരെ നീലത്തിമിംഗലങ്ങള്‍ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്നാണ് മുന്‍പത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് അവ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്നാണ് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍. 1868ല്‍ വടക്കന്‍ അറ്റ്‌ലാന്‍ഡിക്കില്‍ ആരംഭിച്ച ലോകമെമ്പാടുമുള്ള വാണിജ്യ തിമിംഗലവേട്ട കാരണം നീലത്തിമിംഗലങ്ങളുടെ എണ്ണം 89 മുതല്‍ 97 ശതമാനം വരെ കുറഞ്ഞു.

1966ലെ തിമിംഗല വേട്ട നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനാണ് വാണിജ്യ തിമിംഗല വേട്ടയില്‍ നിന്ന് തിമിംഗലങ്ങളെ രക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവയെ സമുദ്ര സസ്തനി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ നീലത്തിമിംഗലങ്ങളുടെ പുനരുജീവനം സാധ്യമായിരിക്കുന്നു എന്നാണ് വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 2014 പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് 1970 കളില്‍ തിമിംഗലവേട്ട നിരോധിച്ചതിനുശേഷം വെസ്റ്റ് കോസ്റ്റ് നീല തിമിംഗലങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. ഈ അളവ് 97% എത്തിയെന്നും പഠനം വിലയിരുത്തി. കാലിഫോര്‍ണിയ തീരത്തെ തിമിംഗലങ്ങളുടെ എണ്ണം കൂടിയതോടെ സഞ്ചാരികള്‍ക്കും തിമിംഗലത്തെ ഇടയ്ക്കിടയ്ക്ക് കാണാമെന്ന അവസ്ഥ വരെ എത്തി. കാലിഫോര്‍ണിയ തീരത്തെ നീലത്തിമിംഗലങ്ങള്‍ അവയുടെ സാധാരണ സംഖ്യ വീണ്ടെടുത്തതായും സുസ്ഥിരമായ നിലയിലേക്ക് മടങ്ങിയെത്തിയതായും ഗവേഷകര്‍ വിലയിരുത്തുന്നു.

അക്വേറിയം ഓഫ് പസഫിക് ഉള്‍പ്പടെ വിവിധ സംഘടനകളുടെയും ഏജന്‍സികളുടെയും സ്ഥാപനത്തിന്റെയും മേല്‍നോട്ടത്തിലാണ് തിമിംഗലങ്ങളുടെ ഈ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. തിമിംഗലങ്ങളുടെ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക ശ്രമങ്ങള്‍ നടത്തുന്നതുള്‍പ്പടെ കടല്‍പ്പാത സജ്ജീകരിക്കുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ തിമിംഗലങ്ങളുടെ പുനരുജീവനത്തിന് സഹായിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മാരി ടൈം ഓര്‍ഗനൈസേഷന്‍, നാഷണല്‍ ഓഷ്യാനിക്, അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍, യൂണിറ്റഡ് സ്റ്റേറ്റ്‌സ് കോസ്റ്റ് ഗാര്‍ഡ് എന്നിവ ഒരുമിച്ചാണ് കടല്‍ പാതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. മനുഷ്യരുടെയും സ്ഥാപനങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വംശനാശം വന്ന ഒരു ജീവിയെ തിരിച്ചുകൊണ്ടുവരാം എന്ന നല്ല മാതൃക കൂടിയാണ് തിമിംഗലങ്ങളുടെ ഈ തിരിച്ചുവരവ് രേഖപ്പെടുത്തുന്നത്.